Quantcast

പ്രളയത്തിനു ശേഷം കിണർ ശുദ്ധീകരണം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആശാ പ്രവർത്തകർ വഴി പൊതുജനാരോഗ്യ കേന്ദ്രങ്ങൾ (പി.എച്ച്.സി)കൾ വിതരണം ചെയ്യുന്ന ബ്ലീച്ചിങ് പൗഡറോ കടകളിൽ നിന്നു വാങ്ങുന്ന ബ്ലീച്ചിങ് പൗഡറോ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യാം.

MediaOne Logo

പി.എം സാദിഖ്

  • Published:

    12 Aug 2019 12:19 PM IST

പ്രളയത്തിനു ശേഷം കിണർ ശുദ്ധീകരണം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
X

പ്രളയത്തിനു ശേഷമുള്ള ശുചീകരണ പ്രവൃത്തിയിലാണല്ലോ നമ്മിൽ പലരും. വീടും പരിസരവും വൃത്തിയാക്കുന്നതിനൊപ്പം ഏറ്റവുമധികം ശ്രദ്ധവേണ്ട ഒന്നാണ് കിണർ ശുദ്ധീകരണം. പ്രളയജലം ഇറങ്ങിക്കഴിയുമ്പോൾ ആരോഗ്യപ്രവർത്തകരുടെ പ്രധാന ആശങ്ക ജലജന്യ രോഗങ്ങളുടെ വ്യാപനമാണ്. ഇത് തടയാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ശുദ്ധജലത്തിനായി ആശ്രയിക്കുന്ന കിണർ അടക്കമുള്ള സ്രോതസ്സുകൾ കണിശമായി വൃത്തിയാക്കുക എന്നത്.

അനിയന്ത്രിതമായി ഉയർന്നുപൊങ്ങിയ മലിനജലം കലർന്നതിനാൽ അണുമലിനീകരണം, കലക്ക്, pH മൂല്യം കുറവ് എന്നിവ കിണർജലത്തിലുണ്ടാകുന്ന സന്ദർഭമാണിത്. വെള്ളത്തിന്റെ അസഡിറ്റി കൂടുന്നതാണ് പി.എച്ച് കുറയുന്നതിന് കാരണം. കിണർജലം കുടിവെള്ളമായി ഉപയോഗിക്കുന്നതിന് മുമ്പ് മലിനീകരിക്കപ്പെട്ട കിണർ വെള്ളം അണുവിമുക്തമാക്കുകയും കലക്ക്മാറ്റി ശുദ്ധിയാക്കുകയും ചെയ്യേണ്ടതുണ്ട്.

വെള്ളം അണുവിമുക്തമാക്കുന്നതിന് ക്ലോറിനേറ്റ് ചെയ്യണം. ആശാ പ്രവർത്തകർ വഴി പൊതുജനാരോഗ്യ കേന്ദ്രങ്ങൾ (പി.എച്ച്.സി)കൾ വിതരണം ചെയ്യുന്ന ബ്ലീച്ചിങ് പൗഡറോ കടകളിൽ നിന്നു വാങ്ങുന്ന ബ്ലീച്ചിങ് പൗഡറോ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യാം. കിണർ വെള്ളത്തിന്റെ അളവ് കണക്കാക്കുകയാണ് ഇതിന് ആദ്യം ചെയ്യേണ്ടത്. 3.14 x r x r x h x1000 (3.14 X കിണർ വട്ടത്തിന്റെ അർധവ്യാസം X കിണർ വട്ടത്തിന്റെ അർധവ്യാസം X കിണറിലെ വെള്ളത്തിന്റെ ഉയരം - മീറ്ററിൽ X 1000) എന്ന ഫോർമുല ഉപയോഗിച്ച് ജലത്തിന്റെ അളവ് കണക്കാക്കാം. ആയിരം ലിറ്ററിന് അഞ്ച് ഗ്രാം ബ്ലീച്ചിങ് പൗഡർ വരെ ആവാം. ഒരു വലിയ സ്പൂണിൽ നിറച്ചെടുത്താലും മതി. കടകളിൽ നിന്നും വാങ്ങുന്ന പാക്കറ്റുകളിൽ ഉപയേഗിക്കേണ്ട രീതി രേഖപ്പെടുത്താറുണ്ട്.

വെള്ളത്തിന്റ അളവനുസരിച്ച് ബ്ലീച്ചിങ് പൗഡർ എടുത്ത് ഒരു ബക്കറ്റിൽ വെള്ളമെടുത്ത് അതിൽ ലയിപ്പിക്കുക. 5-10 മിനുട്ട് കൊണ്ട് ലയിച്ചതിന് ശേഷം ഇതിന്റെ തെളി, കനമുള്ള ബക്കറ്റിലാക്കി കിണറിലേക്കിറക്കുക. ഈ ബക്കറ്റ് കഴിയാവുന്നത്ര താഴ്ചയിൽ ഇറക്കി കിണർവെള്ളത്തിൽ കലർത്തുക. കുറഞ്ഞത് ഒരു മണിക്കൂർ വെള്ളം ഇളക്കാതെ വെക്കുക.

കിണർ വെള്ളം തെളിയുന്നതിനും ശുദ്ധീകരിക്കുന്നതിനുമുള്ള ചെലവു കുറഞ്ഞ മാർഗ്ഗമാണ് ലൈം ട്രീറ്റ്‌മെന്റ്. കുമ്മായം തുണിയിൽ പൊതിഞ്ഞ് കിഴികളാക്കി കിണറിൽ ഒരടിയോളം ആഴത്തിൽ കെട്ടിയിറക്കുന്നതാണ് ഇത്. കിഴിയിൽ നിന്ന് കുമ്മായം സാവധാനത്തിൽ കിണർ വെള്ളത്തിൽ ലയിച്ചു കൊള്ളും. ഒരു കിലോയോളം വരുന്ന ഒന്നോ, രണ്ടോ കിഴികൾ ഒരു കിണറ്റിൽ കെട്ടിയിറക്കാവുന്നതാണ്. വാട്ടർ ടാങ്കിലാണെങ്കിൽ അര കിലോ വരുന്ന കുമ്മായത്തിന്റെ കിഴി കെട്ടിത്തൂക്കിയാൽ മതിയാവും.

ഹാർഡ് വെയർ, വളം കടകളിൽ നിന്ന് വാങ്ങുന്ന ഇത്തിൾ നീറ്റി കുമ്മായം ആക്കുന്നതാണ് കൂടുതൽ ഫലപ്രദം. ഇത്തിൾ മുറ്റത്തിട്ട് അൽപം വെള്ളം തൂകി 20 മുതൽ 30 മിനുട്ട് വരെ കാത്തിരുന്നാൽ അത് പൊടിഞ്ഞ് കുമ്മായം ആയിട്ടുണ്ടാവും. ഇത്തിളിൽ വെള്ളം ഒഴിച്ച് അതിന് മേൽ ചണച്ചാക്ക് വിരിക്കുന്നത് നല്ലതാണ്. ഇത്തിളിൽ വെള്ളം ഒഴിച്ചാൽ അത് വലിയ തോതിൽ ചൂടാകും. ആ സമയത്ത് ഇത്തിളിൽ തൊട്ടാൽ പൊള്ളൽ ഏൽക്കുമെന്നതിനാൽ ശ്രദ്ധ വേണം.

(മലിനീകരണ നിർണയ, ശാസ്ത്രീയ പരിഹാര സ്ഥാപനമായ ബയോ എന്‍വിറോണ്‍ ടെക്ക് എക്സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകന്‍)

TAGS :

Next Story