Quantcast

എച്ച്.ഐ.വി എന്ന് തെറ്റായ പരിശോധനാഫലം; മനംനൊന്ത് കോമയിലായ യുവതിക്ക് ദാരുണാന്ത്യം

MediaOne Logo

Web Desk 4

  • Published:

    30 Aug 2019 9:56 PM IST

എച്ച്.ഐ.വി എന്ന് തെറ്റായ പരിശോധനാഫലം; മനംനൊന്ത് കോമയിലായ യുവതിക്ക് ദാരുണാന്ത്യം
X

ഹിമാചല്‍ പ്രദേശില്‍ യുവതിക്ക് എച്ച്.ഐ.വി എന്ന് തെറ്റായി പരിശോധനാഫലത്തില്‍ രേഖപ്പെടുത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു‍. പരിശോധനാഫലം അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ മാനസികാഘാതത്തില്‍ യുവതി മരിച്ചു.

20കാരിയായ യുവതിയെ ഗര്‍ഭ സംബന്ധമായ സങ്കീര്‍ണതയെ തുടര്‍ന്നാണ് റോഹ്രുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഭ്രൂണത്തിന്‍റെ വളര്‍ച്ചയില്‍ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയതോടെ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. പിന്നാലെ നടത്തിയ പരിശോധനയിലാണ് യുവതി എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് രേഖപ്പെടുത്തിയത്. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനോടും എച്ച്.ഐ.വി പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഈ സംഭാഷണം കേട്ട യുവതി ബോധരഹിതയാവുകയും കോമ അവസ്ഥയിലെത്തുകയും ചെയ്തു.

എന്നാല്‍ ഷിംല ഇന്റഗ്രേറ്റഡ് കൗണ്‍സലിങ് ആന്റ് ടെസ്റ്റിങ് സെന്ററില്‍ നടത്തിയ പരിശോധനയില്‍ യുവതിക്ക് എയ്ഡ്സില്ല എന്ന് തെളിഞ്ഞു. അപ്പോഴേക്കും കോമയിലായ യുവതിയുടെ നില ഗുരുതരമായിരുന്നു. ശരിയായ ഫലം വന്നപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് കേട്ടപ്പോള്‍ അവള്‍ക്ക് ആഘാതം താങ്ങാനായില്ലെന്നും മരിച്ചുപോയെന്നും യുവതിയുടെ സഹോദരന്‍ പറഞ്ഞു.

യുവതിയുടെ മരണ കാരണം വ്യക്തമായിട്ടില്ലെന്നും എച്ച്‌.ഐ.വി പോസിറ്റീവ് എന്ന് തെറ്റായി രേഖപ്പെടുത്തിയതിന് സ്വകാര്യ ക്ലിനിക്കിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഹിമാചല്‍ മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നിയമസഭയില്‍ റോഹ്രുവിലെ കോണ്‍ഗ്രസ് എം.എല്‍.എ വിഷയം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

TAGS :

Next Story