ഇക്കിള്‍ ഒരു പ്രശ്നക്കാരനാണോ?
ഇക്കിൾ വന്നിട്ടില്ലാത്തവരാരും ഉണ്ടാകില്ല. എന്നാൽ ഇക്കിളിനെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത കുറേ കാര്യങ്ങളുണ്ട്

എന്നെപ്പറ്റി എവിടെയോ ഇരുന്ന് ആരൊ പറയുന്നുണ്ട്" ഇക്കിൾ വരുമ്പോൾ സ്ഥിരം ഡയലോഗാണ്. ഇക്കിൾ എന്ത് കൊണ്ടാണ് ഉണ്ടാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഇക്കിൾ വന്നിട്ടില്ലാത്തവരാരും ഉണ്ടാകില്ല. എന്നാൽ ഇക്കിളിനെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത കുറേ കാര്യങ്ങളുണ്ട്. ചെറിയ കാരണങ്ങൾ തൊട്ട് വലിയ അസുഖങ്ങൾ വരെ ഇക്കിളിന്റെ കാരണങ്ങളാണ്. ഇക്കിൾ വന്ന് പോകുന്നത് കൊണ്ട് നമ്മൾ അത്ര കാര്യമാക്കാറില്ല. ദിവസം മൊത്തം ഇക്കിൾ ഉള്ളതൊന്ന് ആലോചിച്ചു നോക്കു. വിട്ടുമാറാത്ത ഇക്കിൾ നമ്മുടെ ഉറക്കത്തെയും മാനസികാരോഗ്യത്തെയും സാരമായി ബാധിക്കും.
അസ്വസ്ഥതയുളവാക്കുന്ന ഒരവസ്ഥയാണീ ഇക്കിൾ അല്ലെങ്കിൽ ഹിക്കപ് (Hiccup). പ്രായ ഭേദമന്യേ അതാർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാം. ഏറ്റവുമധികം ഇക്കിളുണ്ടാകുന്നത് ഗർഭസ്ഥശിശുക്കളിലാണ്. ഇക്കിൾ പലപ്പോഴും കുറച്ചു സെക്കന്റുകൾ കൊണ്ടോ മിനുറ്റുകൾക്കുള്ളിലോ വന്നുപോകുകയാണ് പതിവ്. എന്നാൽ അപൂർവ്വമായി ദിവസങ്ങളോളം ഇക്കിൾ നീണ്ടുനിൽക്കാറുമുണ്ട്.
എന്താണീ ഇക്കിൾ?
നമ്മുടെ ഉദരവും നെഞ്ചും തമ്മിൽ വേർതിരിക്കുന്ന ഒരു പേശിയാണ് ഡയഫ്രം (Diaphragm). നമ്മൾ ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോൾ ഡയഫ്രം താഴേക്ക് ചുരുങ്ങും അപ്പോൾ നെഞ്ചിനുള്ളിൽ സമ്മർദ്ദം വളരെ കുറയും. ശ്വാസം പുറത്തേക്ക് വിടുമ്പോൾ ചുരുങ്ങിയ ഡയഫ്രം അയയുകയും പൂർവ്വസ്ഥിതിയിലേക്ക് വരുകയും ചെയ്യും.
സാധാരണഗതിയിൽ ഡയഫ്രത്തിന്റ ചുരുക്കവും അയയലും ശ്വസനപ്രക്രിയകളും കൃത്യമായ ഒരു താളത്തിലാണ്. ഇക്കിളുണ്ടാകുന്നത് ഡയഫ്രം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിന്റെ ഈ താളം തെറ്റുമ്പോഴാണ്. പല കാരണങ്ങൾ കൊണ്ട്, പെട്ടെന്ന് അറിയാതെ ഡയഫ്രത്തിന്റെ ചുരുക്കമാണ് ഇക്കിളിന്റെ കാരണം. ഒരോ പ്രാവശ്യം ഇങ്ങനെ പെട്ടെന്ന് ചുരുങ്ങുമ്പോൾ ശ്വാസനാളവും (larynx) സ്വനതന്തുക്കളും (vocal cords) അടഞ്ഞുപോകും. അതു കാരണം പെട്ടന്ന് വായു ഉള്ളിലേക്ക് വലിച്ചെടുക്കപ്പെടുന്നു. അതു വായുസഞ്ചാരത്തിലുണ്ടാക്കുന്ന വ്യത്യാസം ആണ് ഇക്കിൾ ശബ്ദമായി നമ്മൾ കേൾക്കുന്നത്. ഇക്കിൾ തുടങ്ങിയാൽ മിക്കവാറും ഓരോ ഇക്കിളിനിടയിലുമുള്ള ഇടവേള നിശ്ചിതമായിരിക്കും.
ഇക്കിൾ വരുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ?
സാധാരണ സാഹചര്യങ്ങളിൽ ഇക്കിൾ വരുന്നതുകൊണ്ട് ആരോഗ്യപരമായി ദോഷമൊന്നുമില്ല. എന്നാൽ, വിട്ടുമാറാത്ത ഇക്കിൾ ശരീരത്തിന്റെ സന്തുലനാവസ്ഥ താറുമാറാക്കും. ഇത് നമ്മുടെ ദൈനംദിന അവശ്യങ്ങളായ ഉറക്കം, ഭക്ഷണം എന്നിവയെ സാരമായി ബാധിക്കുകയും അതുവഴി ശരീരത്തെ രോഗാവസ്ഥയിൽ എത്തിക്കുകയും ചെയ്യും.
ഇക്കിളിന് നരമ്പുകളുമായി ബന്ധമുണ്ടോ?
നമ്മുടെ ശരീരത്തിലെ വളരെ പ്രധാനമായ നാഡികളാണ് ഫ്രെനിക് നാഡിയും (Phrenic Nerve) വാഗസ് നാഡി (Vagus Nerve). ഇവയുടെ പാതയിലുണ്ടാകുന്ന ഏത് അസ്വസതയും ഇക്കിളിന് കാരണമാകാം.ഈ നാഡികളുടെ അസ്വസതയും ഡയഫ്രത്തിന്റെ സ്പാസവും തുടരുന്നത് വരെ ഇക്കിൾ ഉണ്ടായികൊണ്ടിരിക്കും.
ഇക്കിൾ എത്ര നേരം ഉണ്ടാകാം?
കൃത്യമായി ഒരു സമയം പറയാൻ കഴിയില്ല. ഭൂരിഭാഗം ഇക്കിളുകളും പ്രത്യക്ഷത്തിൽ ഒരു കാരണവും കൂടാതെയാണുണ്ടാകുക. അവ കുറച്ചു മിനിറ്റുകൾക്കുള്ളിൽ തന്നെ പോകുകയും ചെയ്യും. 48 മണിക്കൂറിൽ കൂടുതൽ നിക്കുന്ന ഇക്കിളിനെ persistent(സ്ഥിരമായ) ഇക്കിളെന്നും 2 മാസത്തിൽ കൂടുതൽ മാറാതെ നിന്നാലതിനെ intractable(വഴങ്ങാത്ത) ഇക്കിളെന്നും പറയുന്നു.
എന്തൊക്കെയാണ് സാധാരണയായി ഇക്കിളിന്റെ കാരണങ്ങൾ?
* ഭക്ഷണം വായിൽ വച്ചുകൊണ്ട് സംസാരിക്കാൻ ശ്രമിക്കുമ്പോൾ.
* അതിവേഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ.
* വല്ലാതെ ഭയം തോന്നുമ്പോൾ.
* കാർബണേറ്റഡ് (കോള പോലെയുള്ള) പാനീയങ്ങൾ അധികം കുടിക്കുമ്പോൾ.
* അത്യധികം മാനസിക സമ്മർദം.
* വളരെ ഭയം തോന്നുക.
* കൂടുതൽ മദ്യം കഴിക്കുമ്പോൾ.
* ഉത്കണ്ഠ
* താപനിലയിലെ പെട്ടെന്നുള്ള മാറ്റം.
* ഒരുപാട് ചിരിക്കുകയോ കരയുകയോ ചെയ്താൽ.
ചിലർക്ക് ഇക്കിൾ മാറാതെ നിൽക്കാറുണ്ട്. ഇത് എന്ത് കൊണ്ടാണ് ?
വളരെ പ്രയാസമുള്ള ഒരു ചോദ്യമാണിത്. പ്രധാനമായി സ്ഥിരമായി നിക്കുന്ന ഇക്കിളുകൾ ഉണ്ടാകുന്നത് നരമ്പുകളുടെ തകരാറുകൊണ്ടാകാം. ഇങ്ങനെ സ്ഥിരമായുണ്ടാകുന്ന ഇക്കിളിന് നൂറിലധികം കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും, അറിയാത്ത കാരണങ്ങൾ ഇനിയുമുണ്ട്. 75 % ശാരീരികമായ കാരണങ്ങൾ കൊണ്ടാണുണ്ടാകുന്നത്. ബാക്കി 25% മാനസികവും. ശാരീരിക കാരണങ്ങൾ: മെനിഞ്ചൈറ്റിസ്, എൻകെഫലൈറ്റിസ്, ക്യാൻസറോ അല്ലാത്തതോ ആയ മുഴകൾ, ഹൈഡ്രോകെഫാലസ്, തലച്ചോറിന്റെ പരിക്ക്, ശസ്ത്രക്രിയ ഒക്കെയാണ്. പിന്നെ കഴുത്തിലെ മുഴകൾ, തൊണ്ടയിലെ അണുബാധ, നെഞ്ചെരിച്ചിൽ, ആസ്ത്മ, ആമാശയത്തിലെ അൾസർ, പാൻക്രിയാറ്റൈറ്റിസ്, അപ്പൻഡിസൈറ്റിസ്, നെഞ്ചിലേൽക്കുന്ന പരിക്ക്, വൃക്കരോഗങ്ങൾ, അയോർട്ട പോലുള്ള പ്രധാന രക്തധമനികളുടെ വീക്കം, അമിതമായ പ്രമേഹം മൂലവും ഇക്കിൾ ദീർഘകാലം നിലനിൽക്കുറുണ്ട്. മാനസികമായ കാരണങ്ങൾ: ഭയം, അമിതോത്കണ്ഠ, വ്യക്തിത്വപ്രശ്നങ്ങൾ ഒക്കെയാണ്. മാനസികരോഗത്തിനോ അപസ്മാരത്തിനോ കഴിയ്ക്കുന്ന ചില മരുന്നുകളും സ്റ്റീറോയിഡുകളും ഇക്കിളുണ്ടാക്കാറുണ്ട്.
ഇക്കിൾ വന്നാൽ പഞ്ചസാരയോ ചോക്കലേറ്റോ കഴിക്കാൻ പറയാറുണ്ട്. ഇതിന്റെ പിന്നിലുള്ള ശാസ്ത്രമെന്ത് ?
ഡയഫ്രത്തിനെ അയച്ചു പഴയ താളത്തിലേക്ക് കൊണ്ടുവരുകയാണ് ഇക്കിൾ നിർത്താനായി ചെയ്യണ്ടത്. അതിന് രണ്ട് വഴികളാണുള്ളത്. ഒന്ന് വാഗസ് നാഡിയെ ഉത്തേജിപ്പിക്കുകയോ ശ്രദ്ധ തിരിക്കുകയോ ചെയ്യുക എന്നതാണ്. ഫ്രണിക്ക് നാഡിയെ നേരിട്ട് ഉത്തേജിപ്പിക്കാൻ പ്രയാസമാണ്.
പഞ്ചസാര/ ചോക്കളേറ്റ് കഴിക്കുമ്പോൾ സംഭവിക്കുന്നത് അതാണ്. പഞ്ചസാര തൊണ്ടവഴി താഴേക്കിറങ്ങുമ്പോൾ വാഗസ് നാഡി യുടെ ശ്രദ്ധ ഒരല്പം ഡയഫ്രം കോച്ചിപിടിപ്പിക്കുന്നതിൽ നിന്ന് മാറി തൊണ്ടയിലേക്കാകുന്നു.
ഇനി മറ്റൊരു വഴി എന്നത് നമ്മുടെ രക്തത്തിലെ CO2 (കാർബൺ ഡയോക്സൈഡ്) അളവ് കൂട്ടുകയാണ് . CO2 അളവ് കൂടുമ്പോൾ നാഡീവ്യൂഹത്തിൽ നിന്നും ഡയഫ്രത്തിലേക്കും ശ്വാസകോശത്തിലേക്കും ശ്വസന പ്രക്രിയ ശരിയാക്കാൻ വേണ്ട നിർദ്ദേശങ്ങൾ പോകും. നമ്മൾ ചെയ്യുന്ന ഏറെകുറെ എല്ലാ സൂത്രങ്ങളുടെയും പിന്നിലെ ശാസ്ത്രം ഇതാണ്. ഉദാഹരണത്തിന് വെള്ളം ഒരുപാട് കുടിക്കുമ്പോഴും, ശ്വാസം പിടിച്ചുവക്കുമ്പോഴും, മൂക്കും വായും പൊത്തിപിടിച്ച് വായിൽ നിന്നുവരുന്ന വായു ശ്വസിക്കുമ്പോഴും, ഒക്കെ സംഭവിക്കുന്നത് രക്തത്തിലെ കാർബൺ ഡയോക്സൈഡ് അളവ് കൂടുകയാണ്.
ഇക്കിൾ എങ്ങനെ മാറ്റാം?
* വായില്‍ പഞ്ചസാര ഇട്ടതിനു ശേഷം ഒന്നോ രണ്ടോ മിനിട്ട് കൊണ്ട് കുറേശ്ശെയായി അലിയിച്ചിറക്കണം.
* കുറച്ചുസമയം ശ്വാസം ഉള്ളിൽ പിടിച്ചുവച്ചിട്ട് പുറത്തേക്ക് വിടുക.
* നാക്ക് കുറച്ചുനേരത്തേക്ക് വെളിയിലേക്ക് വലിച്ചുപിടിക്കുക
* ശ്വാസകോശം നിറയുവോളം ശ്വാസം ഉള്ളിലേക്കെടുക്കണം. പരമാവധി സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം വളരെ സാവധാനം ഉച്ഛ്വസിക്കുക.
* ചുക്ക് അരച്ച് തേനില്‍ ചാലിച്ച് കഴിക്കുക.
* വായില്‍ വെള്ളം നിറച്ചു അല്പ്പസമയം മൂക്കടച്ചു പിടിക്കുക.
* അല്പം വെള്ളം പതുക്കെ കുടിക്കുക
* മുകളിൽ നോക്കി കുറച്ചുനേരം
ഇതൊക്കെ ചെയ്യുമ്പോൾ ഞരമ്പുകളുടെ ശ്രദ്ധ ഡയാഫ്രാമിന്റെ പെട്ടെന്നുള്ള സങ്കോചം എന്നതിൽ നിന്ന് തൊണ്ടയിലേക്ക് മാറുന്നു. നാക്ക് വെളിയിലേക്ക് പിടിക്കുന്നതിന്റെയും മുകളിൽ നോക്കി ഇരിക്കുന്നതിന്റെയും മറ്റും പിന്നിലുള്ള ശാസ്ത്രം ഇതാണ്.
നവജാത ശിശുക്കളിലെ ഇക്കിൾ എങ്ങനെ ഒഴിവാക്കാം?
നവജാത ശിശുക്കളിലെ ഇക്കിൾ പേടിക്കേണ്ട ആവശ്യമില്ല. കുറച്ചു കഴിഞ്ഞു തന്നെ മാറിക്കോളും. ഒഴിവാക്കാനായി പാൽ കൊടുക്കുമ്പോൾ കുപ്പി 45ഡിഗ്രി ചരിച്ചു വായു കയറാത്ത രീതിയിൽ വേണം കൊടുക്കാൻ. ഇക്കിൾ വന്നാൽ പുറത്തു കമത്തി കിടത്തി കുറേ പ്രാവശ്യം തട്ടി (Burp) കൊടുക്കുക. വയറിൽ ഒത്തിരി വായു കയറുമ്പോഴാണ് ഇക്കിൾ കുഞ്ഞുങ്ങളിൽ സാധാരണ ഉണ്ടാകുന്നത്. 48 മണിക്കൂറിൽ കൂടുതൽ കുഞ്ഞുങ്ങളിൽ ഇക്കിൾ നിക്കുന്നുണ്ടെങ്കിൽ ഡോക്ടറിനെ കാണിക്കുക.
വിട്ടുമാറാത്ത ഇക്കിളിന് എന്താണ് പരിഹാരം?
എന്താണ് കാരണമെന്ന് കണ്ടെത്തി അതിനുവേണ്ട ചികിത്സ നൽകുക മാത്രമാണ് വിട്ടുമാറാത്ത ഇക്കിളിന് പരിഹാരം. അതുകൊണ്ട് 48 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന ഇക്കിളുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ പോയി കാണണം.
90 ശതമാനം ഇക്കിളും തികച്ചും നിരുപദ്രവകാരിയും കുറച്ചു സമയത്തിന് ശേഷം സ്വയം നിൽക്കുന്നതുമാണ്. എന്നാൽ തുടർച്ചയായി നിൽക്കുന്ന ഇക്കിൾ ഒരു ഡോക്ടറിനെ കാണിക്കുക. ഇക്കിളിനെ കുറിച് നിങ്ങൾ ഇത്രയെങ്കിലും അറിഞ്ഞു ഇരിക്കണം.
കടപ്പാട്: ഡോ.ഡാനിഷ് സലിം
Adjust Story Font
16

