തണുപ്പുകാലത്ത് സോപ്പിന്റെ ഉപയോഗം കുറയ്ക്കണോ?
ചില ചര്‍മ്മ രോഗങ്ങള്‍ തണുപ്പുകാലത്ത് കൂടുതല്‍ രൂക്ഷമാവുന്നു. ഇതിന് കാരണം അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുന്നതാണ്

ചര്‍മ്മത്തിന് വളരെയേറെ കരുതല്‍ ആവശ്യമുള്ള സമയമാണ് മഞ്ഞുകാലം. ചര്‍മ്മസൗന്ദര്യം കാത്തു സൂക്ഷിക്കുവാനും ചര്‍മ്മ രോഗങ്ങള്‍ വരുന്നത് തടയുവാനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മാത്രമല്ല ചില ചര്‍മ്മ രോഗങ്ങള്‍ തണുപ്പുകാലത്ത് കൂടുതല്‍ രൂക്ഷമാവുന്നു. ഇതിന് കാരണം അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുന്നതാണ്.
തണുപ്പുകാലത്തെ ചര്‍മത്തെ സംരക്ഷിക്കാനായി ആദ്യം ചെയ്യേണ്ടത് സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ്. എന്തെങ്കിലും തരത്തിലുള്ള ചര്‍മ്മരോഗമുള്ളവര്‍ സോപ്പ് പൂര്‍ണ്ണമായും ഒഴിവാക്കുക തന്നെ വേണം. സോപ്പിന് പകരം സിന്തെറ്റ്‌സ് (syndet) അല്ലെങ്കില്‍ ക്ലെന്‍സേഴ്സ് (cleanser) ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്. കുളിക്കുന്നതിന് മുമ്പ് ശരീരത്തില്‍ എണ്ണ പുരട്ടാതിരിക്കുക. ഇത് ചര്‍മ്മം കൂടുതല്‍ വരളാന്‍ കാരണമാകും.

ചെറു ചൂടുവെള്ളത്തില്‍ കുളിച്ചതിനു ശേഷം ഉടന്‍ തന്നെ മോയ്‌സ്ചുറൈസർ ഉപയോഗിക്കുക. ശരീരത്തില്‍ നിന്ന് വെള്ളം വലിഞ്ഞു പോകുന്നതിനു മുമ്പുവേണം ഇത് പുരട്ടാന്‍. ഇത് ചര്‍മ്മത്തിന് മൃദുത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു. വരണ്ട ചര്‍മ്മമുള്ളവര്‍ ദിവസം രണ്ടോ മൂന്നോ തവണ മോയ്‌സ്ചുറൈസർ പുരട്ടേണ്ടതാണ്. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് തണുപ്പുകാലത്ത് ഓയില്‍ ഫ്രീ മോയ്ശ്ച്വറൈസര്‍ ഉപയോഗിക്കാവുന്നതാണ്.
കുട്ടികളില്‍ തണുപ്പുകാലത്ത് ഏറ്റവുമധികം ശ്രദ്ധ ലഭിക്കേണ്ട രോഗമാണ് കരപ്പന്‍ (Atopic Dermatitis). കരപ്പനുള്ള കുട്ടികളുടെ ചര്‍മ്മം സ്വാഭാവികമായും വരണ്ടതാണ്. തണുപ്പുകാലത്ത് ഇത് കൂടുതല്‍ രൂക്ഷമാകും. ചര്‍മ്മം ചൊറിഞ്ഞു തടിക്കുകയും ചെയ്യും കരപ്പനുള്ള കുട്ടികള്‍ സോപ്പിന്റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്.

കുളിക്കുന്നതിന് മുമ്പ് കുട്ടിയുടെ ശരീരത്തില്‍ എണ്ണ പുരട്ടുന്നത് ചര്‍മ്മം കൂടുതല്‍ വരളാന്‍ കാരണമാകുകയേ ഉള്ളൂ. ഇതിന് പകരമായി കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കാനുള്ള ബാത്ത് ഓയില്‍ ലഭ്യമാണ്. കുട്ടികളെ ഇളം ചൂടുവെള്ളത്തില്‍ കുളിപ്പിച്ച് ഉടനെ തന്നെ മോയ്‌സ്ചുറൈസർ ഉപയോഗിക്കേണ്ടതാണ്. കൊച്ചുകുട്ടികളില്‍ ഇത് ഒരു ദിവസം രണ്ടോ മൂന്നോ തവണയോ ചെയ്യാവുന്നതാണ്.
തണുപ്പുകാലത്ത് രൂക്ഷമാകുന്ന മറ്റു ചില ചര്‍മ്മ രോഗങ്ങളാണ് താരന്‍, പലതരം അലര്‍ജികള്‍, ഫോര്‍ഫൂട്ട് എക്സീമ (forefoot eczema), നമൂലാര്‍ എക്സീമ (nummular eczema), പാദം വിണ്ടുകീറല്‍ എന്നിവ. ഇത്തരം രോഗങ്ങള്‍ക്കെതിരെയും നല്ല ശ്രദ്ധയും പരിചരണവും തണുപ്പുകാലത്ത് നല്‍കേണ്ടതാണ്.
Adjust Story Font
16

