കുഞ്ഞിന്റെ കാഴ്ചയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
പഠനത്തിനിടെ കുട്ടി ഈ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചു നോക്കൂ...

കണ്ണ് നഷ്ടപ്പെട്ടവനറിയാം കണ്ണിന്റെ വില, എന്നതൊരു ചൊല്ലാണ്.. പക്ഷേ കണ്ണിന്റെ ഭംഗിക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളില്‍ പലരുമെങ്കിലും അതിന്റെ ഒരു ശതമാനം പോലും നേത്രസംരക്ഷണത്തിന് നല്‍കാന്‍ നമ്മള്‍ ശ്രദ്ധിക്കാറില്ലെന്നതാണ് വാസ്തവം. സത്യത്തില്‍ കാഴ്ചക്കുറവും കാഴ്ചയെ ബാധിക്കുന്ന മറ്റ് നേത്രവൈകല്യങ്ങളും നേരത്തെ തിരിച്ചറിയാന്‍ ഒരിത്തിരി ശ്രദ്ധ നല്‍കിയാല്‍ മാത്രംമതി, പ്രത്യേകിച്ച് കുട്ടികളില്‍...

കുട്ടികളിലെ നേത്രവൈകല്യങ്ങള്‍ ചെറുപ്രായത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കണം. സ്‌കൂള്‍ കുട്ടികളില്‍, കാഴ്‌ചയിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ശ്രദ്ധിക്കണം. ആവശ്യമായ ചികിത്സ തേടുകയും വേണം.
പഠനത്തിനിടെ കുട്ടി ഈ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചു നോക്കൂ...

- വളരെ കുറച്ചു സമയം മാത്രമേ കുട്ടി വായിക്കാന്‍ ശ്രമിക്കുന്നുള്ളൂ.
- വായിക്കുമ്പോള്‍ തലവേദന, കണ്ണുവേദന മുതലായവ പറയുന്നു.
- അക്ഷരങ്ങള്‍ മങ്ങിയതായി പറയുന്നു. അതുമൂലം തപ്പിയും തടഞ്ഞും വായിക്കുക.
- പുസ്‌തകം വളരെ അടുപ്പിച്ചോ, അകലത്തിലോ പിടിച്ച് വായിക്കുക.
- ബ്ലാക്ക് ബോര്‍ഡില്‍ എഴുതുന്നത് ശരിക്ക് എഴുതിയെടുക്കാതിരിക്കുക.
- വായിക്കാന്‍ വേണ്ടി തലചരിക്കുകയോ, തിരിക്കുകയോ ചെയ്യുക.
- ഒരുകണ്ണ് അടച്ചു പിടിച്ചു വായിക്കുക.
- എപ്പോഴും ഒരുഭാഗത്തേക്ക് തല ചരിച്ചുവച്ച് വായിക്കുക.
- അടിക്കടി കണ്ണ് അടയ്‌ക്കുകയും തുറക്കുകയും ചെയ്യുക.
- നടക്കുമ്പോള്‍ പതിവായി തട്ടിവീഴുക.
- സാധനങ്ങള്‍ മേശമേല്‍ വയ്‌ക്കുമ്പോള്‍ പതിവായി തറയില്‍ വീഴുക.
- മറ്റ് കുട്ടികളെപ്പോലെ പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രയാസപ്പെടുക.
- വായിക്കുമ്പോള്‍ വിരലുകള്‍ അക്ഷരങ്ങള്‍തൊട്ട് വായിക്കുക. നെറ്റി ചുളിച്ചു വായിക്കുക.
- കൂടെക്കൂടെ കണ്ണ് തിരുമ്മുക.
- പ്രഭാത പ്രദോഷ സമയങ്ങളില്‍ വായിക്കാന്‍ മടി കാണിക്കുക. -തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ കുട്ടിക്ക് കാഴ്‌ചക്കുറവുണ്ടെന്ന് അനുമാനിക്കാം. ഉടന്‍ കുട്ടിയെ ചികിത്സയ്‌ക്ക് വിധേയമാക്കാം.
Next Story
Adjust Story Font
16

