Quantcast

വയറു കുറയ്ക്കണോ; നെല്ലിക്കയാണ് മരുന്ന്..

വയറ്റിലെ കൊഴുപ്പ് ശരീരത്തിലെ മറ്റ് ഏതു ഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം ഇത് പല തരം അസുഖങ്ങള്‍ക്കു വഴിയൊരുക്കും.

MediaOne Logo

Web Desk

  • Published:

    19 Jan 2020 7:28 AM GMT

വയറു കുറയ്ക്കണോ; നെല്ലിക്കയാണ് മരുന്ന്..
X

ഒതുങ്ങിയ വയറാണ് ആണ്‍ പെണ്‍ഭേദമന്യേ എല്ലാവരുടെയും ആഗ്രഹം. പക്ഷേ ഇന്നത്തെ കാലത്തെ ജീവിതസാഹചര്യങ്ങള്‍ മൂലം അത് അത്ര എളുപ്പമുള്ള കാര്യമല്ല. മെലിഞ്ഞവരെയും തടിച്ചവരേയും ഒരുപോലെ സങ്കടപ്പെടുത്തുന്ന കാര്യമാണ് ചാടിയ വയര്‍. ഇരുന്ന് ജോലി ചെയ്യുന്നവരിലും അധികം വ്യായാമമില്ലാതെ ജീവിക്കുന്നവരിലും വയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ ഏറെ സാധ്യതയുണ്ട്. എന്നാല്‍ അത് കുറച്ചുകൊണ്ടുവരാന്‍ എത്ര ബുദ്ധിമുട്ടിയാലും ഫലം കാണാതെ അവസാനിപ്പിക്കാറാണ് പലരും.

വയറ്റിലെ കൊഴുപ്പ് ശരീരത്തിലെ മറ്റ് ഏതു ഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം ഇത് പല തരം അസുഖങ്ങള്‍ക്കു വഴിയൊരുക്കും. വയറ്റില്‍ പെട്ടെന്ന് അടിഞ്ഞു കൂടുന്ന കൊഴുപ്പും വയര്‍ ചാടുന്നതുമെല്ലാം ലിവര്‍ പ്രശ്‌നങ്ങള്‍ക്കുണ്ടാകുന്ന തകരാറുകള്‍ കൂടിയാണ് കാണിയ്ക്കുന്നത്.

അടിവയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പുരുക്കാന്‍ സഹായിക്കുന്ന വീട്ടു വൈദ്യങ്ങള്‍ ധാരാളമുണ്ട്.ഇതിലൊന്നാണ് നെല്ലിക്ക. ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഇത് വയറ്റിലെ കൊഴുപ്പു കളയാനും ശരീരത്തിലെ കൊഴുപ്പു നീക്കാനുമെല്ലാം ഏറെ ആരോഗ്യകരമാണ്. പക്ഷേ, നെല്ലിക്ക കൃത്യമായി രീതിയില്‍ ഉപയോഗിയ്ക്കണമെന്നു മാത്രം.

നെല്ലിക്കയ്ക്ക് പല ആരോഗ്യ ഗുണങ്ങളുമുണ്ട്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു എന്നതാണ് പ്രധാന ഗുണം. ഓറഞ്ചിലും നാരങ്ങയിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ വിറ്റാമിന്‍ സി നെല്ലിക്കയിലുണ്ട്. പോഷകാഹാരക്കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ പരിഹരിക്കാന്‍ നെല്ലിക്കയ്ക്ക് കഴിയും. പുരാതനകാലം മുതല്‍ക്കേ നെല്ലിക്കയുടെ ഗുണത്തെപ്പറ്റി ആയുര്‍വ്വേദ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ശരീരത്തിന് ചെറുപ്പം നല്‍കാനും ചര്‍മാരോഗ്യത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകമാണ് നെല്ലിക്ക. അകാല നര, മുടി കൊഴിച്ചില്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും നെല്ലിക്ക നല്ലൊരു മരുന്നാണ്.

നെല്ലിക്ക എങ്ങനെയാണ് അടിവയറ്റിലെ കൊഴുപ്പുരുക്കാന്‍ സഹായിക്കുന്നതെന്നറിയണ്ടേ.. പക്ഷേ, നെല്ലിക്കയെ അതിന് സഹായിക്കാന്‍ മറ്റു പലരും കൂടെ ഉണ്ടാവണമെന്ന് മാത്രം.

നെല്ലിക്കയും ഇഞ്ചിയും

നെല്ലിക്കയും ഇഞ്ചിയും കലര്‍ത്തിയ ഒരു മിശ്രിതമാണ് ഒന്ന്. നെല്ലിക്കയിലെ വൈറ്റമിന്‍ സിയും പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം കുറയ്ക്കാനുള്ള കഴിവും തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയും ദഹനം നല്ല രീതിയില്‍ നടത്തിയും കൊഴുപ്പലിയിച്ചു കളഞ്ഞുമാണ് ഇത് ചെയ്യുന്നത്. ഇഞ്ചിയും ഇക്കാര്യത്തില്‍ പുറകിലല്ല.

5 നെല്ലിക്കയും ഒരു കഷ്ണം ഇഞ്ചിയും അരയ്ക്കുക. നെല്ലിക്കയുടെ കുരു നീക്കിയും ഇഞ്ചിയുടെ തൊലി കളഞ്ഞും വേണം നല്ല പോലെ അരച്ചെടുക്കാന്‍. ഈ മിശ്രിതം ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തി രാത്രിയില്‍ വയ്ക്കുക. രാവിലെ ഇത് വെറുംവയറ്റില്‍ കുടിയ്ക്കാം. ലോ ഷുഗര്‍ അഥവാ ഷുഗര്‍ കുറഞ്ഞവരെങ്കില്‍ ഇതില്‍ ഒരു ടീസ്പൂണ്‍ തേന്‍ കൂടിയ ചേര്‍ക്കുന്നത് നല്ലതാണ്. ആ മിശ്രിതം അടുപ്പിച്ച്‌ ഒരു മാസമെങ്കിലും കുടിയ്ക്കുക. ഗുണമുണ്ടാകും.

ദഹനം മെച്ചപ്പെടുത്തിയും ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തിയുമാണ് കൊഴുപ്പു കളയാന്‍ ഈ പ്രത്യേക ഇഞ്ചി-നെല്ലിക്കാ പാനീയം സഹായിക്കുന്നത്. കൊളസ്‌ട്രോള്‍, പ്രമേഹം പോലുളള രോഗങ്ങള്‍ തടയാനും ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

മഞ്ഞള്‍പ്പൊടി, നെല്ലിക്ക, നാരങ്ങാനീര്

നെല്ലിക്ക കൊണ്ട് മറ്റൊരു വിധത്തിലും വയര്‍ കുറയ്ക്കാന്‍ കഴിയുന്ന മരുന്നുണ്ടാക്കാം. മഞ്ഞള്‍പ്പൊടി നെല്ലിക്ക, നാരങ്ങാനീര് എന്നിവയാണ് ഇതിനു വേണ്ടത്. മൂന്നു നെല്ലിക്ക കുരു കളഞ്ഞ് അരയ്ക്കുക. ഇത് ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ കലക്കുക. ഇതിലേയ്ക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കുക. അര മുറി നാരങ്ങയുടെ നീരും ഇതിലേയ്ക്കു പിഴിഞ്ഞൊഴിയ്ക്കാം. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് നല്ലതാണ്.

നാരങ്ങയിലെ സിട്രിക് ആസിഡും വൈറ്റമിന്‍ സിയുമെല്ലാം ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ ഏറെ നല്ലതാണ്. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ നാരങ്ങ ഏറെ നല്ലതാണ്. ഇത് കൊഴുപ്പു പെട്ടെന്നു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണ്. ലിവറിലെ ടോക്‌സിനുകള്‍ നീക്കുന്നതു വഴിയും കൊഴുപ്പു നീക്കുന്നതു വഴിയും ഫാറ്റി ലിവര്‍ പോലുള്ള അവസ്ഥകള്‍ ഒഴിവാക്കാന്‍ സാധിയ്ക്കും. ഇത് വയര്‍ ചാടുന്നതിന് പ്രധാന കാരണമാണ്.

മഞ്ഞളിലെ കുര്‍കുമിനും വയര്‍ കളയാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്. ഇത് കൊഴുപ്പു നീക്കാനും ദഹന പ്രശ്‌നങ്ങള്‍ക്കുമെല്ലാം നല്ലതു തന്നെയാണ്. ഇതുകൊണ്ടാണ് നെല്ലിക്കയ്‌ക്കൊപ്പം ഇത്തരം ഘടകങ്ങളും വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.

നെല്ലിക്കയും കുരുമുളകു പൊടിയും നാരങ്ങയും

നെല്ലിക്കയും കുരുമുളകു പൊടിയും നാരങ്ങയും കലര്‍ത്തി ഒരു മിശ്രിതമുണ്ടാക്കി കുടിയ്ക്കുന്നത് നല്ലതാണ്. ഇതിനായി നെല്ലിക്കയുടെ നീര് 1 ടേബിള്‍ സ്പൂണ്‍, കറുത്ത കുരുമുളകു പൊടിച്ചത് കാല്‍ ടീസ്പൂണ്‍ എന്നിവ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ കലക്കുക. ഇതില്‍ അര മുറി നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിച്ചു കുടിയ്ക്കണം. ഇതും വെറും വയറ്റില്‍ അടുപ്പിച്ച്‌ അല്‍പനാള്‍ ചെയ്യുന്നതാണ് ഫലം തരിക. കുരുമുളകും ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ ചൂടു വര്‍ധിപ്പിച്ചാണ് ഈ ഗുണം നല്‍കുന്നത്. ദഹനം മെച്ചപ്പെടുത്തുന്നതു വഴിയും ഈ ഗുണം ലഭിയ്ക്കും.

ഈ മിശ്രിതങ്ങള്‍ വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനും മാത്രമല്ല, സഹായിക്കുന്നത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട മിശ്രിതങ്ങളാണിത്. കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പല രോഗങ്ങള്‍ക്കും ഉത്തമം. വയറിന്റെ ആരോഗ്യത്തിനും മികച്ച ഒന്നു തന്നെയാണ് ഇവ.

TAGS :

Next Story