കൊറോണ വൈറസിന് ‘മരുന്ന് കണ്ടെത്തി’യതായി തായ്‍ലന്‍ഡ് ഡോക്ടര്‍മാരുടെ അവകാശവാദം
ചൈനയും ജപ്പാനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിച്ചവര്‍ തായ്‍ലന്‍ഡിലാണുള്ളത്. 19 പേര്‍ക്കാണ് ഇവിടെ കൊറോണ ബാധിച്ചത്.

കൊറോണ വൈറസ് ബാധിച്ച രോഗികളെ ചികിത്സിച്ച് ഭേദമാക്കാനുള്ള മരുന്ന് കണ്ടെത്തിയതായി അവകാശപ്പെട്ട് തായ്‍ലന്‍ഡില്‍ നിന്നുള്ള ഒരു സംഘം ഡോക്ടര്‍മാര്‍. എച്ച്.ഐ.വി അടക്കം മറ്റു രോഗങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്ന ഒന്നിലേറെ മരുന്നുകളുടെ മിശ്രിതമാണ് കൊറോണ വൈറസ് ബാധിച്ച രോഗിക്ക് നല്‍കി വിജയം കൈവരിച്ചതായി ഡോക്ടര്‍മാരുടെ സംഘം അവകാശപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 17,000 ലധികം ആളുകള്‍ക്ക് കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും യാത്രാ നിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതിന്റെയും പശ്ചാത്തലത്തിലാണ് ആശ്വാസകരമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ചൈനയും ജപ്പാനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിച്ചവര്‍ തായ്‍ലന്‍ഡിലാണുള്ളത്. 19 പേര്‍ക്കാണ് ഇവിടെ കൊറോണ ബാധിച്ചത്. ഇതില്‍ ഏഴു പേരെ ചികിത്സിച്ച് ഭേദമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. തായ്‌ലൻഡ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ചൈനീസ് വംശജയായ ഒരു സ്ത്രീയെ ബാങ്കോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിവിധ മരുന്നുകളുടെ 'കോക്ടെയ്‍ല്‍' നല്‍കിയ വിവരവും വിവരിക്കുന്നത്. മരുന്നിനോട് അത്ഭുതകരമായ പ്രതികരണമാണുണ്ടായതെന്നും ആരോഗ്യാവസ്ഥ മെച്ചപ്പെട്ടതായും പ്രസ്താവനയില്‍ പറയുന്നു. ഫ്ലൂ, എച്ച്.ഐ.വി തുടങ്ങിയ അണു ബാധകള്‍ക്ക് നല്‍കാറുള്ള വൈറല്‍ വിരുദ്ധ മരുന്നുകളുടെ 'കോക്ടെയ്‍ലാ'ണ് രോഗിക്ക് നല്‍കിയത്.
ഫ്ലൂവിന് നല്‍കാറുള്ള oseltamivir എന്ന മരുന്നും എച്ച്.ഐ.വിക്കുള്ള lopinavir and ritonavir മരുന്നും കൃത്യമായ അളവില്‍ സംയോജിപ്പിച്ചാണ് 'കോക്ടെയ്‍ല്‍' തയ്യാറാക്കിയത്. ഈ മരുന്നിനോട് രോഗി അത്ഭുതകരമായാണ് പ്രതികരിച്ചത്. ആരോഗ്യാവസ്ഥ വേഗത്തില്‍ മെച്ചപ്പെടുകയും ചെയ്തു. കൊറോണ സ്ഥിരീകരിച്ച 71 കാരിയായ സ്ത്രീക്ക് മരുന്ന് നല്‍കി 48 മണിക്കൂറിന് ശേഷം നടത്തിയ പരിശോധനയില്‍ ശുഭകരമായ ഫലം ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതു സംബന്ധിച്ചുള്ള ഗവേഷണ രേഖകള്‍ പ്രസിദ്ധീകരിക്കാനുണ്ടെന്നും ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു.
ഇതേസമയം, ലോകമെമ്പാടുമുള്ള ഗവേഷകര്‍, കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതുവരെ കൊറോണക്ക് ഫലപ്രദമായ മരുന്നോ പ്രതിരോധമോ കണ്ടെത്തിയതായി ഔദ്യോഗിക സ്ഥിരീകരണമില്ല.
Adjust Story Font
16

