കൊറോണ കാലത്തെ പല്ലുവേദന; ഡെന്റിസ്റ്റിനോട് പത്ത് ചോദ്യങ്ങൾ
അനാവശ്യമായി മാസ്‌ക് ധരിക്കേണ്ടതില്ല. പ്രധാനമായും ചികിത്സകർക്കും രോഗിയുമായി സമ്പർക്കത്തിലായ അവരെ ശുശ്രൂഷിക്കുന്നവർക്കും മാസ്‌ക് മതിയാവും.

ചോദ്യം ഒന്ന്: ചികിത്സയ്ക്ക് വരുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്?
മറുപടി: നിങ്ങൾക്ക് പനി, ചുമ, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തുറന്നു പറയുക. വിദേശ രാജ്യങ്ങളിൽ അടുത്ത് സന്ദർശിക്കുകയോ അല്ലെങ്കിൽ സന്ദർശിച്ചവരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ അതും പറയുക.
രണ്ട്: ഞങ്ങൾക്ക് എല്ലാ ചികിത്സയും ഇപ്പോൾ ലഭ്യമാകില്ലേ?
മറുപടി: അടിയന്തരമായതെല്ലാം ലഭ്യമാകും. അതിസൂക്ഷ്മ ജലകണികകൾ ഉത്പാദിപ്പിക്കപ്പെടാൻ സാധ്യതയുള്ള പല്ല് വൃത്തിയാക്കൽ, പല്ലിലെ കേട് അടയ്ക്കൽ തുടങ്ങിയവ ചിലപ്പോൾ മാറ്റിവയ്‌ക്കേണ്ടി വരും.
മൂന്ന്: പല്ലെടുക്കാൻ വരുമ്പോൾ കൂടെ ഒരാളിനെ കൊണ്ടു വരേണ്ടതില്ലേ?
മറുപടി: ഉണ്ട്. പക്ഷെ കുട്ടികളെയും വൃദ്ധജനങ്ങളെയും ശ്വാസകോശ സംബന്ധമായ അസുഖമുളളവരെയും ഹൃദ്രോഗമുള്ളവരെയും കൂടെ കൂട്ടരുത്
നാല്: എനിക്ക് ചുമയ്ക്കാനോ തുമ്മാനോ അവിടെ വച്ച് തോന്നിയാൽ ചെയ്യാമോ?
മറുപടി: ചെയ്യാം, ഒരു തൂവാലയിലേയ്‌ക്കോ അല്ലെങ്കിൽ കൈമുട്ട് മടക്കി അതിലേയ്‌ക്കോ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യാം
അഞ്ച്: ഞങ്ങളിൽ നിന്നും കറൻസിയായി ചികിത്സാ നിരക്ക് സ്വീകരിക്കില്ലേ?
മറുപടി: കഴിവതും ഗൂഗിൾപേ പോലുള്ള ആപ്പുകൾ ഉണ്ടെങ്കിൽ അവയാണ് അനാവശ്യ സ്പർശനം ഒഴിവാക്കാൻ അഭികാമ്യം.
ആറ്: ഞങ്ങൾക്ക് അവിടെ കൈ കഴുകാമല്ലോ അല്ലേ?
മറുപടി: തീർച്ചയായും വാതിൽപ്പിടിയിൽ തൊടും മുൻപും ശേഷവും കൈ വൃത്തിയാക്കണം. സോപ്പും വെളളവും അല്ലെങ്കിൽ കൈ ശുചീകരണ ലായനി ഉപയോഗിക്കാം. ഇപ്പോൾ മിക്ക സ്ഥലങ്ങളിലും ഹാന്റ് സാനിറ്റൈസർ സ്ഥാപിച്ചിട്ടുണ്ട്.
ഏഴ്: പല്ലെടുത്ത് തയ്യലെടുക്കാൻ വീണ്ടും സന്ദർശിക്കണോ?
മറുപടി: കഴിവതും താനേ ലയിച്ച് പോകുന്ന തുന്നലുകൾ ആവും നൽകുക. ചില പ്രത്യേക സാഹചര്യങ്ങളിൽ ദൗർലഭ്യം കാരണം അല്ലാത്ത തുന്നൽ ഇടുന്ന പക്ഷം ഡോക്ടർ പറയുന്ന ദിവസം വന്ന് തുന്നൽ മാറ്റുക.
എട്ട്: ഞാൻ മാസ്‌ക് ധരിക്കണോ?
മറുപടി: അനാവശ്യമായി മാസ്‌ക് ധരിക്കേണ്ടതില്ല. പ്രധാനമായും ചികിത്സകർക്കും രോഗിയുമായി സമ്പർക്കത്തിലായ അവരെ ശുശ്രൂഷിക്കുന്നവർക്കും മാസ്‌ക് മതിയാവും. സാമൂഹ്യദൂര പരിപാലനം കഴിവതും ചെയ്യാൻ ശ്രമിക്കുക
ഒൻപത്: ഞാൻ പ്രത്യേകിച്ച് എന്ത് കാര്യം ശ്രദ്ധിക്കണം?
മറുപടി: കൃത്യസമയത്ത് അപ്പോയിൻറ്‌മെന്റിന് എത്താൻ ശ്രമിക്കുക.ഇത് കാത്തിരിപ്പ് മുറിയിലെ അനാവശ്യ തിരക്ക് കുറയ്ക്കാൻ ഉപകരിക്കും.
പത്ത്: വീട്ടിലെത്തിയാൽ എന്ത് ശ്രദ്ധിക്കണം?
മറുപടി: ദേഹശുദ്ധി ഉറപ്പുവരുത്തുക, രണ്ടു നേരം മൂന്നു മിനിട്ട് വീതം വൃത്തിയായി പല്ല് തേയ്ക്കുക. ബ്രഷ് സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുക.
Adjust Story Font
16

