Quantcast

കറന്‍സി നോട്ടുകളിലൂടെ കോറോണ വൈറസ് പടരുമോ?

നമ്മള്‍ നല്‍കുന്ന കറന്‍സി നോട്ടുകളുടെ ബാക്കിയായി ലഭിക്കുന്ന നോട്ടുകളിലൂടെ കോറോണ വൈറസ് പടര്‍ന്നിട്ടുണ്ടാകുമോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

MediaOne Logo

Web Desk

  • Published:

    22 March 2020 4:27 AM GMT

കറന്‍സി നോട്ടുകളിലൂടെ കോറോണ വൈറസ് പടരുമോ?
X

കൊറോണ വൈറസ് വ്യാപനവും കോവിഡ് 19 രോഗഭീതിയും ലോകമെങ്ങും നിലനില്‍ക്കുകയാണ്. പൊതു ഇടങ്ങളില്‍ നിന്ന് ജനങ്ങള്‍ പരമാവധി വിട്ടുനില്‍ക്കണമെന്നാണ് രോഗവ്യാപനം തടയാനുള്ള പ്രധാന നിര്‍ദേശം. രാജ്യത്ത് ഇന്ന് 14 മണിക്കൂര്‍ ജനതാ കര്‍ഫ്യൂവിന് ആഹ്വാനം നല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്നലെ കടകളിലെങ്ങും തിരക്കായിരുന്നു.. സാധനങ്ങള്‍ വാങ്ങി മാക്സിമം ശേഖരിച്ചുവെക്കാനുള്ള തന്ത്രപ്പാടിലായിരുന്നു ജനങ്ങള്‍.. രാജ്യമെങ്ങുമുള്ള ജനങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ കൊടുക്കല്‍ വാങ്ങലുകള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് പേപ്പര്‍ കറന്‍സിയാണ്. നമ്മള്‍ നല്‍കുന്ന കറന്‍സി നോട്ടുകളുടെ ബാക്കിയായി ലഭിക്കുന്ന നോട്ടുകളിലൂടെ കോറോണ വൈറസ് പടര്‍ന്നിട്ടുണ്ടാകുമോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

അതേ, സത്യമാണ് കോറോണ വൈറസ് വ്യാപന സാധ്യതകളിൽ കറൻസി നോട്ടും ഉൾപ്പെടുന്നതായി ആശങ്കയുയരുന്നുണ്ട്. കടലാസ് അടക്കമുള്ള പ്രതലങ്ങളിൽ വൈറസിന് മണിക്കൂറുകളോളം ജീവനോടെ നിലനിൽക്കുവാന്‍ കഴിയുമെന്നതാണ് ആ ആശങ്കയ്ക്ക് കാരണം.

കറൻസി നോട്ടുകളിലൂടെ കൊറോണ വൈറസ് പടരുന്നതിലെ ആശങ്ക പങ്കുവെച്ച് ധനകാര്യമന്ത്രി നിർമ്മല സീതാരാമന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) കത്തയച്ചിരുന്നു. പ്രധാനമന്ത്രിയോടും ഇവര്‍ ആശങ്ക പങ്കുവെച്ചിരുന്നു. “പേപ്പർ കറൻസിയുടെ ഉപയോഗം വിവിധ വൈറസുകൾക്കും അണുബാധകൾക്കും കാരണമായേക്കും. നോട്ടുകള്‍ കൈമാറുന്നത് പലപ്പോഴും പരിചയമില്ലാത്ത ആളുകള്‍ തമ്മിലാണ്. ഇത് സമൂഹത്തിലെ ആളുകൾക്കിടയിൽ പെട്ടെന്ന് തന്നെ വൈറസ് വ്യാപനത്തിന് കാരണമായേക്കാം.”- പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ സിഎഐടി പറയുന്നു. വിവിധ രാജ്യങ്ങൾ പരീക്ഷിച്ച പോളിമർ കറൻസി ഉപയോഗിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, റിസർവ് ബാങ്ക് അനുകൂലമായി പ്രതികരിച്ചിട്ടില്ല. പോളിമർ കറൻസി ചെലവേറിയതാണ് കാരണം.

നിലവില്‍ നോട്ടിലൂടെ വൈറസ് പരക്കുമോ ഇല്ലയോ എന്നതിന് ശാസ്ത്രീയമായി തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും കറന്‍സികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ആവശ്യമായ സുരക്ഷാമുന്‍കരുതലുകളെടുക്കണമെന്ന് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശമുണ്ട്. പക്ഷേ, കറന്‍സി നോട്ടുകളുടെ ഉപയോഗം ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ്വ് ബാങ്ക് ഇതുവരെ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ല.

വ്യത്യസ്തരായ ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതിനാൽ കടലാസുനോട്ടുകളിൽ ബാക്ടീരിയയും വൈറസും ഉണ്ടാകുമെന്ന സാധ്യത കണക്കിലെടുത്ത് ചൈന ബാങ്കുകളിൽ വെച്ച് അല്‍ട്രാവയലറ്റ് രശ്മികളും കൂടിയ ചൂടും ഉപയോഗിച്ച് നോട്ടുകൾ അണുമുക്തമാക്കി. കൂടാതെ നിലവിലുള്ള നോട്ടുകളെ നശിപ്പിച്ചും, 14 ദിവസത്തെ ക്വാറന്‍റൈന്‍ പിരീഡില്‍ നോട്ടുകളെയും സൂക്ഷിച്ചുമൊക്കെയാണ് ചൈന ഈ അവസ്ഥയെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നത്. കറന്‍സി നോട്ടുകളിലൂടെയുള്ള വൈറസ് വ്യാപനം തടയുന്നതിനായി ബാങ്ക് എന്തെല്ലാം മുന്‍കരുതലുകളാണ് എടുക്കുന്നതെന്ന് അറിയിക്കണമെന്ന് അമേരിക്ക ബാങ്കുകളോട് നിര്‍ദേശിച്ചിരുന്നു.

ഇന്ത്യയിൽ നടത്തിയ പഠനങ്ങളെ ഉദ്ധരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിസർച് ഡെസ്ക് പുറത്തിറക്കുന്ന ‘ഇകോറാപ്’ ഈ വിഷയം പരാമർശിക്കുന്നുണ്ട്. വൈറസ് മണിക്കൂറുകൾ വായുവിലോ പ്രതലത്തിലോ നിൽക്കുമെന്നതിനാൽ നോട്ടുകളിലും വൈറസ് ഉണ്ടാകാനിടയുണ്ടെന്നാണ് പഠനം പറയുന്നത്. ഈ സാധ്യത തള്ളിക്കളയുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് ബ്രിട്ടനിലെ ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു.

ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി 2015 ൽ ഒരു പഠനം നടത്തിയിരുന്നു. ഇതിനായി സാമ്പിളുകളായി സ്വീകരിച്ചത് 96 നോട്ടുകളും 48 നാണയങ്ങളും ആണ്. പരിശോധനയില്‍ ഇവ വൈറസ്, ഫംഗസ്, ബാക്ടീരിയ എന്നിവയാൽ മലിനമാണെന്ന് കണ്ടെത്തി. 2016 ൽ തമിഴ്‌നാട്ടിൽ നടത്തിയ പഠനത്തിലാകട്ടെ ഡോക്ടർമാർ, ബാങ്കുകൾ, മാർക്കറ്റുകൾ, കശാപ്പുകാർ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ എന്നിവരിൽ നിന്ന് ശേഖരിച്ച 120 നോട്ടുകളിൽ 86.4% വിവിധ രോഗകാരികളായ രോഗകാരികളുണ്ടെന്നും തെളിഞ്ഞു. 2016 ൽ കർണാടകയില്‍ നടത്തിയ മറ്റൊരു പഠനത്തിൽ 100, 50, 20, 10 രൂപയുടെ 100 നോട്ടുകളിൽ 58 എണ്ണവും മലിനമാണെന്നാണ് കണ്ടെത്തിയത്.

നോട്ടുകൾ കൈകാര്യം ചെയ്യുന്നവർ ഉപയോഗത്തിനുശേഷം കൈ കഴുകണമെന്ന് ലോകാരോഗ്യസംഘടന നിർദേശിക്കുന്നുണ്ട്. നോട്ട് ഉപയോഗിച്ചശേഷം കൈകഴുകാതെ മുഖം സ്പർശിക്കരുതെന്നും സംഘടന ആവശ്യപ്പെടുന്നു. കോറോണ വൈറസ് വ്യാപനം തടയുന്നതിനായി നമ്മള്‍ എടുക്കുന്ന എല്ലാ മുന്‍കരുതലും പേപ്പര്‍ കറന്‍സിയുടെ ഉപയോഗത്തിന് ശേഷവും നമുക്ക് സ്വീകരിക്കാം.

TAGS :

Next Story