Quantcast

സങ്കടപ്പെട്ടിരുന്നത് മതി: ഇതാ സന്തോഷത്തിലേക്കുള്ള നാല് വഴികള്‍

ജീവിതത്തില്‍ പതിയെ മഴവില്ലു വിരിയുന്നത്.. കാറ്റ് വീശുന്നത്.. ഇളം മഞ്ഞിന്‍റെ തണുപ്പ് നിറയുന്നത്.. സുഖകരമായ ഒരു മഴ പെയ്യുന്നത് അനുഭവിച്ചറിയാം... ഇക്കാര്യങ്ങള്‍ ശീലമാക്കൂ

MediaOne Logo

  • Published:

    24 Jun 2020 7:14 AM GMT

സങ്കടപ്പെട്ടിരുന്നത് മതി: ഇതാ സന്തോഷത്തിലേക്കുള്ള നാല് വഴികള്‍
X

സന്തോഷമായിരിക്കൂ എന്ന് പലരും പലരോടും പറയാറുണ്ട്, അവരെ സമാധാനിപ്പിക്കാനായി.. പക്ഷേ ഈ സന്തോഷമെവിടെ കിട്ടും, എങ്ങനെ കിട്ടുമെന്ന് ആര്‍ക്കും അറിയില്ല താനും. അത് അത്ര വേഗം കിട്ടുന്ന ഒന്നല്ല താനും. പക്ഷേ ജീവിതത്തില്‍ നാം വരുത്തുന്ന ചില ചില്ലറ മാറ്റങ്ങള്‍ മതി എന്നെന്നും സന്തോഷമായിരിക്കാന്‍ എന്നതാണ് സത്യം.

സ്വന്തം ആഗ്രഹത്തിനനുസരിച്ച്, സന്തോഷത്തിന് അനുസരിച്ച്, സ്വയം പരിഗണിച്ച് ജീവിക്കൂ.. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നതെല്ലാം അതിന് ശേഷം മാത്രം. ഇതാണ് പുതിയകാലത്തെ സന്തോഷത്തിന്റെ പോളിസി. കാരണം അസ്വസ്ഥമായിരിക്കുന്ന നമ്മുടെ മനസ്സിന് ഒരിക്കലും മറ്റൊരാളെ സന്തോഷപ്പെടുത്താന്‍ കഴിയില്ല. കൂടെ നമ്മുടെ ദിനേനയുള്ള ശീലങ്ങളില്‍ നാം വരുത്തുന്ന ചില മാറ്റങ്ങളും കൂടിയുണ്ടെങ്കിലും ലോകത്തെ ഏറ്റവും സന്തോഷമുള്ള വ്യക്തിയായി മാറും നമ്മള്‍.

നന്ദി പറയുക, എന്തിനോടും ആരോടും

ജീവിതത്തോടും നമുക്ക് കിട്ടിയ അനുഗ്രഹങ്ങളോടും എന്നും നന്ദിയുണ്ടായിരിക്കുക, അത് പ്രകടിപ്പിക്കുക, ശേഷം സന്തോഷമായിരിക്കുക- എന്നത് ശാസ്ത്രീയമായിതന്നെ തെളിയിക്കപ്പെട്ട ഒരു തിയറിയാണ്. അത് നമുക്ക് പോസിറ്റീവ് എനര്‍ജി പകര്‍ന്നു തരുന്ന ഒരു വികാരമാണ്. നിങ്ങളുടെ ഒരു ദിവസം ധന്യമാക്കിയ എന്തെങ്കിലും മൂന്നുകാര്യങ്ങള്‍, അത് വസ്തുക്കളാകട്ടെ, സംഭവങ്ങളാകട്ടെ, വ്യക്തികളാകട്ടെ.. ആ ദിവസം മനോഹരമാക്കിയതിന് നന്ദി പറഞ്ഞേക്കുക. ഇനി അത് വ്യക്തികളാണെങ്കില്‍ അവരോട് ഒരു മെസേജിലൂടെയെങ്കിലും നന്ദി അറിയിച്ചേക്കുക. അത് നമ്മുടെ വീട്ടിലുള്ളവരാണെങ്കില്‍ കൂടി എന്തിന് ആ നന്ദി പറയാന്‍ നാം മടിക്കണം..

ആ നിമിഷത്തില്‍ മാത്രം ജീവിക്കുക

കഴിഞ്ഞുപോയതിനെ കുറിച്ച് സങ്കടപ്പെടാതിരിക്കുക, വരാനിരിക്കുന്നതിനെ കുറിച്ച് ആധിപിടിക്കാതിരിക്കുക, ആ നിമിഷത്തെ കുറിച്ച് മാത്രം ചിന്തിക്കുക, അതില്‍ മാത്രം ജീവിക്കുക. നമ്മുടെ ഉള്ളിലും പുറത്തും സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ കുറിച്ച് അത് നമ്മളെ ബോധവാന്മാരാക്കും. നമ്മുടെ ചിന്തകളെ, വികാരങ്ങളെ, പ്രവൃത്തികളെ എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താം എങ്ങനെ അതിന്റെ പ്രയോജനം നേടാം എന്നതിനും ഇത് വ്യക്തികളെ സഹായിക്കുന്നു.

ഇന്നില്‍ ജീവിച്ചുതുടങ്ങുമ്പോള്‍ നിങ്ങളുടെ മനസ്സിന് സംഭവിക്കുന്ന മാറ്റങ്ങളെ ഒരിക്കലും വിവരിക്കാന്‍ കഴിയില്ല.. അത് നിങ്ങള്‍ അനുഭവിച്ച് തന്നെ അറിയണം. നമ്മുടെ ശാരീരിക ആരോഗ്യവും രോഗപ്രതിരോധശേഷിയും മെച്ചപ്പെടും, ഉത്കണ്ഠ കുറയും.

എങ്ങനെ അനാവശ്യചിന്തകളെ ഒഴിവാക്കി ഈ നിമിഷത്തില്‍ മാത്രം ജീവിക്കാമെന്ന് നോക്കാം.

1. മൂന്നേ മൂന്ന് മിനിറ്റ് നിങ്ങള്‍ക്ക് മാത്രമായി നല്‍കൂ

ഒരു ദീര്‍ഘനിശ്വാസം എടുക്കുക. ശ്രദ്ധ പൂര്‍ണമായും നമ്മുടെ ശരീരത്തിലേക്ക് കൊണ്ടുവരിക. സാവധാനം ശരീരത്തിന്‍റെ ഓരോ ഭാഗത്തിലേക്ക് ശ്രദ്ധ മാറിമാറി കൊണ്ടുവരിക.. മൂന്നു മിനിറ്റ് ഇങ്ങനെ തുടരുക. നിങ്ങളുടെ മനസ്സ് പതിയെ ശാന്തത കൈവരിക്കുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാം.

2. അഞ്ച് ഇന്ദ്രിയങ്ങളെയും ശ്രദ്ധിക്കൂ

നിങ്ങളുടെ അഞ്ച് ഇന്ദ്രിയങ്ങൾ, നിങ്ങള്‍ക്ക് കാണാന്‍ അഞ്ചുകാര്യങ്ങള്‍. അനുഭവിക്കാന്‍ പറ്റുന്ന നാല് കാര്യങ്ങള്‍, കേള്‍ക്കാന്‍ പറ്റുന്ന മൂന്ന് കാര്യങ്ങള്‍, മണക്കാന്‍ പറ്റുന്ന രണ്ട് കാര്യങ്ങള്‍, ഏറ്റവുമവസാനം രുചിച്ചറിയാന്‍ പറ്റുന്ന ആ ഒരു കാര്യവും ഇവ ഉപയോഗിച്ച് ചുറ്റുപാടുകൾ ശ്രദ്ധിക്കുക.

3. ശ്വാസം ക്രമീകരിക്കുക

ഒന്ന് ശ്വാസം വലിച്ചുവിടുക, ശേഷം നാലുവരെ എണ്ണുക.. വീണ്ടും തുടരുക. ഒരു മൂന്നുനാല് തവണ ഇതുപോലെ ആവര്‍ത്തിക്കുക.

വ്യായാമം മുടക്കാതിരിക്കുക

ശരീരത്തിന്റെ ആരോഗ്യത്തിന് വ്യായാമം ശീലമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അറിയുന്നവരാണ് ഏവരും. വ്യായാമം നമ്മുടെ ഊര്‍ജ്ജം വര്‍ധിപ്പിക്കുകയും പ്രതിരോധ ശേഷി കൂട്ടുകയും ചെയ്യുന്നു. നല്ല ഉറക്കം കിട്ടാനും, ശരീരഭാരം നിയന്ത്രിക്കാനും എല്ലാം വ്യായാമം നമ്മളെ സഹായിക്കുന്നു. കൂടാതെ മാനസികമായും ശാരീരികമായും നമ്മെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഉത്കണ്ഠ, വിഷാദം, മറ്റ് മാനസികാരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള മരുന്ന് കൂടിയാണ് വ്യായാമം. വ്യക്തികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തി അവരെ ആത്മവിശ്വാസമുള്ളവരാക്കാനും സന്തോഷത്തിന്റെ ഗ്രാഫ് ഉയര്‍ത്താനും ദിനേനയുള്ള വ്യായാമം സഹായിക്കും. എന്തുതരത്തിലുള്ള വ്യായാമം വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.... റൂമിനുളളില്‍ വെച്ച് വെറുതെ ഡാന്‍സ് കളിക്കണോ, ടെറസില്‍ വെച്ച് യോഗ ചെയ്യണോ, വീട്ടുമുറ്റത്ത് ബാട്മിന്‍റണ്‍ കളിക്കണോ അത് നിങ്ങളുടെ ഇഷ്ടം. ദിവസവും വ്യായാമം ചെയ്യുക, അതുമാത്രം ശ്രദ്ധിച്ചാല്‍ മതി. അതിനായി വീടിന് പുറത്തിറങ്ങി ഓടണമെന്നോ ജിമ്മില്‍ പോകണമെന്നോ ഇല്ല.

അനുകമ്പയുള്ളവരാകുക

ദയ, പരിഗണന, മനസ്സിലാക്കല്‍- കുറ്റപ്പെടുത്തുന്നതിനും വിമര്‍ശിക്കുന്നതിനും പകരം ഇതുമാത്രം മതി ജീവിതത്തില്‍ എന്ന് ഉറപ്പിക്കൂ... നമ്മള്‍ നമ്മളോടും മറ്റുള്ളവരോടും സഹാനുഭൂതി ഉള്ളവരായിരിക്കും എന്ന് ഉറപ്പ് വരുത്തൂ. സ്വയം വിമര്‍ശനമാണ് പലപ്പോഴും ഉത്കണ്ഠയ്ക്കും വിഷാദത്തിനും, നിരാശയ്ക്കും ആത്മവിശ്വാസക്കുറവിനും ഒക്കെ കാരണമാകുന്നത്. അനുകമ്പയുള്ള മനസ്സുള്ള ഒരാള്‍ എപ്പോഴും ഒരു ശുഭാപ്തി വിശ്വാസക്കാരനായിരിക്കും. പോസിറ്റീവ് വികാരങ്ങളായ സന്തോഷം, ആശ്ചര്യം എന്നിവ പ്രകടിപ്പിക്കുന്ന ആളായിരിക്കും. ജോലിയില്‍ വ്യാപൃതനായിരിക്കും.

നിങ്ങള്‍ നിങ്ങളെ സ്നേഹിക്കാന്‍ പഠിക്കുക, നിങ്ങളെ പ്രണയിക്കാന്‍ പഠിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരോടും സുഹൃത്തുക്കളോടും നിങ്ങൾ അനുകമ്പയോടു കൂടി മാത്രം പെരുമാറുക. സ്നേഹവും ഊഷ്മളതയും ദയയും അനുകമ്പയും പകര്‍ന്നകൊടുക്കുക. നിങ്ങൾ ഒരുപാട് പ്രത്യേകതകളുള്ള ഒരാളാണെന്ന് നിങ്ങള്‍ സ്വയം വിശ്വസിക്കുക..

മതി... ജീവിതത്തില്‍ പതിയെ മഴവില്ലു വിരിയുന്നത്.. കാറ്റ് വീശുന്നത്.. ഇളം മഞ്ഞിന്‍റെ തണുപ്പ് നിറയുന്നത്.. സുഖകരമായ ഒരു മഴ പെയ്യുന്നത് അനുഭവിച്ചറിയാം.

TAGS :

Next Story