Quantcast

‌‌‌‌‌കര്‍ക്കിടകത്തില്‍ കഴിക്കാം പത്തിലകള്‍

കര്‍ക്കിടകക്കഞ്ഞി പോലെ പ്രധാനമാണ് പത്തിലക്കറിയും. ഔഷധക്കഞ്ഞിയോടൊപ്പം കഴിക്കാനുള്ള ഒരു കറിയാണ് പത്തിലത്തോരൻ

MediaOne Logo

  • Published:

    18 July 2020 10:52 AM IST

‌‌‌‌‌കര്‍ക്കിടകത്തില്‍ കഴിക്കാം പത്തിലകള്‍
X

പഞ്ഞക്കര്‍ക്കിടകമെന്ന് കര്‍ക്കിടകത്തിന് ഒരു ചീത്തപ്പേരുണ്ടെങ്കിലും പലരും ആരോഗ്യ സംരക്ഷണത്തിനുള്ള മാസമായിട്ടാണ് കര്‍ക്കിടകത്തെ കാണുന്നത്. മലയാളികൾ ശരീരപുഷ്ടിക്കും ആയുരാരോഗ്യ വർദ്ധനവിനുമായി ഔഷധക്കഞ്ഞി കഴിക്കുന്നതും ആയുർവേദ/ നാട്ടുവൈദ്യ വിധിപ്രകാരം 'സുഖചികിത്സ' നടത്തുന്നതും കർക്കടകത്തിലാണ്.കർക്കടക മാസത്തിൽ ആരോഗ്യ പരിപാലനത്തിനായി കർക്കടകക്കഞ്ഞി കുടിക്കുന്നത് ഇന്ന് ഒരു വലിയ വിപണി തന്നെ ആയിട്ടുണ്ട്. മരുന്ന് കഞ്ഞിയുടെ റെഡിമെയ്ഡ് കിറ്റുകള്‍ ഇന്ന് മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്.

കര്‍ക്കിടകക്കഞ്ഞി പോലെ പ്രധാനമാണ് പത്തിലക്കറിയും. ഔഷധക്കഞ്ഞിയോടൊപ്പം കഴിക്കാനുള്ള ഒരു കറിയാണ് പത്തിലത്തോരൻ. പത്തു ഇലകൾ ചേർത്തുണ്ടാക്കുന്ന ഈ തോരന് പല കൂട്ടുകളുണ്ട്. ചുവന്ന ചീര, പച്ചച്ചീര, മുള്ളൻചീര, സാമ്പാർ ചീര, തഴുതാമയില, പയറില, കുമ്പളത്തില, തകരയില, കാട്ടുതാൾ, കുളത്താൾ, മത്തന്‍റെ തളിരില, കോവലില, മുരിങ്ങയില, ചേമ്പില, ചേനയില എന്നിവയാണ് ആ പത്തിലകള്‍.

പത്തിലക്കറി ഉണ്ടാക്കുന്ന വിധം

ഇലകളെല്ലാം കഴുകി വൃത്തിയാക്കിയശേഷം ചെറുതായി അരിയുക. (ഓരോന്നും ഓരോ പിടി വീതം). കുറച്ചു തേങ്ങയും കാന്താരിമുളകും ചുവന്നുള്ളിയും ജീരകവും കൂടി ഒന്നു ചതച്ചെടുക്കുക (നിങ്ങളുടെ അഭിരുചിക്കനുസരിച്ച് വെളുത്തുള്ളിയോ, ഇഞ്ചിയോ ഒക്കെ ചേർക്കാം).

വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും കുറച്ചു ഉഴുന്നുപരിപ്പും ഇട്ടുമൂപ്പിച്ച ശേഷം ഇതിലേയ്ക്ക് ഇലകൾ അരിഞ്ഞതും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി, ചെറുതീയിൽ കുറച്ചുനേരം അടച്ചുവയ്ക്കുക( വെള്ളം ഒഴിയ്ക്കേണ്ട ആവശ്യമില്ല).

ഇനി തുറന്നുനോക്കിയാൽ ഇലയിലെ വെള്ളമൊക്കെ വറ്റി പകുതിയായി ചുരുങ്ങിയിരിയ്ക്കുന്നതു കാണാം. ഉപ്പ് ഈ സമയത്ത് ചേർത്താൽ മതി.( ഇലയുടെ അദ്യത്തെ അളവുപ്രകാരം ചേർത്താൽ ഒരുപക്ഷേ ഉപ്പ് അധികമായെന്നുവരും). ഇനി ചതച്ചുവച്ചിരിയ്ക്കുന്ന തേങ്ങാമിശ്രിതം ചേർത്ത് നന്നായിളക്കി അഞ്ചു മിനിട്ടിനു ശേഷം വാങ്ങിവയ്ക്കാം.

TAGS :

Next Story