Quantcast

തുടർച്ചയായ വായ്‌പുണ്ണ് കൊണ്ട് ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ?

മാസത്തിൽ രണ്ടോ മൂന്നോ തവണ വരിക, അതല്ലെങ്കിൽ രണ്ട് ആഴ്ചയിൽ കൂടുതൽ നീളുകയോ ചെയ്യുമ്പോൾ അതിന്‍റെ കാരണങ്ങൾ തേടേണ്ടതാണ്

MediaOne Logo

  • Published:

    29 Oct 2020 1:49 PM IST

തുടർച്ചയായ വായ്‌പുണ്ണ് കൊണ്ട് ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ?
X

വായ്‍പുണ്ണ് അഥവാ വായയിൽ അൾസർ വരുന്നതു കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും.

ഇതുമൂലം ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല, സംസാരിക്കാൻ പറ്റുന്നില്ല, എരിവ്, പുളി തുടങ്ങിയവ ഉപയോഗിക്കാൻ പറ്റുന്നില്ല- എന്നിങ്ങനെ പ്രശ്നങ്ങൾ നീളുന്നു. സാധാരണ നിലയിൽ മൂന്ന് ദിവസം തൊട്ട് രണ്ട് ആഴ്ച വരെയാണ് ഇത് കാണുന്നത്.

എപ്പോഴാണ് വായ്‍പുണ്ണ് ഗൌരവമാക്കേണ്ടത്?

വർഷത്തിൽ ഒന്നോ രണ്ടോ തവണ വരുന്നത് അത്ര ഗൗരവമായി കാണേണ്ടതില്ല. എന്നാൽ മാസത്തിൽ രണ്ടോ മൂന്നോ തവണ വരിക, അതല്ലെങ്കിൽ രണ്ട് ആഴ്ചയിൽ കൂടുതൽ നീളുകയോ ചെയ്യുമ്പോൾ അതിന്‍റെ കാരണങ്ങൾ തേടേണ്ടതാണ്.

വിട്ടുമാറാതെ വായയിൽ വരുന്ന അള്‍സറിനു കാരണങ്ങൾ എന്തൊക്കെ?

ബ്രഷ്, പല്ലിന്‍റെ അറ്റം തുടങ്ങിയവ ഉരസുന്നത് കൊണ്ട് വായയില്‍ മുറിവുകൾ ഉണ്ടാവുകയും അതിൽ വരുന്ന ബാക്ടീരിയൽ ഇൻഫെക്ഷൻ കാരണം അത് അൾസർ ആയി മാറാനും സാധ്യതയുണ്ട്. ചിലരിൽ വിറ്റാമിൻ കുറവ് കാരണം അൾസർ വരാം. മിക്ക ആളുകളും ഇത് മാത്രമാണ് വായയിൽ അൾസർ വരുന്നതിനുള്ള കാരണം എന്ന് കരുതുന്നവരും ആണ്. വിറ്റാമിൻ B12, അയൺ, ഫോളിക് ആസിഡ് എന്നിവയുടെ ഡെഫിസിയൻസി മൂലമാണ് അള്‍സര്‍ കണ്ടു വരാറ്.

ചിലയിനം ടൂത്ത് പേസ്റ്റ്, മൗത്ത് വാഷ് (സോഡിയം ലോറൽ സൽഫേറ്റ് അടങ്ങിയവ) ഉപയോഗിക്കുന്നത് കൊണ്ടും അൾസർ കണ്ടുവരാം.

പുരുഷന്മാരിൽ പുകയിലയുടെ ഉപയോഗം കൊണ്ട് വായയിൽ അൾസർ കാണുന്നു. സ്ത്രീകളിൽ മാസമുറയുടെ തൊട്ട് മുന്നേയുള്ള ഹോർമോൺ ചെയ്ഞ്ച്‌ കൊണ്ടും ഓവുലേഷൻ സമയത്തുള്ള ഹോർമോൺ ചെയ്ഞ്ച്‌ കൊണ്ടും വായയിൽ അൾസർ കണ്ടുവരാറുണ്ട്.

ചില ഭക്ഷണങ്ങളുടെ അലർജി കാരണവും വായയിൽ അൾസർ കാണുന്നു. മസാലകൾ അടങ്ങിയ ഹോട്ടൽ ഫുഡ്, കോഫി, പാൽ ഉത്പന്നങ്ങൾ, ഓറഞ്ച് പോലുള്ള ഫ്രൂട്ട് എന്നിവ ഇത്തരം അലർജി ഉണ്ടാക്കുന്നു.

മറ്റുരോഗങ്ങളുടെ കൂടെയും ഇത്തരം അൾസർ കാണുന്നു. ഉദാഹരണമായി മൈഗ്രെയിൻ, ടെൻഷൻ, സ്‌ട്രെസ്, വയറിൽ അൾസർ, ചില ത്വക് രോഗങ്ങൾ, ഐബിഎസ്, ഗ്യാസ്‍ട്രൈറ്റിസ് ഇവ കാരണമായും വായയിൽ അൾസർ ഉണ്ടാവുന്നു.

ഇടക്കിടെ കാണുന്ന വായ്‍പുണ്ണിന് പ്രധാനമായും വയറിലെ പ്രശ്നങ്ങളാണ് കാരണം. വയറിലും കുടലിലും നല്ല ബാക്ടീരിയയുടെ കുറവ് മൂലം വിറ്റാമിൻ വലിച്ചെടുക്കുന്നത് കുറയുന്നതും വായ്പ്പുണ്ണിന് കാരണമായേക്കാം. അല്ലെങ്കിൽ അവിടെ ഉള്ള പൂപ്പൽ ബാധ കാരണവും ആവാം. ഉയർന്ന ഉർജം അടങ്ങിയ ഭക്ഷണ പാനീയങ്ങൾ, പാക്കറ്റ് ഫുഡ് ഉപയോഗം, ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലം എന്നിവ കൊണ്ടും ഇത്തരം പൂപ്പൽബാധ ഉണ്ടാവാം.

എപ്പോഴാണ് വായയിൽ അൾസർ കാൻസർ ആവുന്നത്?

പുകയില, നിക്കോറ്റിന്‍ ഉപയോഗിക്കുന്നവരിൽ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. രണ്ടു ആഴ്ചയിൽ കൂടുതൽ വായയിൽ അൾസർ നിൽക്കുമ്പോഴും ഗൗരവമാക്കേണ്ടതാണ്. കൂടാതെ പല്ലുകൾ തട്ടി തുടർച്ചയായി അൾസർ വന്നാലും അത് കാൻസർ ആയി മാറാവുന്നതാണ്.

ചികിത്സ, പ്രതിരോധം എങ്ങനെ?

ചെറിയ ചൂട് വെള്ളത്തിൽ ഉപ്പിട്ട് വായ് കഴുകിയാല്‍ അൾസർ പെട്ടെന്ന് ഭേദമാവുന്നതാണ്. തേൻ പുരട്ടുന്നതുകൊണ്ടും ശമനം ലഭിക്കുന്നതാണ്. മഞ്ഞൾ, വേപ്പില ഇട്ട് കാച്ചിയ മോര് ധാരാളമായി ഭക്ഷണത്തിൽ ഉൾപെടുത്തുന്നതും അൽസറിനെ തടഞ്ഞു നിർത്തും.

ഇതൊക്കെ ചെയ്‌താലും തുടർച്ചയായി വരുന്ന അൽസറിനെ തടയാൻ ശരിയായ കാരണം കണ്ടുപിടിക്കുക, എന്നിട്ട് ചികിത്സ തേടുക, ടെൻഷൻ, സ്‌ട്രെസ്സ് എന്നിവ കുറക്കുക.

ആയുര്‍ഗ്രീന്‍ ഹോസ്പിറ്റലിലെ അസിസ്റ്റന്‍റ് ഫിസിഷ്യനാണ് ലേഖിക

TAGS :

Next Story