Quantcast

'സ്ത്രീകളുടെ വിട്ടുമാറാത്ത അസുഖങ്ങള്‍ക്ക് പിന്നില്‍ ഈ മൂന്ന് പോഷകങ്ങളുടെ കുറവാകാം'; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

തിരക്കേറിയ ജീവിതത്തിനും ഓട്ടത്തിനുമിടയില്‍ സ്വന്തം ആരോഗ്യത്തിന് രണ്ടാം സ്ഥാനം മാത്രം നൽകുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും

MediaOne Logo
സ്ത്രീകളുടെ വിട്ടുമാറാത്ത അസുഖങ്ങള്‍ക്ക് പിന്നില്‍ ഈ മൂന്ന് പോഷകങ്ങളുടെ കുറവാകാം; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍
X

തിരക്കേറിയ ജീവിതത്തിനും ഓട്ടത്തിനുമിടയില്‍ സ്വന്തം ആരോഗ്യത്തിന് രണ്ടാം സ്ഥാനം മാത്രം നൽകുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. ജോലിത്തിരക്കും വീട്ടിലെ ജോലിയും കുട്ടികളെ നോക്കുന്നതിനും ഇടയില്‍ പലപ്പോഴും ആവശ്യത്തിന് ഭക്ഷണം കഴിക്കാനോ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെയോ പോകുന്നു.

ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങളിലൂടെ കടന്നുപോകുന്നവരാണ് സ്ത്രീകൾ. ആർത്തവം, ഗർഭധാരണം, മുലയൂട്ടൽ, ആർത്തവവിരാമം എന്നിങ്ങനെ ഓരോ ഘട്ടത്തിലും ശരീരത്തിന് പ്രത്യേക പരിചരണം ആവശ്യമാണ്. വിട്ടുമാറാത്ത തളർച്ച, അടിക്കടി ഉണ്ടാകുന്ന അണുബാധകൾ, അകാരണമായ ദേഷ്യം എന്നിവയെല്ലാം പോഷകാഹാരക്കുറവിന്റെ ലക്ഷണമാകാം.

നിസ്സാരമെന്നു കരുതി നമ്മൾ തള്ളിക്കളയുന്ന പല ആരോഗ്യപ്രശ്നങ്ങളുടെയും പിന്നിലും ചില പ്രധാന പോഷകങ്ങളുടെ കുറവാകാം. അടിക്കടി അസുഖങ്ങൾ വരുന്നത് തടയാനും പ്രതിരോധശേഷി വർധപ്പിക്കാനും സ്ത്രീകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട മൂന്ന് പ്രധാന പോഷകങ്ങളെക്കുറിച്ച് അറിയാം.

ഇരുമ്പ് (Iron)

സ്ത്രീകളുടെ ആരോഗ്യത്തിൽ ഏറ്റവും നിർണ്ണായകമായ ഒന്നാണ് ഇരുമ്പ് അഥവാ അയണ്‍. ആർത്തവം, ഗർഭധാരണം തുടങ്ങിയ ശാരീരിക മാറ്റങ്ങൾ കാരണം സ്ത്രീകളിൽ ഇരുമ്പിന്റെ കുറവ് മൂലം അനീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.ശരീരത്തിലെ കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിനും ഉന്മേഷം നിലനിർത്തുന്നതിനും ഇരുമ്പ് അത്യാവശ്യമാണ്. ചുവന്ന രക്താണുക്കളിൽ ഹീമോഗ്ലോബിൻ രൂപപ്പെടുന്നതിന് ഇരുമ്പ് അത്യാവശ്യമാണ്. അതുകൊണ്ടാണ് ഇരുമ്പിന്റെ കുറവ് പലപ്പോഴും നിരന്തരമായ ക്ഷീണം, ശ്വാസതടസം, തലകറക്കം, തളര്‍ച്ച, അണുബാധകൾ എന്നിവക്ക് കാരണമാകും.

ഈ പോഷകത്തിന്‍റെ കുറവ് ശ്രദ്ധിക്കാതെ പോയാല്‍ സ്ത്രീകൾക്ക് ക്രമരഹിതമായ ആർത്തവം, പ്രസവശേഷം സുഖം പ്രാപിക്കാനുള്ള ബുദ്ധിമുട്ട് എന്നിവക്കുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കൂടാതെ അമിതമായ മുടികൊഴിച്ചില്‍, ചര്‍മ്മം വിളറുക എന്നിവക്കും കാരണമാകും.

അയണ്‍ കൂടുതലായി അടങ്ങിയിരിക്കുന്നത് ചീര ഉൾപ്പെടെയുള്ള പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, റെഡ് മീറ്റ്, ഉണക്കമുന്തിരി, ശർക്കര,മുട്ടയുടെ മഞ്ഞക്കരു, പരിപ്പ് വര്‍ഗങ്ങള്‍ എന്നിവയിലാണ്. അതുകൊണ്ട് തന്നെ സ്ത്രീകള്‍ ഇവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

വിറ്റാമിൻ B12

അധികമാരും ശ്രദ്ധിക്കാതെ പോകുന്ന പ്രധാന പോഷകമാണ് വിറ്റാമിൻ ബി12. സസ്യാഹാരം മാത്രം കഴിക്കുന്നവരിലും, പാൽ ഉൽപ്പന്നങ്ങൾ കഴിക്കാത്തവര്‍ എന്നിവയില്‍ ഈ പോഷകത്തിന്‍റെ കുറവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. നാഡികളുടെ ആരോഗ്യം നിലനിർത്തുന്നതിനും തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കുന്നതിനും വിറ്റാമിൻ B12 അത്യാവശ്യമാണ്. കൂടാതെ ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിലും ഇത് പ്രധാന പങ്ക് വഹിക്കുന്നു.

വിറ്റാമിൻ B12 കുറവിന്‍റെ ലക്ഷണങ്ങള്‍

എപ്പോഴും ക്ഷീണവും തളർച്ചയും അനുഭവപ്പെടുക,

കൈകളിലോ കാലുകളിലോ സൂചി കൊണ്ട് കുത്തുന്നത് പോലെയുള്ള തരിപ്പ് അനുഭവപ്പെടുക.

ഏകാഗ്രത കുറവ്: കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ.

സ്വഭാവത്തില്‍ പെട്ടന്നുണ്ടാകുന്ന മാറ്റങ്ങള്‍

വിറ്റാമിൻ B12 അടങ്ങിയ പ്രധാന ഭക്ഷണങ്ങൾ

പാൽ

തൈര്

പനീർ

ചീസ്

മുട്ട

മത്സ്യം

ഇറച്ചി

ഫോളേറ്റ് അഥവാ വിറ്റാമിൻ ബി 9

ഈ പട്ടികയിലെ മൂന്നാമത്തെ പോഷകമാണ് ഫോളേറ്റ് അഥവാ വിറ്റാമിൻ ബി 9 ആണ്. സ്ത്രീകളുടെ പ്രത്യുൽപാദന പ്രായത്തിൽ ഇത് അതിപ്രധാനമാണ്. ഗർഭധാരണത്തിന് മുൻപും ഗർഭകാലത്തും കോശങ്ങളുടെ വളർച്ചയ്ക്കും ഫോളേറ്റ് വലിയ പങ്കുവഹിക്കുന്നു. കൂടാതെ, കുഞ്ഞുങ്ങളിലെ വൈകല്യങ്ങൾ കുറയ്ക്കാനും രക്തത്തിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷി വർധിപ്പിക്കാനും ഇത് സഹായിക്കുന്നു.

ഗർഭകാലത്തിന് മുൻപും ശേഷവും ശരീരത്തിൽ കൃത്യമായ അളവിൽ ഫോളേറ്റ് ഉണ്ടാകുന്നത് ഭ്രൂണത്തിന്റെ ആരോഗ്യകരമായ വളർച്ച ഉറപ്പാക്കാനും ജന്മനായുള്ള വൈകല്യങ്ങൾ ഒഴിവാക്കാനും സഹായിക്കുമെന്ന് ഡോക്ടർമാര്‍ പറയുന്നു. എന്നാൽ ഇതിന്റെ കുറവ് പരിഹരിച്ചില്ലെങ്കിൽ വിളർച്ച, തളർച്ച, പ്രതിരോധശേഷി കുറയൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

ഫോളേറ്റ് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ

കടും പച്ച നിറത്തിലുള്ള ഇലക്കറികൾ

ബ്രോക്കോളി

ശതാവരി

അവോക്കാഡോ

സിട്രസ് പഴങ്ങൾ (നാരങ്ങ, ഓറഞ്ച് തുടങ്ങിയവ)

നിലക്കടല

പരിപ്പ് വർഗ്ഗങ്ങൾ

തവിട് നീക്കാത്ത ധാന്യങ്ങൾ

പ്രത്യേകം ശ്രദ്ധിക്കാൻ:

പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനൊപ്പം മതിയായ വിശ്രമവും വ്യായാമവും ഉറപ്പാക്കേണ്ടതുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതും സ്ട്രെസ് കുറയ്ക്കുന്നതും ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കും.

അതേസമയം, മുകളില്‍ കൊടുത്തിരിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ പോഷകക്കുറവ് പരിഹരിക്കാൻ സാധിക്കുമെങ്കിലും, അമിതമായ ക്ഷീണമോ അസുഖങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ട് രക്തപരിശോധന നടത്തുന്നത് നല്ലതാകും. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം സപ്ലിമെന്റുകൾ കുടിക്കുകയും ചെയ്യാം.

TAGS :

Next Story