Quantcast

ഒറ്റ പെഗ് മതി ജീവിതം മാറാൻ; മദ്യപാനം മൂലം മരിക്കുന്നവരിൽ കൂടുതലും ചെറുപ്പക്കാർ

ഒരു വർഷം 30 ലക്ഷം പേരാണ് മദ്യപാനം മൂലം മരണപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു

MediaOne Logo

Web Desk

  • Published:

    12 Aug 2023 1:16 PM GMT

ഒറ്റ പെഗ് മതി ജീവിതം മാറാൻ; മദ്യപാനം മൂലം മരിക്കുന്നവരിൽ കൂടുതലും ചെറുപ്പക്കാർ
X

ആരോഗ്യത്തിന് ഹാനികരമെന്ന് കുപ്പിയിൽ എഴുതി ഒട്ടിച്ചാലും ഒന്നാം തീയതിക്ക് മുൻപ് തന്നെ ബിവറേജസിന് മുന്നിലുണ്ടാകുന്ന ക്യൂ തെളിയിച്ചുതരും മദ്യം ആളുകളുടെ ജീവനേക്കാൾ എത്രത്തോളം പ്രധാനമാണെന്ന്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ വരുന്നുണ്ടെന്ന പൂർണ ബോധ്യത്തോടെയാണ് ആളുകൾ മദ്യം കഴിക്കുന്നത്. ഇടയ്ക്കിടെ കഴിച്ചാലും ഒരു തുള്ളി കഴിച്ചാലും ഫലം അല്പം വൈകിയാണെങ്കിലും തേടിയെത്തും. അത്രത്തോളം മാരകമായ ഘടകങ്ങളാണ് ഒരു മദ്യത്തുള്ളിയിൽ പോലും അടങ്ങിയിരിക്കുന്നത്.

ആരോഗ്യപ്രശ്നങ്ങൾക്ക് പുറമേ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളും മദ്യപാനികൾക്ക് ഉണ്ടാകാറുണ്ട്. മദ്യത്തിന്റെ ഹാനികരമായ ഉപയോഗം കുടിക്കുന്നയാളെ മാത്രമല്ല അവരുടെ ചുറ്റുമുള്ള ആളുകളെ കൂടിയാണ് ബാധിക്കുന്നത്. അത് സ്വന്തം കുടുംബമോ സുഹൃത്തുക്കളോ എന്തിന് ചുറ്റുമുള്ള അപരിചിതർ വരെയാകാം. 200-ലധികം രോഗങ്ങൾക്കും മറ്റ് ആരോഗ്യസ്ഥിതികൾക്കും കാരണമാകുന്ന ഒന്നാണ് മദ്യപാനമെന്ന് ലോകാരോഗ്യ സംഘടന നിരന്തരം മുന്നറിയിപ്പ് നൽകുമ്പോഴും ദിനംപ്രതി മദ്യപാനികളുടെ എണ്ണം വർധിച്ചുവരികയാണ്.

പെരുമാറ്റ വൈകല്യങ്ങളും, ലിവർ സിറോസിസ്, ചില അർബുദങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ പ്രധാന സാംക്രമികേതര രോഗങ്ങളും മദ്യപാനം മൂലമുണ്ടാകുന്നതാണ്. മദ്യപാനം മൂലമുണ്ടാകുന്ന അപകടങ്ങളിൽ കൂടുതലും റോഡപകടങ്ങളാണെന്ന് ലോകാരോഗ്യ സംഘടനാ റിപ്പോർട്ടിൽ പറയുന്നു. അക്രമം, ആത്മഹത്യകൾ എന്നിവയും കുറവല്ല. മാരകമായ മദ്യപാനവുമായി ബന്ധപ്പെട്ട ഗുരുതര ആരോഗ്യപ്രശ്നങ്ങൾ താരതമ്യേന ചെറിയ പ്രായത്തിലുള്ളവരിലാണ് സംഭവിക്കുന്നത്.

മദ്യപാനം ക്ഷയരോഗവും എച്ച്ഐവിയും പോലുള്ള പകർച്ചവ്യാധികളുമായുള്ള ബന്ധത്തിന് പോലും കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലോകമെമ്പാടും, ഓരോ വർഷവും 30 ലക്ഷം മരണങ്ങളാണ് മദ്യപാനം മൂലം സംഭവിക്കുന്നത്. ഇത് മൊത്തം മരണങ്ങളുടെ 5.3% ആണ്.

മദ്യപാനം ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ മരണത്തിനും വൈകല്യത്തിനും കാരണമാകുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. 20-39 വയസ് പ്രായമുള്ളവരിൽ, മൊത്തം മരണങ്ങളിൽ ഏകദേശം 13.5% മദ്യം മൂലമാണ്. മദ്യം മൂലമുണ്ടാകുന്ന ആരോഗ്യം, സുരക്ഷ, സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാനായി അതാത് സർക്കാരുകൾ ഉചിതമായ നയങ്ങൾ രൂപീകരിക്കുകയും നടപ്പിലാക്കുകയും വേണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു.

ചെറുപ്പക്കാരിൽ ലഹരി പാനീയങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയാണ് ആദ്യപടി. മദ്യത്തിന്റെ ലഭ്യത നിയന്ത്രിക്കുകയും വിലക്കേർപ്പെടുത്തുകയും വേണമെന്നും ലോൿരോഗ്യസംഘടന നിർദേശിക്കുന്നു. നികുതിയും വിലനിർണ്ണയ സംവിധാനങ്ങളും വഴി ഡിമാൻഡ് കുറയ്ക്കുകയാണ് മറ്റൊരു വഴി. മദ്യത്തിന്റെ ഹാനികരമായ ഉപയോഗം മൂലം വ്യക്തികൾക്കും സമൂഹത്തിനും പൊതുവെ ഉണ്ടാകുന്ന ആരോഗ്യ സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് അവബോധം വളർത്തുകയും വേണം.

TAGS :

Next Story