കൈകാലുകളിലെ ഈ അടയാളങ്ങൾ കരൾ രോഗത്തിന്റെ ലക്ഷണങ്ങളാകാം
ലക്ഷണങ്ങൾ നേരത്തേ കണ്ടെത്തുന്നത് രോഗങ്ങള്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കാന്‍ സഹായിക്കും

representative image
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. വയറിന്റെ വലതുവശത്തായി വാരിയെല്ലുകൾക്ക് താഴെയാണ് കരളിരിക്കുന്നത്. രക്തം ശുദ്ധീകരിക്കുക, പോഷകങ്ങൾ ഉപാപചയം ചെയ്യുക,പിത്തരസം ഉത്പാദിപ്പിക്കുക,വിറ്റമിനുകൾ സംഭരിക്കുക തുടങ്ങി നിരവധി ശാരീരിക പ്രവർത്തനങ്ങൾക്ക് കരൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. കരളിനുണ്ടാകുന്ന ഏതൊരു തകരാറും കൈകാലുകൾ ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടയാളങ്ങളായി തെളിയാറുണ്ട്. ഇവ നേരത്തെ കണ്ടെത്തുകയും കൃത്യമായ വൈദ്യസഹായം തേടുകയും ചെയ്യുന്നത് രോഗം തിരിച്ചറിയാനും ചികിത്സ ആരംഭിക്കാനും സാധിക്കും.
കൈകളിലും കാലുകളിലും പ്രത്യക്ഷപ്പെടുന്ന കരൾ രോഗത്തിന്റെ ചില ലക്ഷണങ്ങളിതാ...
ചുവന്ന കൈപ്പത്തികൾ (പാമർ എറിത്തമ)
കൈപ്പത്തികള്‍ ചുവപ്പായി മാറുന്ന അവസ്ഥയാണ് പാമർ എറിത്തമ. കരൾ രോഗം ബാധിച്ചവരുടെ കൈപ്പത്തിയുടെ തൊലിയിൽ അസാധാരണമായ ചുവന്ന നിറമുണ്ടാകും. തള്ളവിരലിനും ചെറുവിരലിനും താഴെയുള്ള ഭാഗത്താണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. കരൾ കോശങ്ങൾക്ക് ഉണ്ടാകുന്ന തകരാറുകളും ഹോർമോൺ വ്യതിയാനങ്ങൾക്കും രക്തപ്രവാഹത്തിലെ മാറ്റങ്ങൾക്കും കാരണമാകുന്നു. ഇരു കൈകളിലും ചുവപ്പ് നിറം കാണാം.അതേസമയം, മറ്റ് രോഗങ്ങളുടെ ലക്ഷണമായും കൈകളിൽ ചുവപ്പ് നിറം കാണാം.അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കണ്ട് രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്.
സ്‌പൈഡർ വെയിൻ
ചുവപ്പ് അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ള രക്തക്കുഴലുകൾ എട്ടുകാലി വലയുടെ രൂപത്തില്‍ ചർമ്മത്തിന്റെ ഉപരിതലത്തിൽ കാണപ്പെടുന്നതിനെയാണ് സ്‌പൈഡർ ആൻജിയോമാസ് അഥവാ സ്‌പൈഡർ വെയിൻ എന്നറിയപ്പെടുന്നത്. കരളിനുണ്ടാകുന്ന തകരാറാണ് കൈകളിലും കാലുകളും കാണുന്ന സ്‌പൈഡർ വെയിനുകള്‍ക്ക് കാരണം. കരളിനുണ്ടാകുന്ന പ്രശ്‌നങ്ങൾ ഹോർമോൺ അസന്തുലിതാവസ്ഥക്കും രക്തം കട്ടപിടിക്കുന്നതടക്കമുള്ള പ്രശ്‌നങ്ങൾക്കും കാരണമാകും. ചർമ്മത്തിന്റെ ഉപരിതലത്തിനടത്തുള്ള രക്തക്കുഴലുകളുടെ വലിപ്പം വർധിക്കുന്നതാണ് ഇതിന് കാരണം. ക്രോണിക് ലിവർ സിറോസിസും സ്‌പെഡർ വെയിന് കാരണമാകും.ഇത്തരത്തിലുള്ള ലക്ഷങ്ങൾ കണ്ടാൽ ഡോക്ടറുടെ കണ്ട് ചികിത്സ തേടാവുന്നതാണ്.
വിരലുകളുടെ അഗ്രം വീർക്കുക
കൈകളിലെയും കാലുകളിലെയും വിരലുകളുടെ അഗ്രഭാഗങ്ങൾ വീർക്കുകയും താഴോട്ട് വളയുകയും ചെയ്യുന്നത് കരൾ രോഗം,രക്തത്തിലെ ഓക്‌സിജൻ അളവിലെ മാറ്റങ്ങൾ ,രക്തചംക്രമണം പ്രശ്‌നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാകാം. നഖത്തിന്റെ ആകൃതിയിലോ കൈവിരലുകളിലോ കാൽ വിരലുകളുടെയോ വലിപ്പത്തിലോ അസാധാരണമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ കൃത്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
കൈകാലുകളിലെ മഞ്ഞനിറം
മഞ്ഞപ്പിത്തമെന്ന കരൾരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് കൈകാലുകളിലെ മഞ്ഞനിറം. മഞ്ഞനിറം ആദ്യം മുഖത്താണ് പ്രത്യക്ഷപ്പെടുക. പിന്നീട് കൈകളിലവും കാലുകളിലും എത്തുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയും ചെയ്യും. ചർമ്മത്തിൽ മഞ്ഞനിറം കണ്ടാൽ ഉടൻ പരിശോധന നടത്തുന്നതാണ് നല്ലത്.
കൈകാലുകളിലെ വീക്കം
കരൾ രോഗത്തിന്റെ ഗുരുതരമായ അവസ്ഥയുടെ ലക്ഷണമാണ് നീർവീക്കം. കരൾ ശരിയായി പ്രവർത്തിക്കാത്തതിനാൽ കൈകളിലെയും കാലുകളിലെയും കലകളിൽ ദ്രാവകം അടിഞ്ഞുകൂടും.പ്രോട്ടീനുകളുടെ അഭാവം മൂലമാണ് കലകളിലേക്ക് ദ്രാവകം ഒഴുകുന്നത്. കൈകളുടെയും കാലുകളുടെയും വീക്കം കരൾ രോഗം വഷളാകുന്നതിന്റെ കൂടി സൂചനയാണ്. അതുകൊണ്ട് തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടുന്നതും നല്ലതാണ്.
Adjust Story Font
16

