എപ്പോഴും തിരക്കാണോ?; സൂക്ഷിക്കുക, നിങ്ങളുടെ ശരീരം നൽകുന്നത് വലിയ വില
വിശ്രമിക്കുമ്പോൾ പോലും അടുത്തത് എന്ത് എന്ന ചിന്തയുണ്ടോ ? നിങ്ങൾ ശ്രദ്ധിക്കണം

- Published:
21 March 2026 1:40 PM IST

ബംഗളൂരു: വേഗത പുതിയ കാലത്തിന്റെ രീതിയാണ്. വേഗത്തിൽ ഭക്ഷണം കഴിക്കുക, കൃത്യമായ ഇടവേളകളില്ലാത്ത ജോലി ഇതെല്ലാം വളരെ സാധാരണമായൊരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ, ഈ അമിത വേഗത വെറും തിരക്കല്ല, മറിച്ച് ശരീരത്തിന് വലിയ ദോഷം ചെയ്യുന്ന ഒരു ശീലമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
1. ഹൃദയത്തിന് കടുത്ത സമ്മർദം
എപ്പോഴും തിരക്കിട്ട് കാര്യങ്ങൾ ചെയ്യുന്നത് ഹൃദയത്തിന് അനാവശ്യമായ ജോലിഭാരം നൽകുന്നുവെന്നാണ് കാർഡിയോളജിസ്റ്റായ ഡോ. ദീപക് കൃഷ്ണമൂർത്തി പറയുന്നത്. ഓരോ തവണയും നാം തിരക്ക് കൂട്ടുമ്പോൾ ശരീരം 'ഫ്‌ലൈറ്റ് ഓർ ഫൈറ്റ്' അവസ്ഥയിലേക്ക് മാറുന്നു. ഇത് രക്തസമ്മർദ്ദം ഉയർത്തുകയും ഹൃദയമിടിപ്പിന്റെ വേഗത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.ഇതൊരു പതിവായി മാറിയാൽ ഹൈപ്പർടെൻഷൻ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവക്ക് കാരണമാവും.
2. ദഹനപ്രക്രിയ തടസ്സപ്പെടുന്നു
ശാന്തമായ അവസ്ഥയിലായിരിക്കുമ്പോൾ മാത്രമാണ് നമ്മുടെ ശരീരം ഭക്ഷണം ശരിയായി ദഹിപ്പിക്കുന്നത്. എന്നാൽ, തിരക്കിട്ട് ഭക്ഷണം കഴിക്കുമ്പോൾ ശരീരം ദഹനത്തിന് ആവശ്യമായ രക്തപ്രവാഹത്തെ പേശികളിലേക്ക് തിരിച്ചുവിടുന്നു.മാനസിക സമ്മർദ്ദം കൂടുമ്പോൾ ആമാശയത്തിൽ ആസിഡ് ഉല്പാദനവും വർദ്ധിക്കുന്നു. ഇത് ഉദരസംബന്ധമായ അസുഖങ്ങൾക്കും അസിഡിറ്റി, ഇറിറ്റബിൾ ബവൽ സിൻഡ്രോം തുടങ്ങിയവക്കും കാരണമാകുന്നുവെന്ന് എൻഡോക്രൈനോളജിസ്റ്റായ ഡോ. നന്ദിനി ശങ്കര നാരായണ പറയുന്നു.
3. ഹോർമോൺ അസന്തുലിതാവസ്ഥ
തിരക്കേറിയ ജീവിതശൈലി കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ സ്‌ട്രെസ് ഹോർമോണുകളുടെ അളവ് ശരീരത്തിൽ ഉയർത്തുന്നു. ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റിയെയും തൈറോയ്ഡ് പ്രവർത്തനത്തെയും ബാധിക്കുന്നു. അതിൻ്റെ ഫലമായി അമിതമായ വിശപ്പ്, ഉറക്കമില്ലായ്മ, അമിതവണ്ണം എന്നിവയുണ്ടാകുന്നു.
ലക്ഷണങ്ങൾ ഇവയാണ്
- ഭക്ഷണം മിനിറ്റുകൾക്കുള്ളിൽ കഴിച്ചു തീർക്കുക
- ആഴമില്ലാത്ത ശ്വാസോച്ഛ്വാസം
- വിശ്രമിക്കുമ്പോൾ പോലും അടുത്തത് എന്ത് എന്ന ചിന്ത
- വിശ്രമം എന്നത് സമയം പാഴാക്കലായി തോന്നുക.
എങ്ങനെ മാറ്റം കൊണ്ടുവരാം?
- തിരക്ക് കുറയ്ക്കുക എന്നതിനർത്ഥം ജോലി ചെയ്യാതിരിക്കുക എന്നല്ല. മറിച്ച് കാര്യങ്ങൾ ബോധപൂർവ്വം പതുക്കെ ചെയ്യുക എന്നതാണ്.
- ജോലിക്കിടയിൽ ചെറിയ ഇടവേളകൾ എടുക്കുന്നത് ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാൻ സഹായിക്കും.
- സ്‌ക്രീനുകൾ നോക്കാതെ ഭക്ഷണം ആസ്വദിച്ച് കഴിക്കുക.
- ഹോർമോൺ നില കൃത്യമാക്കാൻ കൃത്യമായ ഉറക്കം ശീലിക്കുക.
Adjust Story Font
16
