Quantcast

എന്നും പരാതിയും പരിഭവവും.. പങ്കാളിയുമായി നിരന്തരം വഴക്കിടാറുണ്ടോ? സമാധാനം മാത്രമല്ല, ആരോഗ്യവും പോകും

ആശയവിനിമയം എന്നത് വാക്കുകളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല

MediaOne Logo

Web Desk

  • Published:

    25 Jan 2023 12:46 PM GMT

എന്നും പരാതിയും പരിഭവവും.. പങ്കാളിയുമായി നിരന്തരം വഴക്കിടാറുണ്ടോ? സമാധാനം മാത്രമല്ല, ആരോഗ്യവും പോകും
X

സ്നേഹമുള്ളിടത്തല്ലേ പിണക്കമുണ്ടാകൂ, ഒരു ക്യാപ്‌ഷൻ ഇടാനൊക്കെ കൊല്ലമെങ്കിലും ജീവിതത്തിൽ ഇതത്ര നല്ലതല്ലെന്ന് ആരോഗ്യവിദഗ്‌ദ്ധർ പറയുന്നു. പങ്കാളികൾ തമ്മിൽ വഴക്കുണ്ടാകുന്നത് സർവസാധാരണമായ കാര്യമാണ്. എന്നാൽ, ദിനംപ്രതി ഇത് തന്നെയായാൽ സമാധാനം മാത്രമല്ല ആരോഗ്യം കൂടിയാണ് കുറയുക. സൈക്കോണ്യൂറോ എൻഡോക്രൈനോളജി ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ദമ്പതികൾ തമ്മിലുള്ള വിവിധ ആശയവിനിമയ രീതികൾ അടിസ്ഥാനമാക്കിയാണ് ഗവേഷകർ പഠനം നടത്തിയത്. ഒരു പ്രശ്നം ഉണ്ടാകുമ്പോൾ പരസ്പരം അതിനെ കുറിച്ച് സംസാരിക്കാതിരിക്കുകയോ പരിഹരിക്കാൻ ശ്രമിക്കാതിരിക്കുകയോ ചെയ്യുന്ന ദമ്പതികളിൽ നെഗറ്റീവ് ഇമോഷൻസ് കൂടുതലാണെന്നാണ് കണ്ടെത്തൽ. സമ്മർദ്ദം കൂടുന്നതിനൊപ്പം ഈ സാഹചര്യത്തിൽ അവരുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തെയും ഇത് ബാധിക്കുന്നതായി ഗവേഷകർ കണ്ടെത്തി.

ആശയവിനിമയം നടക്കാതെ വരുമ്പോഴോ സ്വന്തം ബന്ധത്തെ മോശമായി കാണുകയോ ചെയ്യുമ്പോൾ രക്തത്തിലും ഈ മാറ്റം ഉണ്ടാകുന്നതായി ഗവേഷകർ പഠനത്തിൽ പറയുന്നു. പഠനത്തിന് വിധേയരായവരുടെ രക്തം പരിശോധിച്ച ശേഷമാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. സമ്മർദ്ദം കൂടുന്നത് വിട്ടുമാറാത്ത വീക്കം ഉണ്ടാകാൻ ഇടയാക്കുന്നതായും പഠനത്തിൽ പറയുന്നു.

മറ്റൊരു കൗതുകകരമായ വസ്തുതയും ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തി. ശരീരത്തിൽ ഒരു മുറിവുണ്ടാകുമ്പോൾ ഏതാനും ദിവസങ്ങൾക്ക് ശേഷം അത് ഉണങ്ങാൻ തുടങ്ങുമല്ലോ. ചെറിയ മുറിവാണെങ്കിൽ ഒരു ദിവസം തികച്ച് ആവശ്യമില്ല, അതിനുള്ളിൽ തന്നെ വേദന കുറഞ്ഞുതുടങ്ങും. എന്നാൽ, ദമ്പതികൾ തമ്മിൽ ഒരു തർക്കമുണ്ടാകുമ്പോഴോ ഇരുവരും തമ്മിൽ പിണങ്ങുമ്പോഴോ ഇത്തരം മുറിവുകൾ ഉണങ്ങാൻ കാലതാമസമെടുക്കുന്നതായാണ് കണ്ടെത്തൽ. തർക്കത്തിന് ശേഷം അനുഭവപ്പെടുന്ന സമ്മർദ്ദമാണ് ഇതിന് കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ദാമ്പത്യജീവിതത്തിൽ സമ്മർദ്ദങ്ങൾ അധികമാകുമ്പോൾ ഇരുവരുടെയും ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാൻ ഇതിലും നല്ല ഉദാഹരണം വേറെയില്ലെന്നും ഗവേഷകർ സൂചിപ്പിച്ചു.

സംസാരിക്കൂ...

വലുതാണെങ്കിലും ചെറുതാണെങ്കിലും പരസ്പരം സംസാരിക്കാതെ ഒരു പ്രശ്നവും പരിഹരിക്കാനിക്കില്ലെന്ന കാര്യം ആദ്യം മനസിലാക്കണം. 12 വർഷമായി വിവാഹിതരായ 42 ദമ്പതികളിൽ നടത്തിയ പഠനത്തിൽ ഗവേഷണത്തിന്റെ സഹഎഴുത്തുകാരനായ ജാൻ കീകോൾട്ട്-ഗ്ലേസർ പറയുന്നത് ഇങ്ങനെയാണ്. പഠനത്തിന് വിധേയരായ ദമ്പതികളുടെ രക്തസാമ്പിളുകൾ തുടക്കത്തിൽ ശേഖരിച്ചിരുന്നു. തുടർന്ന്, ഇവരുടെ കയ്യിൽ ഒരു ഉപകരണം കൊണ്ട് ചെറിയൊരു മുറിവും ഉണ്ടാക്കി. പരസ്പരമുള്ള ആശയവിനിമയ രീതി സംബന്ധിച്ച് ഒരു ചോദ്യാവലിയും നൽകി.

ശേഷം ദമ്പതികൾ തമ്മിൽ ഒരു ചർച്ചക്കും അവസരമൊരുക്കി. ഇരുവർക്കും താല്പര്യമുള്ള, ഇഷ്ടമുള്ള ഒരു കാര്യത്തെ പറ്റിയും മറ്റൊന്ന് അവർക്കിടയിൽ നിലനിൽക്കുന്ന ഏതെങ്കിലുമൊരു പ്രശ്നത്തെ കുറിച്ചുമായിരുന്നു ചർച്ച. ചർച്ചയിലുടനീളം ദമ്പതികൾക്ക് അനുഭവപ്പെടുന്ന പോസിറ്റീവ് വികാരങ്ങളും നെഗറ്റീവ് വികാരങ്ങളും ഗവേഷകർ വിലയിരുത്തി. സംഭാഷണങ്ങൾ സ്വയം വിലയിരുത്താൻ ദമ്പതികളോടും ആവശ്യപ്പെട്ടു.

സംസാരത്തിനിടെ ഒരാൾ താല്പര്യമില്ലാതെ പെരുമാറുകയോ പിന്തിരിയാൻ ശ്രമിക്കുകയോ ചെയ്യുന്നത് ഇരുവരിലും സമ്മർദ്ദം വർധിപ്പിക്കുന്നതായി കണ്ടെത്തി. ഇങ്ങനെയുള്ളവരുടെ മുറിവുകളിൽ വലിയ വീക്കം ഉണ്ടാകുന്നതായി കണ്ടെത്തി. കൂടാതെ, മുറിവ് ഉണങ്ങാൻ സമയമെടുക്കുന്നതായും ഗവേഷകർ കണ്ടെത്തി. ആശയവിനിമയ രീതികൾ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു എന്ന നിഗമനത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ വിലയിരുത്തലെന്ന് പഠനത്തിൽ പങ്കാളിയായ ക്ലിനിക്കൽ ട്രെയിനിംഗ് ഡയറക്ടറും ബിംഗ്ഹാംടൺ യൂണിവേഴ്സിറ്റിയിലെ സൈക്കോളജി പ്രൊഫസറുമായ മാത്യു ഡി ജോൺസൺ വ്യക്തമാക്കി.

അതിനാൽ, ആശയവിനിമയത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. എന്ത് കാര്യമാണെങ്കിലും പരസ്പരം സംസാരിക്കുകയാണ് വേണ്ടത്. അല്ലാതെ ഒരു പ്രശ്നത്തിനും ശാശ്വത പരിഹാരമുണ്ടാകില്ലെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.

ശ്രദ്ധിക്കേണ്ടത്..

"Communication Is a Key To Success" (ആശയവിനിമയം വിജയത്തിന്റെ താക്കോലാണ്) ടെക്സസ് ടെക് യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസസ് സെന്റർ എൽ പാസോയിലെ TCHATT ക്ലിനിക്കൽ ഡയറക്ടർ ഹന്ന എം. ഗാർസ പറയുന്നു. എന്ത് കാര്യവും തുറന്നു പറയാനുള്ള ഒരു സ്‌പേസ് ദമ്പതികൾക്കിടയിൽ ഉണ്ടായിരിക്കണം. അഭിപ്രായവ്യത്യാസങ്ങൾ പോലും പോസിറ്റീവ് ആയി ചർച്ച ചെയ്യാനുള്ള കഴിവ് നേടേണ്ടതുണ്ട്.

ആശയവിനിമയം എന്നത് വാക്കുകളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. സംസാരം മാത്രമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ പങ്കാളിക്കായി ഒരു കാപ്പി ഉണ്ടാക്കുക, വീട്ടുജോലികളിൽ സഹായിക്കുക, ഒരുമിച്ച് പുറത്തുപോവുക, ഷോപ്പ് ചെയ്യുക തുടങ്ങി ചെറിയൊരു മെസേജ് അയക്കുന്നത് പോലും ഇതിൽ ഉൾപ്പെടുന്നുവെന്ന് ഡോ. ഗാർസ അഭിപ്രായപ്പെടുന്നു. ഇത്തരം ചെറിയ കാര്യങ്ങൾ വലിയ രീതിയിൽ നിങ്ങളുടെ പങ്കാളിയെ സ്വാധീനിച്ചേക്കും. ഇരുവരുടെയും പുഞ്ചിരിക്ക് പ്രാധാന്യം നൽകുക. അത് മാഞ്ഞുതുടങ്ങുന്നുവെന്ന് തോന്നിയാൽ ഒട്ടും വൈകാതെ തന്നെ തിരിച്ചുപിടിക്കാനുള്ള ചുവടുവെപ്പുകൾ നടത്തുക; ഡോക്ടർ കൂട്ടിച്ചേർത്തു.

TAGS :
Next Story