Quantcast

ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കാം;ഗുണങ്ങള്‍ ഏറെയുണ്ട്...

ഉണക്കമുന്തിരിയിൽ നാരുകൾ, അയണ്‍, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    29 Jan 2026 5:50 PM IST

ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കാം;ഗുണങ്ങള്‍ ഏറെയുണ്ട്...
X

കാണാന്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും ഒരുപാട് പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരിയിൽ നാരുകൾ, അയണ്‍, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും . ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തും അല്ലാതെയും കഴിക്കാറുണ്ട്. ഉണക്കമുന്തിരി രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നതാണ് കൂടുതല്‍ ആരോഗ്യപ്രദമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

മലബന്ധം കുറക്കാന്‍

ഉണക്കമുന്തിരിയിൽ നാരുകൾ, ഇരുമ്പ്, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പതിവായി ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.

ഉണക്കമുന്തിരിയിലെ നാരുകളും പ്രകൃതിദത്ത സംയുക്തങ്ങളും കുടലിന്‍റെ ആരോഗ്യത്തിനും മൊത്തത്തിലുള്ള ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.ഉണക്കമുന്തിരിയിലെ ഫൈബറുകള്‍ മലവിസർജ്ജനം സുഖകരമാക്കും.


ഹൃദയാരോഗ്യത്തിന്

ഉണക്കമുന്തിരി കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും മികച്ചതാണെന്ന് ഡോക്ടർമാര്‍ പറയുന്നു. അവയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും ആന്റിഓക്‌സിഡന്റുകളും ഹൃദയാരോഗ്യത്തെയും മൊത്തത്തിലുള്ള ദഹനത്തെയും പിന്തുണയ്ക്കുന്നു. ഇതിനുപുറമെ, ഉണക്കമുന്തിരി കുടലിലെ ബാക്ടീരിയകളെ പോഷിപ്പിക്കുകയും അസിഡിറ്റി, വയറുവേദന എന്നിവ കുറയ്ക്കുകയും ചെയ്യും. ഇതുവഴി പൈല്‍സിനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു.

ശരീരഭാരം നിയന്ത്രിക്കാം...

ധാരാളം നാരുകള്‍ ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്.വയറ് ശുദ്ധീകരിക്കാനും ഭക്ഷണം കഴിച്ചതിനുശേഷം ദീര്‍ഘ നേരം വയറു നിറഞ്ഞതായി തോന്നലുണ്ടാക്കുകയും ചെയ്യും.ഇതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ഇതുമൂലം ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഉണക്കമുന്തിരിയില്‍ മിതമായ ഗ്ലൈസെമിക് സൂചിക (GI) ആണ് അടങ്ങിയിട്ടുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നതിനും സഹായിക്കും.


ഒരുദിവസം എത്ര ഉണക്കമുന്തിരി കഴിക്കാം

8-10 ഉണക്ക മുന്തിരി ദിവസവും രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് രാവിലെ കഴിക്കാം. പ്രത്യേകിച്ച് മലബന്ധമോ ദഹനക്കുറവോ ഉള്ളവരാണെങ്കില്‍ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നതാണ് നല്ലത്.എന്നാല്‍ ലഘുഭക്ഷണമായോ, വിശപ്പ് ശമിപ്പിക്കാനോ ആണെങ്കില്‍ ഉണക്കമുന്തിരി അതുപോലെ കഴിക്കുന്നതാണ് നല്ലത്. ദിവസവും അഞ്ചോ ആറോ മുന്തിരികള്‍ എപ്പോള്‍ വേണമെങ്കിലും കഴിക്കാം.

TAGS :

Next Story