Quantcast

സൂക്ഷിക്കണം, ഏകാന്തത ജീവനെടുക്കും; ഹൃദയാഘാതത്തിന് വരെ കാരണമായേക്കാം

ഏകാന്തതയിലുള്ളവർ അകാലത്തിൽ മരണപ്പെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 26 ശതമാനം കൂടുതലാണ്

MediaOne Logo

Web Desk

  • Published:

    29 Aug 2022 1:35 PM GMT

സൂക്ഷിക്കണം, ഏകാന്തത ജീവനെടുക്കും; ഹൃദയാഘാതത്തിന് വരെ കാരണമായേക്കാം
X

കോവിഡ് മഹാമാരി കാലത്താണ് മാനസികാരോഗ്യം ഏറെ ഗൗരവത്തോടെ പരിഗണിച്ച് തുടങ്ങിയത്. മനസികാരോഗ്യത്തിന്റെ പ്രാധാന്യം മനസിലാക്കാൻ ക്വാറന്റൈൻ കാലത്തെ ഒറ്റപ്പെടൽ തന്നെ ധാരാളമായിരുന്നു പലർക്കും. സോഷ്യൽ മീഡിയകളിലടക്കം ഏറെ ചർച്ച ചെയ്യപ്പെട്ട ഈ വിഷയത്തിൽ കൂടുതൽ ആളുകളും ഒറ്റപ്പെടൽ അല്ലെങ്കിൽ ഏകാന്തത അനുഭവിക്കുന്നവരാണെന്ന് വ്യക്തമായിരുന്നു. കൗമാരക്കാർ മുതൽ വയോധികർ വരെ ഇക്കൂട്ടത്തിലുണ്ട്. എന്നാൽ, ഭൂരിഭാഗം ആളുകളും 20- 30 പ്രായപരിധിയിൽ പെട്ടവരാണ്.

എന്തിന്, ശ്രദ്ധിച്ചാൽ നമുക്ക് ചുറ്റും തന്നെ ഇത്തരക്കാരെ കാണാൻ സാധിക്കും. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ഉയർന്ന മാനസിക സമ്മർദ്ദത്തിനും വിഷാദത്തിനും കാരണമാകാറുണ്ട്. എന്നാൽ, ഇത് മാത്രമല്ല. ഒരാളുടെ ജീവന് പോലും ഭീഷണിയാണ് ഏകാന്തത. മാനസിക സമ്മർദ്ദം പോലെ തന്നെ ഏകാന്തതയും ഹൃദയാഘാതത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലായിരുന്നു ഹൃദ്രോഗ വിദഗ്ധരുടെ അഭിപ്രായം. 30 ശതമാനം ഹൃദ്രോഗങ്ങൾക്കും ഏകാന്തത കാരണമാകുന്നതായി വിവിധ പഠനങ്ങളെ ഉദ്ധരിച്ച് അഹമ്മദാബാദ് അപ്പോളോ ഹോസ്പിറ്റല്‍സിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ലാല്‍ ഡാഗ പറയുന്നു.

ഹൃദയാഘാതം മാത്രമല്ല, പക്ഷാഘാത സാധ്യതയില്‍ ഉണ്ടായ വര്‍ധനയില്‍ 32 ശതമാനവും ഏകാന്തത മൂലമാണെന്ന് ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകാന്തത ശരീരത്തിലെ ശ്വേത രക്താണുക്കളുടെ ഉൽപാദനത്തെയാണ് ബാധിക്കുക. ഇത് മൂലം ശരീരം മുഴുവൻ നീരുവെക്കാനും പ്രതിരോധ ശേഷി കുറയാനും കാരണമാകും.

ഏകാന്തതയിലുള്ളവർ അകാലത്തിൽ മരണപ്പെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 26 ശതമാനം കൂടുതലാണ്. എഴുപതോളം പഠനങ്ങളുടെ അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽ, ശാരീരികാരോഗ്യത്തിന് നൽകുന്ന അതേ പ്രാധാന്യം മാനസികാരോഗ്യത്തിനും നൽകണം.

ഏകാന്തത അനുഭവിക്കുന്നവർക്കാണ് അതിന്റെ ആഴം കൂടുതലറിയുക. എങ്കിലും, അപകടത്തിലേക്ക് നയിക്കാതിരിക്കാൻ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. മൃഗങ്ങളെ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ വളർത്തുമൃഗങ്ങൾ വളരെ നല്ലൊരു മാർഗമാണ്. മെഡിറ്റേഷൻ, വ്യായാമം, പുതിയ കാര്യങ്ങൾ പഠിക്കുക തുടങ്ങിയ കാര്യങ്ങളും പരീക്ഷിക്കാവുന്നതാണ്. സോഷ്യൽ മീഡിയ ആളുകളുമായി ഇടപഴകാൻ സഹായിക്കുമെങ്കിലും ആളുകളെ കൂടുതൽ ഒറ്റപ്പെടുത്താനും അതിന് സാധിക്കും. ചെറിയ ഇടവേളകൾ എടുക്കുന്നത് പ്രയോജനകരമായിരിക്കും.

TAGS :

Next Story