Quantcast

ഉരുളക്കിഴങ്ങും കാൻസറിനെ വിളിച്ചു വരുത്തും; ചൂടാക്കുമ്പോൾ ശ്രദ്ധിക്കണം

നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളോ നമ്മൾ ശ്വസിക്കുന്ന വായുവിലെ ഒരു പദാർഥമോ എന്തിനേറെ ഭക്ഷണ പാനീയങ്ങളിലെ രാസവസ്തുക്കളോ പോലും കാൻസറിന് കാരണമാകുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-26 13:09:17.0

Published:

26 Feb 2023 12:48 PM GMT

cancer, health, health news
X

കാൻസറിന് കാരണമാകുന്ന വസ്തുക്കളാണ് കാർസിനോജൻ എന്ന പേരിൽ അറിയപ്പെടുന്നത്. ഇവ ഡി.എൻ.എയിൽ തകരാറുകൾ ഉണ്ടാക്കാൻ കാരണമാകുന്നു. ഉദാഹരണത്തിന് പുകയില, രാസ വസ്തുക്കൾ, അൾട്രാ വയലറ്റ് രശ്മികൾ തുടങ്ങിയവയെല്ലാം ഈ പട്ടികയിൽ ഉൾപ്പെടും. അതായത് നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളോ നമ്മൾ ശ്വസിക്കുന്ന വായുവിലെ ഒരു പദാർഥമോ എന്തിനേറെ ഭക്ഷണ പാനീയങ്ങളിലെ രാസവസ്തുക്കളോ പോലും ആവാമെന്ന് സാരം. ഇത്തരത്തിൽ കാൻസറിന് കാരണമാകുന്ന വസ്തുക്കൾ എന്തൊക്കെയാണെന്ന് നോക്കാം

പുകയില

ഒന്നുകിൽ നമ്മൾ പുകവലിക്കുന്ന ആളായിരിക്കും അല്ലെങ്കിൽ പുക ശ്വസിക്കുന്ന ആളായിരിക്കും. എന്തുതന്നെയായാലും പുകയിലയിലെ 70 ശതമാനം രാസവസ്തുക്കളും നമ്മുടെ ഡിഎൻഎയെ നശിപ്പിക്കും. ഇത് പിന്നീട് കാൻസറിലേക്ക് നയിച്ചേക്കാം. മറ്റു പുകയില ഉൽപന്നങ്ങളുടെ കാര്യവും സമാനമാണ്. അതായത് നേരിയ പുകവലി പോലും അപകട സാധ്യത വർധിപ്പിക്കുന്നു. പുകവലിക്ക് അടിമപ്പെട്ട ആളാണ് എങ്കിൽ ഡോക്ടറുടെ സഹായത്താൽ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്.

ഉരുളക്കിഴങ്ങ് ചൂടാക്കുമ്പോൾ


ഉരുളക്കിഴങ്ങുപോലുള്ള ചില പച്ചക്കറികൾ ഉയർന്ന താപനിലയിൽ ചൂടാക്കുമ്പോൾ, അക്രിലമൈഡ് എന്ന രാസവസ്തു പുറത്തുവിടുന്നു. അക്രിലമൈഡ് കലർന്ന വെള്ളം കുടിച്ച എലികൾക്ക് കാൻസർ ബാധിച്ചതായി പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതിനാൽ ഇത് മനുഷ്യർക്കും ബാധകമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. തവിട്ട് നിറത്തിലുള്ള വറുത്ത ഭക്ഷണങ്ങളുടെ ഉപയോഗം കുറക്കണമെന്നും നമ്മൾ വാങ്ങുന്ന പല ഉൽപന്നങ്ങളിലും അക്രിലമൈഡ് കാണാമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

റാഡോൺ

റാഡോൺ പ്രകൃതിദത്തമായ ഒരു വാതകമാണ്. അതിന് ഗന്ധമോ രുചിയോ ഇല്ല. അന്തരീക്ഷത്തിലെ നൈട്രജൻ പോലെ ഒരു നിഷ്‌ക്രിയ വാതകമാണിത്. നാം അത് ശ്വസിക്കുകയും ശരീരത്തിൽ നിന്ന് യാതൊരു പ്രതികരണവും ഇല്ലാതെ പുറന്തള്ളുകയും ചെയ്യുന്നു. പ്രകൃതിയിൽ നിരുപദ്രവകാരിയാണ് ഈ വാതകം. എന്നാൽ ഈ വാതകം വീടിനുളളിൽ അടിഞ്ഞു കൂടുകയോ പിന്നീട് നമ്മളത് ശ്വസിക്കുകയോ ചെയ്താൽ അത് ശ്വാസകോശ പാളിയെ നശിപ്പിക്കുകയും കാൻസറിന് കാരണമാകുകയും ചെയ്യുന്നു.

ആസ്ബറ്റോസ്


ആസ്ബറ്റോസിൽ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ഉണ്ടെന്ന് മുൻപേ നമ്മൾ കേട്ടിട്ടുണ്ട്. ആസ്ബറ്റോസിലടങ്ങിയ ചില സൂക്ഷ്മ നാരുകൾ പൊട്ടിപ്പോവുകയും അവ ശ്വസിക്കുകയും ചെയ്യുമ്പോൾ നമ്മുടെ ശ്വാസകോശത്തിൽ തങ്ങി നിൽക്കുന്നു. ഇത് മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും കാൻസറിന് കാരണമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്.

ഫോർമാൽഡിഹൈഡ്

വ്യാവസായിക ലോകത്ത് ഒഴിച്ചുകൂടാനാവാത്ത രാസവസ്തുവാണ് ഫോർമാൽഡിഹൈഡ്. പ്ലൈവുഡ് മുതൽ ചില തുണിത്തരങ്ങൾ വരെ ഇത് കാണപ്പെടാറുണ്ട്. എലികളിലും അതുപോലെ തന്നെ മനുഷ്യരിലും നടത്തിയ പഠനങ്ങളിൽ ഇവ കാൻസറിന് കാരണമാകുമെന്ന് തെളിയിച്ചിട്ടുണ്ട്.

നമ്മുടെ വീട്ടിലേക്ക് ഏതെങ്കിലും തരത്തിലുള്ള തടി ഉൽപന്നങ്ങളോ ഫർണിച്ചറുകളോ വാങ്ങുന്നതിനുമുമ്പ് അവയിൽ ഫോർമാൽഡിഹൈഡ് അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്തുക, വീടിനുള്ളിൽ നല്ല വായു സഞ്ചാരം ഉറപ്പു വരുത്തുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കാം.

അൾട്രാവയലറ്റ് രശ്മികൾ


അൾട്രാവയലറ്റ് രശ്മികൾ ധാരാളമായി ശരീരത്തിൽ പതിക്കുന്നത് കാൻസറിന് കാരണമാകുന്നു. ഇവ ചർമത്തിൽ ആഗിരണം ചെയ്യപ്പെടുകയും അവിടെയുള്ള കോശങ്ങളെ നശിപ്പിക്കുയും ചെയ്യുന്നു. ത്വക്കിലുള്ള മിക്ക കാൻസറുകളും അൾട്രാവയലറ്റ് രശ്മികൾ മൂലമാണ്. മലിനീകരണവും കാലാവസ്ഥാ വ്യതിയാനവുമാണ് ഈ കിരണങ്ങളെ ശക്തമാക്കുന്നത്. സൺസ്‌ക്രീൻ ഉപയോഗിക്കുക, തൊപ്പിയും സൺഗ്ലാസും ധരിക്കുക എന്നിവയെല്ലാം സുരക്ഷിത മാർഗങ്ങളായി സ്വീകരിക്കാം.

മദ്യം

എത്രത്തോളം മദ്യം കുടിക്കുന്നുവോ അത്രത്തോളം കാൻസറുകൾ വരാനുള്ള സാധ്യതയും കൂടുതലാണ്.

സംസ്‌കരിച്ച മാംസം

സംസ്‌കരിച്ചതോ മറ്റു ഫ്‌ളേവറുകൾ ചേർത്തതോ ആയ മാംസം വൻകുടലിലെ കാൻസറിന് കാരണമാകുന്നു. 800-ലധികം പഠനങ്ങൾ പരിശോധിച്ചാണ് വിദഗ്ധർ ഈ നിഗമനത്തിൽ എത്തിയത്. ഉപ്പിട്ടതോ പുളിപ്പിച്ചതോ ഉണക്കിയതോ ആയ ഭക്ഷണങ്ങൾ പരിമിതപ്പെടുത്താനും വിദഗ്ധർ നിർദേശിക്കുന്നു.

വായു മലിനീകരണം

വാഹനങ്ങളിൽ നിന്നോ ഫാക്ടറികളിൽ നിന്നോ പുറപ്പെടുവിക്കുന്ന പുക ശ്വാസകോശ കാൻസറിന് കാരണമാകുന്നു. ഡീസൽ വാഹനങ്ങളിലെ എഞ്ചിൻ എക്സ്ഹോസ്റ്റിലെ ഗ്യാസ് ശ്വാസകോശ കാൻസറിനും മറ്റ് തരത്തിലുള്ള കാൻസറിനും കാരണമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

TAGS :

Next Story