Quantcast

കാഴ്ചയെ കവരുന്ന പ്രമേഹം: കരുതിയിരിക്കാം, നിശബ്ദനായ ഈ വില്ലനെ

കൃത്യമായ ജീവിതശൈലിയിലൂടെയും മുൻകരുതലിലൂടെയും ഈ ഭീഷണിയെ പ്രതിരോധിക്കാം

MediaOne Logo
കാഴ്ചയെ കവരുന്ന പ്രമേഹം: കരുതിയിരിക്കാം, നിശബ്ദനായ ഈ വില്ലനെ
X

കോഴിക്കോട്: രക്തത്തിലെ പഞ്ചസാരയുടെ അളവും കാഴ്ചശക്തിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പല‍ർക്കും വേണ്ടത്ര അറിവില്ല. പ്രമേഹം ഹൃദയത്തെയും വൃക്കകളെയും നാഡികളെയും ബാധിക്കുമെന്നത് പൊതുവെ എല്ലാവർക്കും അറിയാം. എന്നാൽ, യാതൊരു മുന്നറിയിപ്പുമില്ലാതെ നമ്മുടെ കാഴ്ചശക്തിയെ കാർന്നുതിന്നാൻ പ്രമേഹത്തിന് സാധിക്കും. കൃത്യമായ ജീവിതശൈലിയിലൂടെയും മുൻകരുതലിലൂടെയും ഈ ഭീഷണിയെ പ്രതിരോധിക്കാം

രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് കണ്ണിലെ റെറ്റിനയിലുള്ള സൂക്ഷ്മമായ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് പ്രധാനമായു ഡയബറ്റിക് റെറ്റിനോപ്പതി, തിമിരം, ​ഗ്ലൂക്കോമ എന്നിവക്ക് കാരണമാവുന്നു. രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കാഴ്ച മങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി. ദീർഘകാലമായി പ്രമേഹമുള്ളവർത്ത് തിമിരം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കണ്ണിനുള്ളിലെ സമ്മർദ്ദം വർദ്ധിക്കുന്ന അവസ്ഥയാണ് ​ഗ്ലൂക്കോമ. ഇത് കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിക്കും.

പ്രമേഹം മൂലമുള്ള കാഴ്ചാതകരാറുകൾ തടയാൻ ചില ശീലങ്ങൾ‌ കൊണ്ട് സാധിക്കും. ഭക്ഷണത്തിന് മുമ്പും ശേഷവുമുള്ള പഞ്ചസാരയുടെ അളവ് ഡോക്ടർ നിർദ്ദേശിച്ച പരിധിക്കുള്ളിൽ നിലനിർത്തുക എന്നത് തന്നെയാണ് പ്രധാനം. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഒരുമിച്ചുവരുന്നത് കണ്ണിലെ രക്തക്കുഴലുകൾക്ക് ഇരട്ടി ആഘാതമുണ്ടാക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് കണ്ണിനുള്ളിലെ രക്തസ്രാവം തടയാൻ സഹായിക്കും. വർഷത്തിൽ ഒരിക്കലെങ്കിലും നേത്രപരിശോധനക്ക് വിധേയരാവണം. കാഴ്ചക്ക് കുഴപ്പമില്ലെന്ന് കരുതി വാർഷിക നേത്രപരിശോധനയിൽ ഉപേക്ഷ കാണിക്കരുത്. വിശദമായ പരിശോധനയിലൂടെ രോഗം പ്രാരംഭ ഘട്ടങ്ങൾ കണ്ടെത്താനാകും.

ഇലക്കറികൾ, നാരുകളടങ്ങിയ ഭക്ഷണം, ധാന്യങ്ങൾ, അണ്ടിപ്പരിപ്പുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. വിറ്റാമിൻ എ, ലുട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് അനിവാര്യമാണ്. ദിവസവും 30-45 മിനിറ്റ് വേഗത്തിലുള്ള നടത്തം ഇൻസുലിൻ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പുകവലി റെറ്റിനയിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും കണ്ണിനുള്ളിലെ വീക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ പുകവലി ഉപേക്ഷിക്കുകയും വേണം.

അപകടസാധ്യത ആർക്കൊക്കെ?

  • ദീർഘകാലമായി പ്രമേഹമുള്ളവർ.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാത്തവർ
  • ഉയർന്ന കൊളസ്ട്രോളും രക്തസമ്മർദ്ദവുമുള്ളവർ.
  • ഗർഭകാല പ്രമേഹമുള്ള സ്ത്രീകൾ
  • പുക വലിക്കുന്നവ‍‍ർ

എപ്പോൾ ഡോക്ടറെ കാണണം?

കാഴ്ച പെട്ടെന്ന് മങ്ങുക, കണ്ണിൽ ഇരുണ്ട പാടുകളോ പുള്ളികളോ (Floaters) കാണുക, രാത്രികാലങ്ങളിൽ കാഴ്ച കുറയുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ തേടണം..

TAGS :

Next Story