Quantcast

ടോയ്‌ലറ്റിലും ഫോണുപയോഗിക്കാറുണ്ടോ? പണി കിട്ടും

അഞ്ചു മിനിറ്റ് നേരം വെറുതെ ഇരിക്കാൻ മടിച്ച് സോഷ്യൽ മീഡിയയും വീഡിയോകളും നോക്കി ടോയ്‌ലറ്റിൽ ഇരിക്കുന്നത് മിക്കയാളുകളുടെയും ശീലമാണ്. എന്നാൽ ഈ ശീലം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം

MediaOne Logo
ടോയ്‌ലറ്റിലും ഫോണുപയോഗിക്കാറുണ്ടോ? പണി കിട്ടും
X

ഫോൺ ഇല്ലാതെ ഒരു നിമിഷം പോലും ഇരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് നമ്മളിൽ പലരും. ടോയ്‌ലറ്റിൽ പോകുമ്പോൾ പോലും ഫോണില്ലാതെയിരിക്കാൻ പറ്റാത്ത അവസ്ഥയാണ് ഒട്ടുമിക്കയാളുകൾക്കും. ഒരു അഞ്ചു മിനിറ്റ് നേരം വെറുതെ ഇരിക്കാൻ മടിച്ച് സോഷ്യൽ മീഡിയയും വീഡിയോകളും നോക്കി ടോയ്ലറ്റിൽ ഇരിക്കുന്നത് മിക്കയാളുകളുടെയും ശീലമായി മാറിയിരിക്കുന്നു. എന്നാൽ, തികച്ചും നിരുപദ്രവകാരിയെന്ന് നമ്മൾ കരുതുന്ന ഈ ശീലം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത് എന്ന് പലരും തിരിച്ചറിയുന്നില്ല. ലളിതമായി പറഞ്ഞാൽ, ടോയ്ലറ്റിലേക്ക് ഫോൺ കൊണ്ടുപോകുന്നതുവഴി നിങ്ങളുടെ ശരീരം നിങ്ങൾ തന്നെ അപകടത്തിലാക്കുകയാണെന്ന് സാരം.

ടോയ്ലറ്റിൽ ഫോൺ ഉപയോഗിക്കുന്നതിന്റെ ഏറ്റവും വലിയ ദോഷം ഫോൺ രോഗാണുക്കളുടെ കലവറയായി മാറുന്നു എന്നതാണ്. ടോയ്ലറ്റിലെ പ്രതലങ്ങൾ, ഫ്‌ലഷ് ഹാൻഡിൽ, ടാപ്പുകൾ എന്നിവയിൽ ഇ-കോളി, സാൽമൊണല്ല തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകൾ ധാരാളമായി കാണപ്പെടുന്നു. നമ്മൾ ഫോൺ ഉപയോഗിക്കുമ്പോൾ ഈ ബാക്ടീരിയകൾ ഫോണിന്റെ സ്‌ക്രീനിലും കവറിലും പറ്റിപ്പിടിക്കുന്നു. ടോയ്ലറ്റിൽ നിന്ന് ഇറങ്ങിയ ശേഷം നമ്മൾ കൈകൾ സോപ്പിട്ട് കഴുകുമെങ്കിലും, ഫോൺ കഴുകാൻ സാധിക്കില്ലല്ലോ. പിന്നീട് ഭക്ഷണം കഴിക്കുമ്പോഴോ മുഖത്ത് തൊടുമ്പോഴോ ഈ രോഗാണുക്കൾ ശരീരത്തിനുള്ളിൽ കടക്കുകയും വയറിളക്കം, മൂത്രനാളിയിലെ അണുബാധ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

മറ്റൊരു പ്രധാന ആരോഗ്യ പ്രശ്‌നം പൈൽസാണ്. സാധരണഗതിയിൽ ടോയ്ലറ്റിൽ ചെലവഴിക്കേണ്ട സമയം അഞ്ചോ പത്തോ മിനിറ്റാണ്. എന്നാൽ ഫോണിൽ മുഴുകുമ്പോൾ സമയം പോകുന്നത് അറിയാതെ നമ്മൾ കൂടുതൽ നേരം ടോയ്ലറ്റ് സീറ്റിൽ ഇരിക്കുന്നു. ഇത്തരത്തിൽ ദീർഘനേരം ഇരിക്കുന്നത് മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകളിൽ അമിതമായ സമ്മർദം ഉണ്ടാക്കാൻ കാരണമാകുന്നു. ഇത് രക്തക്കുഴലുകൾ വീർക്കാനും വേദനയ്ക്കും രക്തസ്രാവത്തിനും വഴിവെക്കുന്നു. കൂടാതെ, മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ വർധിപ്പിക്കാനും ഈ ശീലം കാരണമാകുന്നുണ്ട്.

ശാരീരിക പ്രശ്‌നങ്ങൾ കൂടാതെ മാനസികാരോഗ്യത്തെയും ഈ ശീലം ബാധിക്കുന്നു. ടോയ്ലറ്റ് എന്നത് നമ്മുടെ തലച്ചോറിന് വിശ്രമം നൽകേണ്ട ഒരു ഇടം കൂടിയാണ്. എന്നാൽ അവിടെയും ഫോൺ ഉപയോഗിക്കുന്നത് തലച്ചോറിനെ എപ്പോഴും ഉത്തേജിപ്പിച്ചു കൊണ്ടിരിക്കുകയും മാനസിക സമ്മർദം വർധിപ്പിക്കുകയും ചെയ്യുന്നു. ഡിജിറ്റൽ ലോകത്തുനിന്ന് അൽപനേരം മാറിനിൽക്കാനുള്ള അവസരമാണ് ഇവിടെ നഷ്ടപ്പെടുന്നത്. കൂടാതെ, ഫോണിന്റെ അമിത ഉപയോഗം നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തെയും ബാധിച്ചേക്കാം. ഫോൺ അബദ്ധത്തിൽ വെള്ളത്തിൽ വീണ് കേടുവരാനുള്ള സാധ്യതയും സാമ്പത്തിക നഷ്ടവും ഇതിനു പുറമെയാണ്.

നിസ്സാരമെന്ന് തോന്നുന്ന ഈ ശീലം നമ്മുടെ ആരോഗ്യത്തെ സാവധാനം തകർക്കുന്ന ഒന്നാണ്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ നിന്ന് ഫോണിലേക്ക് പടരുന്ന രോഗാണുക്കളും ശരീരത്തിനേൽക്കുന്ന അമിത സമ്മർദവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനാൽ, ടോയ്ലറ്റിലേക്ക് പോകുമ്പോൾ ഫോൺ പുറത്തുതന്നെ വെക്കാൻ ശീലിക്കുക. നിങ്ങളുടെ ശരീരത്തിന് കുറഞ്ഞത് പത്തു മിനിറ്റ് എങ്കിലും മറ്റ് ഡിജിറ്റൽ ശല്യങ്ങൡാതിരിക്കുന്നത് ആരോഗ്യകരമായ ഒരു ജീവിതശൈലിക്ക് അത്യന്താപേക്ഷിതമാണ്. രോഗങ്ങൾ ക്ഷണിച്ചുവരുത്തുന്നതിനേക്കാൾ നല്ലത് പ്രതിരോധിക്കുന്നതാണെന്ന് എപ്പോഴും ഓർക്കുക.

TAGS :

Next Story