Quantcast

തൃശൂരുകാരോട് അപേക്ഷ, പൂന്തുറക്കാർക്ക് തോക്ക്; സോഷ്യൽ മീഡിയയിൽ ചർച്ചയായി സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നിലപാടുകൾ

പൂന്തുറയിൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി തോക്കുകളുമായി കമാൻഡോ സംഘം റൂട്ട് മാർച്ച് നടത്തിയതിനെ വംശീയച്ചുവ കലർന്ന ഭാഷയിൽ ന്യായീകരിച്ച അഷീൽ ഇപ്പോൾ എന്തുകൊണ്ടാണ് അതിനേക്കാൾ ഭീതിതമായ സാഹചര്യത്തിൽ സ്വരം മാറ്റിയത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-04-19 08:46:13.0

Published:

19 April 2021 2:05 PM IST

തൃശൂരുകാരോട് അപേക്ഷ, പൂന്തുറക്കാർക്ക് തോക്ക്; സോഷ്യൽ മീഡിയയിൽ ചർച്ചയായി സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നിലപാടുകൾ
X

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും തൃശൂർ പൂരം നടത്തുന്നതിനിടെ, പൂരത്തിൽ നിന്നു വിട്ടുനിൽക്കാൻ തൃശൂർക്കാരോട് സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ നടത്തിയ അഭ്യർത്ഥന സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു. ഇപ്രാവശ്യം പൂരം വേണ്ട, കഴിഞ്ഞ വർഷത്തേതു പോലെ അനുഷ്ഠാനം മാത്രം മതിയെന്നും ഇങ്ങനെയൊരു കാര്യം പറയുന്നതിന് തന്റെ പേര് പോലും തടസ്സമാണെന്ന് അറിയാമെന്നുമാണ് അപേക്ഷയായി മുഹമ്മദ് അഷീൽ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ, കഴിഞ്ഞ വർഷം തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി തോക്കുകളുമായി കമാൻഡോ സംഘം റൂട്ട് മാർച്ച് നടത്തിയതിനെ വംശീയച്ചുവ കലർന്ന ഭാഷയിൽ ന്യായീകരിച്ച അഷീൽ ഇപ്പോൾ എന്തുകൊണ്ടാണ് അതിനേക്കാൾ ഭീതിതമായ സാഹചര്യത്തിൽ സ്വരം മാറ്റിയത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

തിങ്കളാഴ്ച അർധരാത്രി തന്റെ ഫേസ്ബുക്ക് പേജിൽ മുഹമ്മദ് അഷീൽ എഴുതിയത് ഇങ്ങനെ:

'തൃശ്ശൂർക്കാരെ... ഈ ലോകത്തിനു മുന്നിൽ ശാസ്ത്രബോധത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഒരു മാതൃക കാണിക്കാൻ നിങ്ങൾക്ക് കിട്ടിയ അവസരമാണ്.
'ഇപ്പ്രാവശ്യം പൂരം വേണ്ട.. കഴിഞ്ഞ വർഷം പോലെ അനുഷ്ടാനങ്ങൾ മാത്രം മതി 'എന്ന് നിങ്ങൾ തീരുമാനിച്ചാൽ അത് ചരിത്രമാകും.. ഒരുപക്ഷെ അനേകം പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കും.. ഇനിയും ഈ കോവിഡ് സുനാമി തീരും വരെ ഇത്തരം തീരുമാനങ്ങൾ എടുക്കാൻ അനേകം പേർക്ക് പ്രചോദനമാവും.
So please... മനുഷ്യ ജീവനുകളെക്കാൾ വലുതല്ല ഒന്നും എന്ന് നമ്മൾ ഇനിയും പഠിച്ചില്ലേ?
NB: ഇത് പറയണോ എന്ന് ആയിരം വട്ടം ആലോചിച്ചതാണ്... ഒരു വേള എന്റെ പേര് പോലും അതിനു തടസ്സമാണ് എന്നും അറിയാം... But പറയാതിരുന്നാൽ അത് ഒരു പക്ഷെ പിന്നീട് വല്ലാത്ത കുറ്റബോധം ഉണ്ടാക്കിയേക്കാം.. അതുകൊണ്ടാണ്.
One more thing... എല്ലാ കൂടിച്ചേരലുകളും ഇന്നത്തെ അവസ്ഥയിൽ ആത്മഹത്യപരമാണ്.. അത് എന്തിന്റെ പേരിലായാലും... മെയ് 2 നു ആഹ്ലാദ പ്രകടനങ്ങൾ ആരെങ്കിലും പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതും ഒഴിവാക്കുക... പ്ലീസ്...'



54 കോവിഡ് കേസുകൾ, 'സന്ദേശം നൽകാൻ' കമാൻഡോകൾ

2020 ജൂലൈയിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച പൂന്തുറയിൽ സായുധ കമാൻഡോകൾ റൂട്ട്മാർച്ച് നടത്തിയത്. ഒരു ദിവസം കൊണ്ട് 54-ഉം ഒരാഴ്ചക്കിടെ നൂറും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് പൂന്തുറയിലെ മൂന്ന് വാർഡുകളിൽ പൂർണമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും പ്രദേശത്തേക്കുള്ള 16 വഴികൾ അടക്കുകയും ചെയ്തത്.

ലോക്ക്ഡൗണിനു പുറമെ തീരദേശ മേഖലയായ പൂന്തുറയിൽ സായുധ കമാൻഡോകളെ ഇറക്കിയതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. കേരളത്തിലെ ആദ്യത്തെ ക്ലസ്റ്റർ വ്യാപനം പൂന്തുറയിലാണെന്നും ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് കമാൻഡോകളെ ഇറക്കിയതെന്നുമാണ് മുഹമ്മദ് അഷീൽ ഫേസ്ബുക്കിൽ ജൂൺ എട്ടിന് ഫേസ്ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റിനു കീഴിൽ അരുൺ മംഗലത്ത് എന്നയാൾ: 'What is the point of guns? തോക്ക് ഒഴിവാക്കാമായിരുന്നു. തോക്ക് ആളുകൾക്കെതിരെയുള്ളതാണ്. കോവിഡിനെതിരെയല്ല' എന്ന് കമന്റ് ചെയ്തു. ഇതിനു മറുപടിയായാണ് മുഹമ്മദ് അഷീൽ വിവാദ പരാമർശം നടത്തിയത്.

'തോക്കുകളേന്തിക്കൊണ്ടുള്ള റൂട്ട് മാർച്ച് ഒരു സന്ദേശം നൽകാനാണ്. പൂന്തുറ പ്രദേശത്തെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുമാണ്. അവിടെയുള്ളവർ സർക്കാർ നിർദേശങ്ങളോട് തീരെ സഹകരിക്കുന്നവരല്ല'

- എന്നായിരുന്നു പരാമർശം.


പരാമർശം വംശീയ വിദ്വേഷം നിറഞ്ഞതാണെന്ന് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടിയതോടെ വിശദീകരണവുമായി അഷീൽ രംഗത്തെത്തി. കേരളത്തിലെ ആദ്യത്തെ ക്രിറ്റിക്കൽ ക്ലസ്റ്റർ ആയതുകൊണ്ടാണ് പൂന്തുറ എന്ന് എടുത്തു പറഞ്ഞതെന്നും കമാൻഡോകളുടെ റൂട്ട് മാർച്ച് സ്ഥിതിയുടെ ഗുരുതരാവസ്ഥ പ്രദേശവാസികളെ ബോധ്യപ്പെടുത്താൻ സഹായിച്ചുവെന്നും അഷീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഫീൽഡിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരിൽ നിന്നുള്ള ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലായിരുന്നു തന്റെ പരാമർശമെന്നും അദ്ദേഹം അവകാശപ്പെട്ടു.

1780 കേസുകൾ, അപേക്ഷ മാത്രം

സംസ്ഥാനത്തുടനീളം കോവിഡ് നിയന്ത്രണാതീതമായി വർധിച്ച നിലവിലെ സാഹചര്യത്തിൽ തൃശൂർ പൂരത്തിന് അനുമതി നൽകാനുള്ള സർക്കാർ തീരുമാനം വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. പൂരം റദ്ദാക്കാൻ പറ്റില്ലെന്നും അത് പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. പൂരത്തിന് എതിരല്ലെന്നും മനുഷ്യ ജീവൻ രക്ഷിക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ അജണ്ടയെന്നും മുഹമ്മദ് അഷീലും പറഞ്ഞു.

ഇതിനു പിന്നാലെയാണ് സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ അപേക്ഷയുമായി ഫേസ്ബുക്കിൽ രംഗത്തുവന്നത്. ഇത് തന്റെ വ്യക്തിപരമായ അഭ്യർത്ഥന മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

പൂന്തുറയിലും തൃശൂരിലും മുഹമ്മദ് അഷീല്‍ കൈക്കൊണ്ട നിലപാടുകള്‍ ഇരട്ടത്താപ്പും വംശീയതയുമാണെന്ന് സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു.

'പൂന്തുറക്കാരെ തോക്ക് കാട്ടി പേടിപ്പിക്കണമെന്ന് ദന്ത ഗോപുരത്തിലിരുന്നു കല്പിക്കാൻ പേരൊരു തടസമല്ലാതിരിക്കുകയും തൃശൂർ പൂരം നടത്തിപ്പുകാരോട് പേര് തടസമായതിനാൽ കൈകൂപ്പി അപേക്ഷിക്കുകയും ചെയ്യുന്ന ഭാവത്തിനാണ് വംശീയത എന്നു പറയുന്നത്.'

- വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഫേസ്ബുക്കിൽ കുറിച്ചു.

പൂന്തുറയിൽ കമാൻഡോസിനെ ഇറക്കി ഭീഷണി മുഴക്കിയതിനെ അവര്‍ അതര്‍ഹിക്കുന്നുവെന്ന് ന്യായീകരിച്ച ഈ ഡോക്ടർ, പൂരക്കമ്മിറ്റിക്കാർ സവർണരായതുകൊണ്ടാകാം ഇപ്പോൾ കൈകൂപ്പി അപേക്ഷിക്കുന്നത് ബിജു ബാലകൃഷ്ണൻ പ്രതികരിച്ചു.






Next Story