അമിതമായി ഡയറ്റും ഒപ്പം സ്റ്റീറോയിഡും എടുത്തു; ബോഡിബിൽഡർ കോമയിൽ
കഠിനമായ ഡയറ്റ് എടുക്കുന്നതിനൊപ്പം ആറ് പ്രോട്ടീന്‍ മീല്‍സാണ് സാക്ക് കഴിച്ചത്. ഡയറ്റിനും വെയ്റ്റ് ട്രെയിനിങ്ങിനുമൊപ്പം വലിയ അളവില്‍ സ്റ്റിറോയ്ഡും ഉപയോഗിച്ചിരുന്നു

ലണ്ടന്‍: ബോഡി ബില്‍ഡിങ്ങിനും ഫിറ്റ്നസിനും വേണ്ടി സ്റ്റിറോയ്ഡിന് അടിമപ്പെട്ട ബോഡിബില്‍ഡര്‍ കോമയില്‍. ബോഡി ബില്‍ഡറായ യുകെ സ്വദേശി സാക്ക് വില്‍ക്കിന്‍സനാണ് കോമയില്‍ നിന്നും ജീവിതത്തോട് പൊരുതുന്നത്. ബോഡി ബില്‍ഡിങ്ങ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി കഠിനമായ ഡയറ്റ് എടുക്കുന്നതിനൊപ്പം ആറ് പ്രോട്ടീന്‍ മീല്‍സാണ് സാക്ക് കഴിച്ചത്. ഡയറ്റും വെയ്റ്റ് ട്രെയിനിങ്ങിനുമൊപ്പം വലിയ അളവില്‍ സ്റ്റിറോയ്ഡും സാക്ക് ഉപയോഗിച്ചിരുന്നു. ദിവസവും മൂന്ന് തവണയാണ് അദ്ദേഹം ശരീരത്തിലേക്ക് സ്റ്റിറോയ്ഡ് ഇന്‍ജക്ട് ചെയ്തത്.
സ്റ്റിറോയ്ഡ് അമിതമായി ഉപയോഗിക്കുന്നത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്നതിന്റെ ഉദാഹരണമാണ് സാക്കിന്റെ ജീവിതം. പെട്ടെന്ന് മസില്‍ ഉണ്ടാകാനും സോഷ്യല്‍ മീഡിയ പ്രശസ്തിക്കും വേണ്ടിയാണ് പലരും ഡയറ്റിനൊപ്പം സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് വലിയ അപകടങ്ങളിലേക്കാണ് കൊണ്ടെത്തിക്കുക. ജീവന് വരെ ആപത്തുണ്ടാക്കാന്‍ സ്റ്റിറോയ്ഡ് ഉപയോഗം കാരണമാകുന്നു.
ബ്രൊക്കോളി, ചിക്കന്‍ റൈസ്, മുട്ടയുടെ വെള്ള, സ്റ്റേക്ക് എന്നിവയാണ് 32 വയസുള്ള സാക്ക് ദിവസവും കഴിച്ചിരുന്നത്. ഇതിന് പുറമെ വെയ്റ്റ് ട്രെയിനിങ്ങിന്റെ ഭാഗമായി 45 മിനിറ്റാണ് കാര്‍ഡിയോ ചെയ്തിരുന്നത്. പുറമെ നിന്ന് കാണുന്ന ഒരാള്‍ക്ക് അദ്ദേഹം വളരെ ആരോഗ്യവാനും ഫിറ്റായ വ്യക്തിയുമായിരുന്നു. സാക്കും അങ്ങനെയാണ് കരുതിയത്. എന്നാല്‍ പെട്ടെന്നാണ് ഈ തെറ്റായ രീതികള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചത്.
ആദ്യഘട്ടത്തില്‍ അപസ്മാരവും ശര്‍ദ്ദിയും പിടിപ്പെട്ടു. രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴ് ദിവസമാണ് അദ്ദേഹം കോമയിലായത്. മൂന്ന് ദിവസം അത്യാസന്ന നിലയിലായെങ്കിലും ഇപ്പോള്‍ ചെറിയ രീതിയില്‍ സാക്കിന്റെ ആരോഗ്യം മെച്ചപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ സാക്കിനെ പോലെ നിരവധി യുവാക്കള്‍ ഇന്ന് സ്റ്റിറോയ്ഡുകള്‍ക്ക് അടിമപ്പെടുന്നുണ്ട്. പെട്ടെന്ന് മസിലും ഫിറ്റ്നസും ഉണ്ടാകാന്‍ യുവാക്കള്‍ക്കിടയില്‍ സ്റ്റിറോയ്ഡ് ഉപയോഗം വര്‍ധിച്ചിട്ടുണ്ട്.
''ഫിറ്റ്നസിനോടുള്ള താല്‍പര്യം പിന്നീട് ബോഡി ഡിസ്മോര്‍ഫിയയിലേക്ക് എത്തി. ഇന്റര്‍നെറ്റിലുള്ള പലരുടെയും ശരീരം വെച്ച് ഞാന്‍ എന്റെ ശരീരത്തെ താരതമ്യപ്പെടുത്തി. ജീവിതത്തിലേക്ക് തിരിച്ചെത്തിയാല്‍ ബോഡിബില്‍ഡിങ്ങിനോടും സ്റ്റിറോയ്ഡിനോടുമുള്ള അമിത ആസക്തിക്കെതിരെ പ്രവര്‍ത്തിക്കും. ഇതിനായി കായികതാരങ്ങളെയും ബോഡിബില്‍ഡര്‍മാരെയും ബോധവാന്മാരാക്കും,'' സാക്ക് പറഞ്ഞു.
കൗമാരക്കാര്‍ക്കിടയില്‍ പോലും സ്റ്റിറോയ്ഡ് ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ദീര്‍ഘകാലം സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നത് അവയവങ്ങളെയാണ് ബാധിക്കുക. ഹോര്‍മോണിലെ വ്യതിയാനം, വന്ധ്യത, വിഷാദം, ആക്രമണ സ്വഭാവം, ആത്മഹത്യ പ്രവണത തുടങ്ങിയ പ്രശ്നങ്ങളിലേക്കും സ്റ്റിറോയ്ഡ് ഉപയോഗം ആളുകളെ കൊണ്ടെത്തിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു. പെട്ടെന്നുള്ള ഫിറ്റനസിനായി ഒരിക്കലും സ്റ്റിറോയ്ഡുകളെ ആശ്രയിക്കാന്‍ പാടില്ല. പിന്നീട് അവയോട് അമിതമായ ആസക്തി ഉണ്ടാവാനും കാരണമാകും.
Adjust Story Font
16

