Quantcast

രാത്രിയിൽ സ്ഥിരമായി കാലുവേദനയുണ്ടോ...? ; നിസാരമാക്കരുത് ഈ ലക്ഷണങ്ങൾ!

വിശ്രമവേളയിലോ ഉറക്കത്തിലോ ആണ് സാധാരണയായി ഇത്തരം മസിൽപിടിത്തങ്ങൾ ഉണ്ടാകാറുള്ളത്

MediaOne Logo
രാത്രിയിൽ സ്ഥിരമായി കാലുവേദനയുണ്ടോ...? ; നിസാരമാക്കരുത് ഈ ലക്ഷണങ്ങൾ!
X

രാത്രിയിൽ ഉറക്കത്തിനിടയിൽ പെട്ടെന്നുണ്ടാകുന്ന കാലിലെ മസിൽ പിടിത്തം അല്ലെങ്കിൽ വേദന പലരെയും അലട്ടുന്ന ഒന്നാണ്. മിനിറ്റുകളോളം നീണ്ടുനിൽക്കുന്ന ഈ വേദന പലപ്പോഴും നമ്മുടെ ഉറക്കം പൂർണ്ണമായും ഇല്ലാതാക്കുന്നു. 'നോക്ചേണൽ ലെഗ് ക്രാംപ്സ്' എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ വെറുമൊരു വേദന മാത്രമല്ല, മറിച്ച് നിങ്ങളുടെ ശരീരം നൽകുന്ന ചില ആരോഗ്യ സൂചനകൾ കൂടിയാകാം.

പ്രധാനമായും കാലിന്റെ പിൻഭാഗത്തെ പേശികളെയാണ് ഇത് ബാധിക്കുന്നത്. പ്രായമായവരിലും ഗർഭിണികളിലും സാധാരണയായി കണ്ടുവരുന്ന ഈ അവസ്ഥയ്ക്ക് പിന്നിൽ നിർജ്ജലീകരണം മുതൽ പേശികളുടെ അമിത തളർച്ച വരെയുള്ള കാരണങ്ങളുണ്ടാകാം. എന്തുകൊണ്ടാണ് രാത്രിയിൽ മാത്രം ഇങ്ങനെ സംഭവിക്കുന്നത്? ഇത് തടയാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?

എന്താണ് രാത്രികാലങ്ങളിലെ കാലുവേദന

കാലിലെ പേശികൾ പെട്ടെന്ന് വലിഞ്ഞുമുറുകുകയും ഉടനെ അയയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയെയാണ് രാത്രികാലങ്ങളിലെ കാലുവേദന അല്ലെങ്കിൽ 'നൈറ്റ് ലെഗ് ക്രാംപ്സ്' എന്ന് വിളിക്കുന്നത്. വിശ്രമവേളയിലോ ഉറക്കത്തിലോ ആണ് സാധാരണയായി ഇത്തരം മസിൽപിടിത്തങ്ങൾ ഉണ്ടാകാറുള്ളത്. കഠിനമായ വേദനയോടെ പേശികൾ വലിഞ്ഞുമുറുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്യും. പ്രായമായവർ, ഗർഭിണികൾ, ശാരീരിക അധ്വാനം കുറഞ്ഞവർ, പേശികളെയോ ഞരമ്പുകളെയോ രക്തചംക്രമണത്തെയോ ബാധിക്കുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവരിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്.

'ക്രൈറ്റീരിയ' (Criteria) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, രാത്രികാലങ്ങളിലെ കാലുവേദനയുടെ പ്രധാന ലക്ഷണങ്ങൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം...

സാധാരണയായി കാലിന്റെ പിൻഭാഗത്തെ പേശികളിൽ പെട്ടെന്നുണ്ടാകുന്ന കഠിനമായ വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. എങ്കിലും, പാദങ്ങളെയോ തുടകളെയോ ഈ വേദന ബാധിച്ചേക്കാം.

മസിൽപിടിത്തം ഉണ്ടാകുന്ന സമയത്ത് പേശികളിൽ കടുപ്പമോ, വലിഞ്ഞുമുറുക്കമോ അല്ലെങ്കിൽ ഒരു കെട്ട് രൂപപ്പെട്ടത് പോലെയുള്ള അനുഭവമോ ഉണ്ടാകുക.

ചർമ്മത്തിന് താഴെ പേശികൾ വിറയ്ക്കുന്നതോ കടുപ്പമേറിയതാകുന്നതോ കാണാൻ സാധിക്കുക.

കഠിനമായ വലിഞ്ഞുമുറുക്കം കാരണം മസിൽപിടിത്തം ഉള്ള സമയത്ത് കാലോ പാദമോ ചലിപ്പിക്കാൻ സാധിക്കാതെ വരിക.

മസിൽപിടിത്തം മാറിയതിനുശേഷവും മണിക്കൂറുകളോളം ആ ഭാഗത്ത് വേദനയോ, കടുപ്പമോ അല്ലെങ്കിൽ ബലഹീനതയോ നിലനിൽക്കുക.

ചില സന്ദർഭങ്ങളിൽ, ഉറക്കത്തിന് തടസ്സം നേരിടുകയോ വീണ്ടും വേദന ഉണ്ടാകുമോ എന്ന ആശങ്കയോ ഉണ്ടാകാം.

രാത്രികാലങ്ങളിലെ ഈ മസിൽപിടിത്തം ഏതാനും സെക്കൻഡുകൾ മുതൽ 10 മിനിറ്റ് വരെ നീണ്ടുനിൽക്കാം. വേദന ചിലപ്പോള്‍ വളരെ ചെറുതായിരിക്കും. ചിലപ്പോള്‍ കഠിനമായിരിക്കും. ചിലപ്പോൾ ആഴത്തിലുള്ള ഉറക്കത്തിൽ നിന്ന് പോലും ഒരാളെ ഉണർത്താൻ തക്കവണ്ണം ഇത് തീവ്രമായേക്കാം. ഇടയ്ക്കിടെ കാലുവേദന അനുഭവപ്പെടുന്നവർക്ക് അടുത്ത ദിവസം രാവിലെ കാലുകളിൽ ഭാരക്കൂടുതലോ അസ്വസ്ഥതയോ അനുഭവപ്പെടാറുണ്ട്.

പ്രധാന കാരണങ്ങൾ

ശാരീരിക അധ്വാനവും തളർച്ചയും

ദീർഘനേരം നിൽക്കുന്നതോ നടക്കുന്നതോ അല്ലെങ്കിൽ ആവശ്യമായ വ്യായാമമില്ലാത്തതോ പേശികളുടെ തളർച്ചയ്ക്ക് കാരണമാകും.

നിർജ്ജലീകരണവും ഇലക്ട്രോലൈറ്റ് അപര്യാപ്തതയും

ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നതും മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളുടെ കുറവും മസിൽ പിടുത്തത്തിന് ഇടയാക്കുന്നു.

രക്തചംക്രമണ പ്രശ്നങ്ങൾ

രക്തപ്രവാഹം കുറയുന്നതും ഞരമ്പുകൾ അമരുന്നതും വേദനയ്ക്ക് കാരണമായേക്കാം.

പ്രായം

പ്രായമേറുന്തോറും പേശികളുടെ ഇലാസ്തികത കുറയുന്നത് ഇത്തരം വേദനകൾ വർധിപ്പിക്കുന്നു.

മറ്റ് ആരോഗ്യപ്രശ്നങ്ങൾ

വൃക്കരോഗങ്ങൾ, പ്രമേഹം, വിളർച്ച തൈറോയ്ഡ് പ്രശ്നങ്ങൾ, കരൾ രോഗങ്ങൾ എന്നിവയുള്ളവർക്കും രാത്രികാലങ്ങളിൽ കാലുവേദന ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

ഗർഭാവസ്ഥ

ഗർഭിണികളിൽ ഹോർമോൺ മാറ്റങ്ങളും രക്തചംക്രമണത്തിലെ വ്യത്യാസങ്ങളും കാരണം രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും വേദന അനുഭവപ്പെടാറുണ്ട്.ഗർഭകാലത്ത് നിർജ്ജലീകരണം അല്ലെങ്കിൽ കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ അളവ് കുറയുന്നതും ഇതിന് കാരണമാകും.

മദ്യപാനവും കരൾ രോഗവും

അമിതമായ മദ്യപാനം പേശികളുടെ പ്രവർത്തനത്തിന് നിർണായകമായ മഗ്നീഷ്യം, ബി വിറ്റാമിനുകൾ പോലുള്ള അവശ്യ പോഷകങ്ങളെ ഇല്ലാതാക്കും. മദ്യവുമായി ബന്ധപ്പെട്ട കരൾ രോഗങ്ങളിൽ, രക്തത്തിൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടുകയും പേശികളെയും ഞരമ്പുകളെയും കൂടുതൽ പ്രകോപിപ്പിക്കുകയും ചെയ്യും.

തണുത്ത താപനില

തണുത്ത അന്തരീക്ഷത്തിൽ ഉറങ്ങുകയോ കാലുകൾ തണുത്ത വായുവിൽ തുറന്നുവെക്കുകയോ ചെയ്യുന്നത് പേശികളെ മുറുക്കുകയും വിശ്രമവേളയിൽ കാലുവേദന ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

പ്രതിരോധ മാർഗ്ഗങ്ങൾ

കൃത്യമായി വ്യായാമം ചെയ്യുകയും പേശികൾ വലിയാൻ സഹായിക്കുന്ന 'സ്ട്രെച്ചിങ്' വ്യായാമങ്ങളിൽ ഏർപ്പെടുകയും ചെയ്യുക.

ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാവാതെ നോക്കുകയും ചെയ്യുക.

മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയ ആഹാരങ്ങള്‍ ശീലമാക്കുക.

വേദന തുടർച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാകാമെന്നതിനാൽ ഒരു ഡോക്ടറുടെ നിർദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്.

TAGS :

Next Story