Quantcast

സ്ഥിരമായി വയറുവേദനയുണ്ടാകാറുണ്ടോ?; നിസാരമായി കാണരുത്, പിത്താശയ കാൻസറിന്റെ ലക്ഷണങ്ങളാവാം

പിത്തസഞ്ചിയിലെ കല്ല് നീക്കം ചെയ്യുന്ന അവസരത്തിലാണ് അര്‍ബുദം പലപ്പോഴും കണ്ടെത്തുന്നത്

MediaOne Logo
സ്ഥിരമായി വയറുവേദനയുണ്ടാകാറുണ്ടോ?; നിസാരമായി കാണരുത്, പിത്താശയ കാൻസറിന്റെ ലക്ഷണങ്ങളാവാം
X

AI generated image

ഇന്ന് ഒട്ടുമിക്ക പേരും അനുഭവിക്കുന്ന അല്ലെങ്കിൽ സാധാരണ പറയുന്ന പരാതികളിൽ ഒന്നാണ് വയറുവേദന. അസിഡിറ്റിയോ,ദഹനക്കേടോ അല്ലെങ്കിൽ ഭക്ഷണശീലങ്ങളോ ആവാം വയറുവേദനക്ക് കാരണമെന്നാണ് പൊതുവെ കരുതാറ്. എന്നാൽ ഈ അസ്വസ്ഥത ആഴ്ചകളോളമോ മാസങ്ങളോളമോ നീണ്ടുനിൽക്കുകയാണെങ്കിൽ, അത് പിത്താശയ അർബുദം പോലുള്ള ഗുരുതരമായ രോഗങ്ങളുടെ സൂചനയാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്.

പിത്താശയ കാൻസർ അവയവത്തിന്റെ ആന്തരിക പാളിയിൽ നിന്ന് ആരംഭിക്കുന്ന ഗുരുതരമായ അവസ്ഥയാണ്. മറ്റ് കാൻസറുകളെ അപേക്ഷിച്ച് ഇത് അപൂർവമായി കാണപ്പെടുന്നതാണെങ്കിലും പ്രാരംഭ ഘട്ടത്തിൽ അസുഖം കണ്ടെത്തുക പ്രയാസകരമാണ്. മാസങ്ങളോളം നേരിയ വയറുവേദന അനുഭവിക്കാറുണ്ടെങ്കിലും, ദഹനക്കേടോ അസിഡിറ്റിയോ ആണെന്ന് കരുതി പലരും അത് അവഗണിക്കുന്നു. സാധാരണ അന്റാസിഡുകൾ കഴിച്ചാലോ ഭക്ഷണക്രമം മാറ്റിയാലോ ഇതിന് ആശ്വാസം ലഭിക്കില്ല. അതുകൊണ്ട് തന്നെ പലപ്പോഴും പിത്താശയ കാൻസർ ഏറ്റവും ഗുരുതരമായ ഘട്ടം എത്തുന്നത് വരെ തിരിച്ചറിയാതപ്പോകുകയും ചെയ്യുന്നു.

എന്തുകൊണ്ട് കാൻസർ തിരിച്ചറിയപ്പെടുന്നില്ല?

പിത്തസഞ്ചി ശരീരത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന രീതിയിൽ സ്ഥിതിചെയ്യുന്നതാണ് രോഗനിർണ്ണയം വൈകുന്നതിനുള്ള പ്രധാന കാരണം. കരളിന് പിന്നിലായി, വയറിന്റെ ആഴത്തിലുള്ള ഭാഗത്തുള്ള ഒരു ചെറിയ സഞ്ചി പോലെയുള്ള അവയവമാണിത്. അതിനാൽ തന്നെ, അസാധാരണമാംവിധം വലുതാകാതെ സാധാരണ പരിശോധനകളിലൂടെ ഇത് കണ്ടെത്തുക പ്രയാസകരമാണ്

വയറുവേദന, ദഹനക്കേട്, അല്ലെങ്കിൽ ഓക്കാനം തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങൾ പിത്തസഞ്ചിയിലെ കല്ല് അല്ലെങ്കിൽ ഗ്യാസ്‌ട്രൈറ്റിസ് പോലുള്ള അർബുദമല്ലാത്ത മറ്റ് അവസ്ഥകളുമായി ഏറെ സാമ്യമുള്ളവയാണ്. ഈ ലക്ഷണങ്ങൾ പിത്തസഞ്ചി അർബുദത്തിന് മാത്രം പ്രത്യേകമല്ലാത്തതിനാൽ, പലപ്പോഴും മറ്റ് പരിശോധനകൾക്കിടയിലാണ് അപ്രതീക്ഷിതമായി ഈ രോഗം കണ്ടെത്തുന്നത്.

ലക്ഷണങ്ങൾ

തുടർച്ചയായ വയറുവേദന

വയറിന്റെ മുകൾഭാഗത്ത് വലതുവശത്തായി അനുഭവപ്പെടുന്ന വേദന പലപ്പോഴും പേശിവേദനയോ ദഹനക്കേടോ ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

അമിതമായ വയർ വീർക്കലും ഗ്യാസും

വിട്ടുമാറാത്ത വയർ വീർക്കൽ പലപ്പോഴും എരിവുള്ള ഭക്ഷണത്തോടുള്ള പ്രതികരണമോ അസിഡിറ്റിയോ ആണെന്ന് കരുതി രോഗികൾ തള്ളിക്കളയുന്നു. എന്നാൽ ഇത് ആന്തരികമായ തടസ്സങ്ങളുടെ സൂചനയാകാം.

ഓക്കാനവും വിശപ്പില്ലായ്മയും

ഇടയ്ക്കിടെയുണ്ടാകുന്ന ഓക്കാനവും ഭക്ഷണത്തോടുള്ള പെട്ടെന്നുള്ള വിരക്തിയും പലപ്പോഴും വയറ്റിലെ അണുബാധയോ സാധാരണ പനിയോ ആയി തെറ്റിദ്ധരിക്കപ്പെടുന്നു

കാരണമില്ലാത്ത ശരീരഭാരം കുറയുക

ഭക്ഷണക്രമത്തിൽ മാറ്റം വരുത്താതെ തന്നെ ശരീരഭാരം കുറയുന്നത് ആരോഗ്യകരമായ ഒന്നായി കാണുകയോ അല്ലെങ്കിൽ സ്‌ട്രെസ്സ് മൂലമാണെന്ന് കരുതുകയോ ചെയ്യുന്നു. എന്നാൽ ശരീരം ഒരു രോഗത്തോട് പോരാടുന്നതിന്റെ ലക്ഷണമാകാം ഇത്.

ഇടക്കിടക്കുള്ള പനി

ഇടക്കിടക്ക് വന്നുപോകുന്ന പനി പലപ്പോഴും ജലദോഷമോ ക്ഷീണമോ ആയി കണക്കാക്കപ്പെടുന്നു. ഇത് ട്യൂമർ മൂലമുണ്ടാകുന്ന വീക്കം തിരിച്ചറിയുന്നതിന് തടസ്സമാകുന്നു.

രോഗനിർണ്ണയവും ചികിത്സയും

വയറുവേദന ദീർഘകാലം നീണ്ടുനിൽക്കുമ്പോൾ, ആദ്യ ഘട്ടമെന്ന നിലയിൽ കരളിന്റെ പ്രവർത്തനം പരിശോധിക്കുന്നതിനായി രക്തപരിശോധനകൾ നടത്തുന്നു. അതിനുശേഷം, പിത്തസഞ്ചി നേരിട്ട് പരിശോധിക്കാൻ വയറിന്റെ അൾട്രാസൗണ്ട് സ്‌കാൻ ചെയ്യുന്നു.

ഫലം വ്യക്തമല്ലെങ്കിൽ, സിടി അല്ലെങ്കിൽ എംആർഐ ) സ്‌കാനുകൾ വഴി കൂടുതൽ വ്യക്തമായ ചിത്രം ലഭ്യമാകും. അർബുദം സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്താൽ, രോഗത്തിന്റെ വ്യാപ്തി അറിയാൻ പെറ്റ് സിടി (PET CT) പരിശോധന നടത്തുന്നു. ചിലപ്പോൾ രോഗം സ്ഥിരീകരിക്കാൻ ബയോപ്‌സി ചെയ്യാറുണ്ട്. പലപ്പോഴും പിത്തസഞ്ചിയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടയിലാണ് ഈ രോഗം അപ്രതീക്ഷിതമായി കണ്ടെത്തുന്നത്.

പ്രാരംഭ ഘട്ടത്തിൽ പിത്തസഞ്ചി നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് പ്രധാന ചികിത്സ. രോഗം പടർന്ന അവസ്ഥയിലാണെങ്കിൽ കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്നിവയും ചെയ്യും. മറ്റൊരു ചികിത്സാ രീതിയാണ് റാഡിക്കൽ കൊളിസിസ്റ്റെക്ടമി.ഇതിൽ പിത്തസഞ്ചിക്ക് പുറമെ കരളിന്റെ അടുത്തുള്ള ഭാഗങ്ങളും ലിംഫ് നോഡുകളും നീക്കം ചെയ്യുന്നു.അത്യാധുനികമായ റോബോട്ടിക് സംവിധാനം ഉപയോഗിച്ചും ശസ്ത്രക്രിയ നടത്താറുണ്ട്. ഇങ്ങനെ ചെയ്യുന്നത് വഴി രക്തനഷ്ടം കുറവായതിനാലും വേഗത്തിൽ സുഖം പ്രാപിക്കാനും സഹായിക്കുന്നു.

ജാഗ്രതയാണ് പ്രധാനം

എല്ലാ വയറുവേദനകളും ഗുരുതരമായ രോഗമാകണമെന്നില്ല .എന്നാൽ വിട്ടുമാറാത്തതോ ആവർത്തിച്ചു വരുന്നതോ ആയ അസ്വസ്ഥതകൾ ഒരിക്കലും അവഗണിക്കരുത്. അസിഡിറ്റിക്കോ ദഹനക്കേടിനോ ഉള്ള ചികിത്സ എടുത്തിട്ടും ആഴ്ചകളോളം വയറുവേദന നീണ്ടുനിൽക്കുകയാണെങ്കിൽ കൃത്യമായ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയുന്നതും കൃത്യസമയത്ത് വൈദ്യപരിശോധന നടത്തുന്നതും വലിയ മാറ്റമുണ്ടാക്കും. പ്രാരംഭ ഘട്ടത്തിലുള്ള രോഗനിർണ്ണയം ഫലപ്രദമായ ചികിത്സയ്ക്കും രോഗം ചികിത്സിക്കാനും സഹായിക്കും. രോഗം പടർന്ന അവസ്ഥയിൽ കണ്ടെത്തിക്കഴിഞ്ഞാൽ, രോഗമുക്തിക്കുള്ള സാധ്യത വളരെ കുറവാണ്. അതിനാൽ 'ജാഗ്രതയാണ് പ്രധാനമെന്ന് മണിപ്പാൽ കോംപ്രിഹെൻസീവ് ക്യാൻസർ സെന്റർ & ഓങ്കോ റോബോട്ടിക് സർജറീസ് വൈസ് ചെയർമാൻ ഡോ. അശ്വനി കുമാർ ശർമ്മ പറയുന്നു.

TAGS :

Next Story