ഓയിലുകൾ, ഷാംപൂ, ഹെയർ പാക്കുകൾ..; എന്ത് ചെയ്തിട്ടും മുടികൊഴിച്ചിൽ മാറുന്നില്ലേ? ഇതാകാം കാരണങ്ങള്‍....
നമ്മുടെ ശരീരത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന കോശങ്ങളിലൊന്നാണ് ഹെയർ ഫോളിക്കിളുകൾ

രാവിലെ എഴുന്നേൽക്കുമ്പോൾ തലയണയിലോ, കുളിച്ചു കഴിയുമ്പോൾ ബാത്ത്റൂമിലോ ഒക്കെ മുടിയിഴകൾ അടിഞ്ഞുകൂടി കിടക്കുന്നത് കാണുമ്പോൾ നമ്മളിൽ ഭൂരിഭാഗം പേരുടെയും നെഞ്ച് ഒന്ന് പിടയും! പെട്ടെന്ന് തന്നെ പുതിയ ഹെയർ ഓയിലുകൾ, ഷാംപൂകൾ അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ കാണുന്ന ഹെയർ പാക്കുകൾ എന്നിവ പരീക്ഷിച്ച് മുടികൊഴിച്ചിൽ നിർത്താനുള്ള നെട്ടോട്ടത്തിലാകും നമ്മൾ.
എന്നാൽ, ഒരു നിമിഷം നിൽക്കൂ... നിങ്ങളുടെ മുടി കൊഴിയുന്നത് വെറുമൊരു ബാഹ്യമായ സംരക്ഷണക്കുറവ് കൊണ്ടോ കാലാവസ്ഥാ വ്യതിയാനം കൊണ്ടോ മാത്രമാണോ? അല്ലേയല്ല എന്നാണ് ശാസ്ത്രം പറയുന്നത്. പലപ്പോഴും നമ്മുടെ ശരീരം അകമേ അനുഭവിക്കുന്ന ചില വലിയ ആരോഗ്യപ്രശ്നങ്ങളുടെ 'അലാറം' അല്ലെങ്കിൽ മുൻകൂട്ടിയുള്ള മുന്നറിയിപ്പായിരിക്കാം ഈ മുടികൊഴിച്ചിൽ.
നമ്മുടെ ശരീരത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന കോശങ്ങളിലൊന്നാണ് ഹെയർ ഫോളിക്കിളുകൾ. അതുകൊണ്ടുതന്നെ ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങളോ പോഷകാഹാരക്കുറവോ ഉണ്ടായാൽ അതിന്റെ പ്രതിഫലനം ആദ്യം കാണിക്കുന്നത് മുടിയിലാണ്. വിട്ടുമാറാത്ത കടുത്ത മുടികൊഴിച്ചിൽ ചില ആരോഗ്യപ്രശ്നങ്ങളുടെ ആദ്യകാല ലക്ഷണമാകാമെന്ന് വിദഗ്ധർ പറയുന്നു. അവ ഏതൊക്കെയാണെന്ന് വിശദമായി നോക്കാം..
ശരീരത്തിൽ അയണിന്‍റെ അളവ് കുറയുന്നത് മുടികൊഴിച്ചിലിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. രക്തത്തിൽ ഹീമോഗ്ലോബിൻ നിർമ്മിക്കാൻ അയണ്‍ അഥവാ ഇരുമ്പ് അത്യാവശ്യമാണ്. ഈ ഹീമോഗ്ലോബിനാണ് ശരീരത്തിലെ കോശങ്ങളിലേക്ക്, പ്രത്യേകിച്ച് മുടിയുടെ വേരുകളിലേക്ക് ഓക്സിജൻ എത്തിക്കുന്നത്. അയണിന്‍റെ കുറവ് മൂലം മുടിയുടെ വേരുകളിലേക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ വരികയും, ഇത് മുടിയുടെ വളർച്ചയെ തടസ്സപ്പെടുത്തി കടുത്ത മുടികൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്നു.
ഇന്ത്യൻ സ്ത്രീകളിൽ കണ്ടുവരുന്ന വിട്ടുമാറാത്ത മുടികൊഴിച്ചിലിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നും ശരീരത്തിൽ അയണിന്‍റെ അംശം കുറയുന്നത് തന്നെയാണ്. പലപ്പോഴും വിളർച്ച പോലെയുള്ള ലക്ഷണങ്ങൾ പുറമേക്ക് കാണിച്ചില്ലെങ്കിൽ പോലും ഈ അവസ്ഥ ഉണ്ടാകാം. ശരീരത്തിൽ ഇരുമ്പ് സംഭരിച്ചുവെക്കുന്ന പ്രോട്ടീനായ 'ഫെറിറ്റിന്റെ' അളവിൽ ഉണ്ടാകുന്ന ചെറിയ കുറവുപോലും മുടിയുടെ വേരുകളെ വിശ്രമാവസ്ഥയിലേക്ക് നയിച്ചേക്കാം. ഫെറിറ്റിന്റെ അളവ് കുറയുന്നത് കൂടുതൽ കടുത്ത രീതിയിലുള്ള മുടികൊഴിച്ചിലിന് കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം താളംതെറ്റുന്നത് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കും. തൈറോയ്ഡ് ഹോർമോൺ ഉത്പാദനം കൂടുന്ന അവസ്ഥയും കുറയുന്ന അവസ്ഥയും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ഹോർമോൺ വ്യതിയാനം ഉണ്ടാകുമ്പോൾ പുതിയ മുടി വളരുന്ന പ്രക്രിയ സാവധാനത്തിലാവുകയും നിലവിലുള്ള മുടികൾ വേഗത്തിൽ കൊഴിഞ്ഞുപോകുകയും ചെയ്യും.
ശരീരത്തിന്റെ പ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ തന്നെ ആക്രമിക്കുന്ന അവസ്ഥയാണ് ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ. മുടി കൊഴിച്ചിൽ ഇത്തരത്തിലുള്ള ആന്തരിക പ്രശ്നങ്ങളുടെ ഒരു വലിയ സൂചനയാകാം. 'അലോപേഷ്യ ഏരിയേറ്റ' എന്ന അവസ്ഥയിൽ തലയിൽ നാണയ വട്ടത്തിൽ മുടി പൂർണ്ണമായും കൊഴിഞ്ഞുപോകാറുണ്ട്. ഇത് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് , ലൂപ്പസ് , അല്ലെങ്കിൽ ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസ് തുടങ്ങിയ ഗുരുതരമായ പ്രതിരോധ വ്യവസ്ഥാ രോഗങ്ങളുടെ ലക്ഷണമാകാനും സാധ്യതയുണ്ട്.
പുരുഷന്മാരിൽ ചെറുപ്പകാലത്തുതന്നെ ഉണ്ടാകുന്ന കഷണ്ടി അഥവാ 'ആൻഡ്രോജെനെറ്റിക് അലോപേഷ്യ' ഹൃദ്രോഗ സാധ്യതയുടെയും പ്രമേഹത്തിന്റെയുമൊക്കെ ലക്ഷണമാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് മുടിയുടെ വേരുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കും. ഇത് മുടിയുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നു. കൂടാതെ, ചെറുപ്പത്തിൽ തന്നെയുള്ള കഷണ്ടി മെറ്റബോളിക് സിൻഡ്രോം, അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണമാകാം എന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 തുടങ്ങിയ അത്യാവശ്യ വിറ്റാമിനുകളുടെ കുറവ് മുടിയുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കും. ഇതുകൂടാതെ വിട്ടുമാറാത്ത മാനസിക സമ്മർദ്ദവും വിഷാദരോഗവും ശരീരത്തിലെ ഹോർമോൺ നിലകളിൽ മാറ്റം വരുത്തുന്നു. ഇത് മുടിയെ പെട്ടെന്ന് തന്നെ കൊഴിച്ചിലിന്റെ ഘട്ടത്തിലേക്ക് നയിക്കുന്നു.
ശരീരത്തിൽ ഒരു പ്രശ്നമുണ്ടായാൽ ആഴ്ചകൾക്കോ മാസങ്ങൾക്കോ ശേഷമായിരിക്കും മുടി കൊഴിയാൻ തുടങ്ങുക. ഉദാഹരണത്തിന്, നിങ്ങൾക്ക് മാർച്ചിലാണ് കടുത്ത മുടികൊഴിച്ചിൽ അനുഭവപ്പെടുന്നതെങ്കിൽ, അതിന്റെ യഥാർത്ഥ കാരണം ജനുവരിയിൽ ഉണ്ടായ എന്തെങ്കിലും അസുഖമോ, പെട്ടെന്ന് വണ്ണം കുറച്ചതോ, കഴിച്ച മരുന്നുകളോ അല്ലെങ്കിൽ കടുത്ത മാനസിക സങ്കടങ്ങളോ ആകാം.
അതുകൊണ്ട് കണ്ണാടിയിൽ നോക്കുമ്പോഴോ തലമുടി ചീകുമ്പോഴോ അല്പം മുടി കൊഴിയുന്നത് കണ്ടാൽ, ഉടനെ പരിഭ്രാന്തരായി പുതിയ എണ്ണകൾക്കും ഷാംപൂകൾക്കും പിന്നാലെ ഓടരുത്. പകരം, നിങ്ങളുടെ ശരീരം തരുന്ന മുന്നറിയിപ്പ് എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക.
മുടികൊഴിച്ചിൽ അനുഭവപ്പെടുമ്പോൾ ബാഹ്യമായ ചികിത്സകൾ മാത്രം പരീക്ഷിക്കുന്നതിന് പകരം, ശരീരത്തിന് ഉള്ളിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഡെർമറ്റോളജിസ്റ്റിനെയോ ജനറൽ ഫിസിഷ്യനെയോ കണ്ട് കൃത്യമായ പരിശോധന നടത്തുക.
തൈറോയ്ഡ് ടെസ്റ്റ്, ബ്ലഡ് കൗണ്ട് , ഇരുമ്പിന്റെ അളവ് അറിയാനുള്ള ഫെറിറ്റിൻ ടെസ്റ്റ്, വിറ്റാമിൻ ഡി പരിശോധനകൾ എന്നിവയിലൂടെ ശരീരത്തിന്റെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കി ചികിത്സിക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ഉചിതം. ശരീരത്തിന്റെ ആന്തരിക ആരോഗ്യം വീണ്ടെടുക്കുന്നതിലൂടെ മാത്രമേ മുടിയുടെ ആരോഗ്യം പൂർണ്ണമായും സംരക്ഷിക്കാൻ സാധിക്കൂ.
Adjust Story Font
16

