ദിവസവും ബീറ്റ്റൂട്ട് കഴിക്കാറുണ്ടോ? എങ്കിൽ കാത്തിരിക്കുന്നത് ഈ അപകടങ്ങൾ!
ബീറ്റ്റൂട്ട് കൂടുതലായി കഴിച്ചാൽ ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ ഇവയാണ്

ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വൈറ്റമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളമടങ്ങിയ ഒരു സൂപ്പർ ഫുഡ് ആയിട്ടാണ് നമ്മൾ ബീറ്റ്റൂട്ടിനെ കാണുന്നത്. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ റിസർച്ച് സർവീസിന്റെ കണക്കനുസരിച്ച് ബീറ്റ്റൂട്ടിൽ പ്രോട്ടീൻ മാത്രമല്ല, വിറ്റാമിൻ സി, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, അമിനോ ആസിഡുകൾ, ഫാറ്റി ആസിഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ, ധാതുക്കൾ, നാരുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ധാരാളമുള്ളതിനാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ബീറ്റ്റൂട്ട് മികച്ചൊരു ഓപ്ഷനാണ്.
തോരനായും കറിയായും സലാഡായും ജ്യൂസായുമെല്ലാം നമ്മൾ ഇത് സ്ഥിരമായി കഴിക്കാറുമുണ്ട്. എന്നാൽ, പോഷകസമൃദ്ധമാണ് എന്ന് കരുതി ബീറ്റ്റൂട്ട് അമിതമായി കഴിക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന കാര്യം പലർക്കും അറിയില്ല. ബീറ്റ്റൂട്ട് കൂടുതലായി കഴിച്ചാൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രധാന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി പരിശോധിക്കാം.
1. കിഡ്നി സ്റ്റോൺ വരാനുള്ള സാധ്യത
ഓക്സലേറ്റ് ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇത് അമിതമായി ശരീരത്തിൽ എത്തുമ്പോൾ കാൽത്സ്യവുമായി പ്രവർത്തിച്ച് കിഡ്നിയിൽ കല്ലുകൾ രൂപപ്പെടാൻ കാരണമായേക്കാം. അതിനാൽ മുമ്പ് കിഡ്നി സ്റ്റോൺ വന്നിട്ടുള്ളവരും, നിലവിൽ കിഡ്നി സംബന്ധമായ അസുഖങ്ങളുള്ളവരും ബീറ്റ്റൂട്ടിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് ഏറ്റവും ഉത്തമം.
2. പ്രഷർ അമിതമായി താഴാനുള്ള സാധ്യത
ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണെന്നത് സത്യമാണ്. എന്നാൽ, സ്വാഭാവികമായിത്തന്നെ കുറഞ്ഞ രക്തസമ്മർദ്ദം ഉള്ള വ്യക്തികൾ ബീറ്റ്റൂട്ട് അമിതമായി കഴിച്ചാൽ രക്തസമ്മർദ്ദം അപകടകരമായ രീതിയിൽ താഴേക്കും, ഇത് തലകറക്കം, ക്ഷീണം എന്നിവയ്ക്കും വഴിവെച്ചേക്കാം.
3. മൂത്രത്തിന്റെയും മലത്തിന്റെയും നിറത്തിലുണ്ടാകുന്ന മാറ്റങ്ങൾ
ബീറ്റ്റൂട്ട് കൂടുതൽ കഴിച്ചാൽ മൂത്രത്തിന്റെയോ മലത്തിന്റെയോ നിറം ചുവപ്പോ പിങ്ക് നിറമോ ആയി മാറാറുണ്ട്. ഈ അവസ്ഥയാണ് ബീറ്റൂറിയ. ഇത് ആരോഗ്യത്തിന് അപകടകരമല്ലെങ്കിലും, ധാരണയില്ലാത്തവർ പെട്ടെന്ന് ഭയപ്പെടാനും പരിഭ്രാന്തിപ്പെടാനും സാധ്യത കൂടുതലാണ്.
4. കരളിന് കൂടുതൽ പണിയെടുക്കേണ്ടി വരുന്നു
ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ അളവിൽ ഉള്ളിൽ ചെന്നാൽ പ്രോസസ്സ് ചെയ്തെടുക്കാൻ കരളിന് കൂടുതൽ പ്രയത്നിക്കേണ്ടി വരും. അപൂർവ്വമായിട്ടാണെങ്കിലും ഇത് കരളിന്റെ സ്വാഭാവിക പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാൻ കാരണമായേക്കാം.
5. ദഹനപ്രശ്നങ്ങൾക്ക് കാരണമാകാം
ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ ഫൈബർ അഥവാ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് പരിധിയിൽ കൂടുതൽ ഉള്ളിലെത്തുന്നത് വയറിനെ അസ്വസ്ഥമാക്കുകയും വയറുവേദന, മലബന്ധം, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകളിലേക്ക് നയിക്കുകയും ചെയ്യും.
രക്തത്തിലെ ഹീമോഗ്ലോബിനും ഇരുമ്പിന്റെ അളവും കൂട്ടാൻ പലരും ബീറ്റ്റൂട്ട് ധാരാളമായി കഴിക്കാറുണ്ട്. ബീറ്റ്റൂട്ടിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ടെന്നത് ശരിയാണെങ്കിലും, നമ്മുടെ ശരീരം അത് എളുപ്പത്തിൽ ആഗിരണം ചെയ്യാറില്ല എന്നതാണ് സത്യം. അതിനാൽ ശരീരത്തിൽ അയൺ കൂട്ടാൻ ബീറ്റ്റൂട്ടിനേക്കാൾ ഫലപ്രദം ഇലക്കറികളും വൈറ്റമിൻ സി അടങ്ങിയ പഴ വർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ്.
എൻഎഫ്എസ് (NFS) ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഓരോ രണ്ട് ദിവസത്തിലും 150 ഗ്രാം ബീറ്റ്റൂട്ട് കഴിക്കുന്നത് ആരോഗ്യകരമാണെന്നും ഇത് സിസ്റ്റോളിക് രക്തസമ്മർദ്ദം ക്രമീകരിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. ജ്യൂസായി കുടിക്കുകയാണെങ്കിൽ ഒരു തവണ 250 മില്ലിയിൽ കൂടുതൽ കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ബീറ്റ്റൂട്ട് കഴിക്കുമ്പോൾ ഈ കാര്യങ്ങൾ ഓർക്കുക
ബീറ്റ്റൂട്ട് പച്ചയ്ക്കോ ജ്യൂസ് അടിച്ചോ കുടിക്കുന്നതിനേക്കാൾ പുഴുങ്ങി കഴിക്കുന്നതാണ് ഓക്സലേറ്റിന്റെ അളവ് കുറയ്ക്കാൻ നല്ലത്.
വെറും വയറ്റിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.
ദിവസവും കഴിക്കുന്നതിന് പകരം ആഴ്ചയിൽ 2 മുതൽ 3 ദിവസം മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ലോ ബിപി ഉള്ളവരും കിഡ്നി രോഗമുള്ളവരും ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷം മാത്രം ബീറ്റ്റൂട്ട് കഴിക്കുക.
Adjust Story Font
16

