ഇന്ത്യയിലെ 99% ഹൃദയാഘാതങ്ങൾക്കും കാരണം ഈ നാല് കാരണങ്ങൾ; മുന്നറിയിപ്പുമായി ഡോക്ടർമാർ
ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നതാണ് മരണത്തിലേക്കോ മറ്റ് ഗുരുതരമായ അവസ്ഥയിലേക്കോ നയിക്കുന്നത്

- Published:
8 Jan 2026 1:04 PM IST

representative image
ദുശ്ശീലങ്ങളൊന്നുമില്ലാത്ത,ആരോഗ്യവാനായ,വ്യായാമങ്ങളൊന്നും മുടക്കാത്ത ചെറുപ്പക്കാർക്ക് ഹൃദയാഘാതം സംഭവിക്കുന്നത് ഞെട്ടലോടെയാണ് നാം പലപ്പോഴും കേൾക്കാറുള്ളത്. ഇന്ത്യയിൽ അടുത്തിടെ യുവാക്കൾ ഹൃദയാഘാതം മൂലം മരിക്കുന്നത് ഏറെ ചർച്ചകൾക്കും ഇടയാക്കിയിരുന്നു. കോവിഡ് വാക്‌സിനുമായി ഇതിന് ബന്ധമുണ്ടെന്ന രീതിയിൽ ആ ചർച്ചകൾ നീളുകയും ചെയ്തു. എന്നാൽ അതിനെ നിഷേധിച്ചുകൊണ്ട് കേന്ദ്രം തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇന്ത്യയിൽ ഏകദേശം 99 ശതമാനം ചെറുപ്പാക്കാരിലും വരുന്ന ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണം ഒളിഞ്ഞിരിക്കുന്ന ചില ഘടകങ്ങളാണെന്നാണ് ഡോക്ടർമാർ പറയുന്നു. ഇവ പലപ്പോഴും തിരിച്ചറിയപ്പെടാൻ വൈകുന്നതാണ് മരണത്തിലേക്കോ മറ്റ് ഗുരുതരമായ അവസ്ഥയിലേക്കോ നയിക്കുന്നത്. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതും പലരുടെയും ജീവൻ തന്നെ സംരക്ഷിക്കാൻ കാരണമാകുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
ഉയർന്ന രക്തസമ്മർദം
ഹൈപ്പർ ടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദം രക്തധമനികളെ തകരാറിലാക്കും. രക്തധമനികളുടെ ഭിത്തികൾക്ക് കേടുപാടുകൾ സംഭവിക്കാനും കൊഴുപ്പ് അടിഞ്ഞുകൂടാനും ഇത് കാരണമാകും.ഇതുമൂലം രക്തം പമ്പു ചെയ്യുന്നതിനടക്കം ഹൃദയത്തിന് കൂടുതൽ ജോലി ഭാരം ഏറുകയും ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും.
ഉയർന്ന കൊളസ്‌ട്രോൾ
ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന ജീവിതശൈലീ രോഗമാണ് കൊളസ്‌ട്രോൾ.ഭക്ഷണരീതിയിലുണ്ടായ വലിയ മാറ്റമാണ് കൊളസ്‌ട്രോൾ രോഗികളുടെ എണ്ണത്തിലും വർധനവുണ്ടാക്കിയത്. കൊളസ്‌ട്രോൾ നിസാരമായി കാണുന്നവർക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടർമാർ പറയുന്നു.പ്രത്യേകിച്ച് എൽഡിഎൽ കൊളസ്‌ട്രോൾ കൂടുതലുള്ളവർക്ക്. ഉയർന്ന കൊളസ്‌ട്രോൾ മൂലം രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറക്കുകയും രക്തക്കുഴലുകളിൽ തടസ്സമുണ്ടാക്കുകയും ചെയ്യും.
പ്രമേഹം അല്ലെങ്കിൽ പ്രീ ഡയബറ്റിസ്
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് കാലക്രമേണ രക്തക്കുഴലുകളെ തകരാറിലാക്കുകയും ഹൃദ്രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.
പുകവലി
ശരീരത്തിന് നിരവധി ദോഷങ്ങൾ ചെയ്യുന്ന ഒരു ശീലമാണ് പുകവലി അല്ലെങ്കിൽ പുകയില ഉത്പന്നങ്ങളും ഉപയോഗം. ദോഷവശങ്ങൾ അറിഞ്ഞിട്ടും ഇത് നിർത്താനാകാത്തവര്‍ ഏറെ ശ്രദ്ധിക്കണം. പുകവലിക്കുന്നത് ഹൃദയത്തെയും രക്തക്കുഴലുകളെയും ദോഷകരമായി ബാധിക്കുകയും ഇവയുടെ തകരാറിന് വരെ കാരണമാകുകയും ചെയ്യും.കൂടാതെ മറ്റ് അവയവങ്ങളുടെ നാശത്തിനും പുകവലി ഇടയാക്കും.
ഈ പറഞ്ഞ കാര്യങ്ങൾ നിസാരമായി കാണുകയോ അവഗണിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കും. ഇവ വർഷങ്ങളോളം നിശബ്ദമായി ആരോഗ്യത്തെ കാർന്നുതിന്നും. ഹൃദയാഘാതത്തിന്റെ പ്രകടമായ ലക്ഷണങ്ങളായ നെഞ്ചുവേദന അനുഭവപ്പെടും വരെ ഇക്കാര്യങ്ങൾ നിങ്ങൾ അറിയില്ല എന്ന് മാത്രം. കൊളസ്‌ട്രോളായാലും പ്രമേഹമായാലും രക്തസമ്മർദമായാലും പുകവലിയായാലും ഇവയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ അപകട സാധ്യത കുറക്കാം. അതേസമയം, ക്ഷീണം, നെഞ്ചിൽ അസ്വസ്ഥത അല്ലെങ്കിൽ വേദന, കൈകൾ,കഴുത്ത്,പുറം എന്നിവയിലേക്ക് പടരുന്ന വേദന, ശ്വാസതടസ്സം, ഛർദി, അമിതമായ വിയർപ്പ് എന്നിവ അനുഭവപ്പെട്ടാൽ ഉടനടി വൈദ്യസഹായം തേടുകയും വേണം.
Adjust Story Font
16
