Quantcast

ഏതുസമയവും പാദങ്ങളിൽ തണുപ്പ് അനുഭവപ്പെടുന്നോ! കാലുകൾ കാണിച്ചുതരുന്നത് കൊളസ്‌ട്രോളിന്റെ ലക്ഷണങ്ങളാകാം

ഹൃദയത്തിലേക്കുള്ള രക്തപ്രവാഹമാണ് ഇത്തരത്തിൽ തടസപ്പെടുന്നതെങ്കിൽ ഹാർട്ട് അറ്റാക്ക് വരെയുണ്ടാകാൻ സാധ്യതയുണ്ട്

MediaOne Logo

Web Desk

  • Published:

    2 Jan 2023 1:26 PM GMT

ഏതുസമയവും പാദങ്ങളിൽ തണുപ്പ് അനുഭവപ്പെടുന്നോ! കാലുകൾ കാണിച്ചുതരുന്നത് കൊളസ്‌ട്രോളിന്റെ ലക്ഷണങ്ങളാകാം
X

മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളും കൊളസ്‌ട്രോൾ വിളിച്ചുവരുത്തും. കൊഴുപ്പ് കൂടിയ ഭക്ഷണം പലരുടെയും ജീവിതത്തിൽ ഒഴിച്ചുകൂട്ടാനാകാത്ത ഒന്നാണ്. ഒപ്പം വ്യായാമം കൂടിയില്ലെങ്കിൽ കൊളസ്‌ട്രോൾ വർധിക്കാൻ മറ്റ് കാരണങ്ങൾ തേടേണ്ടതില്ല. പുകവലിയും മദ്യപാനവും കൊളസ്‌ട്രോൾ കൂടുന്നതിന്റെ പ്രധാന കാരണങ്ങളാണ്. കൊളസ്‌ട്രോളിന്റെ ആദ്യകാല ലക്ഷണങ്ങൾ അധികമാരും ശ്രദ്ധിക്കാറില്ല.

ഭാവിയിൽ വിവിധ രോഗങ്ങൾക്ക് കാരണമാകുമെന്നതിനാൽ തുടക്കത്തിലേ തന്നെ കൊളസ്‌ട്രോൾ നിയന്ത്രിച്ച് നിർത്തേണ്ടത് അനിവാര്യമാണ്. ഹൃദ്രോഗം, സ്‌ട്രോക്ക്, പെരിഫെറൽ വാസ്‌കുലാർ ഡിസീസ് (കാലിലേക്കുള്ള രക്തയോട്ടക്കുറവ്), റുമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള വാതരോഗങ്ങൾ, വൃക്കരോഗങ്ങൾ എന്നിവ കൊളസ്‌ട്രോൾ കൂടുന്നതിനൊപ്പം പിടിപെട്ടേക്കാവുന്ന രോഗങ്ങളാണ്.

കൊളസ്‌ട്രോൾ പ്രധാനമായും രണ്ടുതരമാണുള്ളത്. എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന നല്ല കൊളസ്ട്രോളും എൽഡിഎൽ എന്ന മോശം കൊളസ്ട്രോളും. എൽഡിഎൽ ആണ് വില്ലൻ. ഇത് അധികമാകുന്നത് രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാകാൻ ഇടയാക്കും. ധമനികളുടെ മതിലുകൾ ഇടുങ്ങിയതാക്കുകയും രക്തം കടന്നുപോകാൻ അനുവദിക്കാതിരിക്കുകയും ചെയ്യും. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹമാണ് ഇത്തരത്തിൽ തടസപ്പെടുന്നതെങ്കിൽ ഹാർട്ട് അറ്റാക്ക് വരെയുണ്ടാകാൻ സാധ്യതയുണ്ട്.

മിക്കപ്പോഴും, ഉയർന്ന കൊളസ്ട്രോൾ രോഗലക്ഷണങ്ങളിലൂടെ പ്രകടമാകണമെന്നില്ല. എന്നാൽ, ശരീരത്തിലെ ചില ഭാഗങ്ങൾ കാണിച്ചുതരുന്ന പല ലക്ഷണങ്ങളും നാം അവഗണിക്കാറാണ് പതിവ്. ഇങ്ങനെ ലക്ഷണങ്ങൾ പ്രകടമാകുന്ന ഒരു ഭാഗമാണ് കാലുകൾ. ധമനികളുടെ സങ്കോചവും തടസവും ശരീരത്തിന്റെ താഴ്ഭാഗങ്ങളിൽ പ്രത്യേകിച്ച് കാലുകളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിന് ഇടയാക്കും. ഇത് പെരിഫറൽ ആർട്ടറി ഡിസീസ് (പിഎഡി) എന്ന അവസ്ഥക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. വളരെ വേദനാജനകവുമായ ഒരു അവസ്ഥയാണിത്.

പാദങ്ങളിൽ മിക്കപ്പോഴും തണുപ്പോ മരവിപ്പോ അനുഭവപ്പെടുന്നത് കൊളസ്‌ട്രോളിന്റെ ലക്ഷണമാകാമെന്ന് ഗ്ലോബാറിൽ നിന്നുള്ള ഡോക്ടർ ജോസഫ് അംബാനി പറയുന്നു. ഉയർന്ന കൊളസ്ട്രോൾ പാദങ്ങളിൽ പ്രകടമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. നടക്കുമ്പോൾ മാത്രം മലബന്ധം അനുഭവപ്പെടുന്നതും കൊളസ്‌ട്രോളിന്റെ ലക്ഷണമാകാം. നടക്കുമ്പോൾ മാത്രമാണ് ഈ പ്രശ്നം, എന്നാൽ വിശ്രമിക്കുമ്പോൾ ഇല്ലെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. ഏത് കാലാവസ്ഥയിലാണെങ്കിലും വിട്ടുമാറാത്ത തണുപ്പ് പാദങ്ങളിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധ പുലർത്തേണ്ട സമയമായെന്ന് ഊഹിക്കാം. ഒരുപക്ഷേ, ഇത് രണ്ടുകാലിലും അനുഭവപ്പെടണമെന്നില്ല, ഏതെങ്കിലും ഒരു കാലിൽ മാത്രമായിരിക്കും ഇത്തരം ലക്ഷണങ്ങൾ കാണുക. അങ്ങനെയെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് ഡോ.ജോസഫ് അംബാനി പറഞ്ഞു.

ശ്രദ്ധിക്കേണ്ട മറ്റ് ലക്ഷണങ്ങൾ

  • കാലിന്റെ മരവിപ്പ്
  • ബലഹീനത
  • കാലുകളിലെയോ പാദങ്ങളിലെയോ നാഡിമിടിപ്പ് ഇല്ലാതിരിക്കുകയോ അല്ലെങ്കിൽ തീരെ ദുർബലമാവുകയോ ചെയ്യുക
  • കാലുകളിലെ തിളങ്ങുന്ന ചർമ്മം
  • കാലുകളിൽ ചർമ്മത്തിന്റെ നിറവ്യത്യാസം
  • കാൽവിരലുകളുടെ മന്ദഗതിയിലുള്ള വളർച്ച
  • കാൽവിരലുകളിലോ പാദങ്ങളിലോ കാലുകളിലോ ഉണ്ടാകുന്ന വ്രണങ്ങൾ

ഇത്തരം ലക്ഷണങ്ങൾ പെരിഫറൽ ആർട്ടറി ഡിസീസിന്റേതാകാം. കൊളസ്‌ട്രോൾ വർധിക്കുന്നത് മൂലവും ഈ അവസ്ഥ ഉണ്ടാകാം എന്നതിനാൽ കൃത്യസമയത്ത് ചികിത്സ തേടാൻ മടി കാണിക്കരുത്. അതേസമയം, തടസം ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണെങ്കിൽ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും അനുഭവപ്പെട്ടേക്കാം. മുട്ടുവേദനയും ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള ലക്ഷണങ്ങൾ അവഗണിക്കാതെ കൊളസ്‌ട്രോൾ പരിശോധന നടത്തണം. കൊളസ്‌ട്രോൾ തോത് നിയന്ത്രണം വിറ്റാൽ സ്‌ട്രോക്കിനും ഹൃദയാഘാതത്തിനും വരെ ഇടയാക്കും. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിച്ച വ്യായാമവും പോഷകാഹാരവും ശീലമാക്കിയാൽ കൊളസ്‌ട്രോൾ നിയന്ത്രണവിധേയമാക്കാം. ജീവിതശൈലിയിൽ മാറ്റം വരുത്തിയിട്ടും കുറയുന്നില്ലെങ്കിൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

TAGS :
Next Story