Quantcast

പുകവലിയുണ്ടോ? ക്യാൻസർ മാത്രമല്ല, കാഴ്ചക്കുറവും വരാം...

പ്രായമുള്ളവരിൽ കണ്ടുവരുന്ന മാക്യുലാർ ഡീജനറേഷൻ എന്ന രോഗമാണ് പുകവലിക്കുന്നവരിലുണ്ടാവുക

MediaOne Logo

Web Desk

  • Updated:

    2023-06-04 12:51:59.0

Published:

4 Jun 2023 12:43 PM GMT

How does smoking develop vision problems
X

പുകവലിക്കുന്നവരിൽ എപ്പോഴും വില്ലനാവുക ക്യാൻസറും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുമൊക്കെയാണ്. പുകവലിക്കുന്നതിന്റെ ഏറ്റവും ഭീകരമായ പരിണിത ഫലവും ഇതാണ്. എന്നാൽ പുകവലിക്കുന്നത് കൊണ്ട് കണ്ണിന് പ്രശ്‌നമുണ്ടാവും എന്നതറിയാമോ? പുകവലിക്ക് അങ്ങനെയും ഒരു ദൂഷ്യവശമുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

പ്രായമുള്ളവരിൽ കണ്ടുവരുന്ന മാക്യുലാർ ഡീജനറേഷൻ എന്ന രോഗമാണ് പുകവലിക്കുന്നവരിലുണ്ടാവുക. പുകവലിക്കാത്തവരെ അപേക്ഷിച്ച് ഇവരിൽ ഈ രോഗം അഞ്ച് വർഷം നേരത്തേ തന്നെ എത്താനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയും ഇന്റർനാഷണൽ ഏജൻസി ഫോർ ദി പ്രിവൻഷൻ ഓഫ് ബ്ലൈൻഡ്‌നെസ്സും യൂണിവേഴ്‌സിറ്റി ഓഫ് ന്യൂകാസ്റ്റിലും ചേർന്ന് നടത്തിയ പഠനത്തിൽ പറയുന്നു. നേത്രപടലത്തിന്റെ ഭാഗമായ മാക്യുലക്കുണ്ടാകുന്ന തകരാറാണ് എഎംഡി എന്ന് ചുരുക്കപ്പേരിലറിയപ്പെടുന്ന മാക്യുലാർ ഡീജെനറേഷൻ. മുന്നിലുള്ള വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്ന രോഗാവസ്ഥയാണിത്. ഡ്രൈവിംഗ്, വായന എന്നീ ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പ്രയാസമാകുന്ന തരത്തിൽ കാഴ്ച മങ്ങും.

കണ്ണിലെ ഏറ്റവും നേർമയുള്ള പാളിയാണ് റെറ്റിന അഥവാ നേത്രപടലം. ഇതിലെ തന്നെ ഏറ്റവും മൃദുലമായ ഭാഗം മാക്യുലയും. പുകവലിക്കുന്നവരിൽ ശരീരത്തിനാവശ്യമായ ആന്റി ഓക്‌സിന്റ്‌സിന്റെ അളവ് കുറവായിരിക്കും. ഇത് മാക്യുലയിലെ ല്യൂട്ടെയ്ൻ എന്ന കരോട്ടിനോയ്ഡിന്റെ അളവ് കുറയ്ക്കും. ഇതാണ് എഎംഡിയിലേക്ക് നയിക്കുക. റെറ്റിനയിലേക്ക് ആവശ്യമായ ഓക്‌സിജൻ എത്താത്തതിനും പുകവലി കാരണമാകും. സാധാരണ പ്രായമായവരിലാണ് ഈ രോഗം കണ്ടുവരാറുള്ളതെങ്കിലും പുകവലിക്കാരിൽ ഇത് അധികമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.

മാക്യുലർ ഡീജെനറേഷൻ അല്ലാതെ തിമിരമാണ് പുകവലിക്കുന്നവരിൽ സാധാരണയായി കണ്ടുവരുന്ന മറ്റൊരു നേത്രരോഗം. കണ്ണിന്റെ ലെൻസിന് മങ്ങലുണ്ടാവുന്ന അവസ്ഥയാണിത്. പുകവലി കണ്ണിലേക്കുള്ള പ്രോട്ടീനുകളെത്തുന്നതിന് തടസ്സം സൃഷ്ടിക്കും. ഇതാണ് തിമിരത്തിലേക്ക് നയിക്കുക.

കണ്ണുകളുടെ വരൾച്ചക്കും പുകവലി കാരണമാകുമെന്ന് അമേരിക്കൻ അക്കാഡമി ഓഫ് ഒഫ്താൽമോളജി പറയുന്നത്. കണ്ണിൽ ആവശ്യത്തിന് ജലാംശം അല്ലെങ്കിൽ കണ്ണുനീർ ഇല്ലാതെ വരുമ്പോഴാണ് കണ്ണുകളിൽ വരൾച്ച ഉണ്ടാവുക. പുകവലി കണ്ണുകൾ വരണ്ടതാക്കുകയും കണ്ണിൽ പുകച്ചിൽ, നീറ്റൽ തുടങ്ങിയ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യും.

പുകവലിയും പ്രമേഹവുമുള്ളവരിൽ കണ്ടുവരുന്ന നേത്രരോഗമാണ് ഡയബറ്റിക് റെറ്റിനോപ്പതി. കണ്ണുകളിലെ ഞരമ്പുകൾക്ക് തകരാർ സംഭവിക്കുമ്പോഴുണ്ടാകുന്ന രോഗമാണിത്. കാഴ്ച മങ്ങുന്നത് തന്നെയാണ് ഇതിന്റെയും ലക്ഷണം.

പുകവലിക്കാരിൽ യുവെയ്റ്റിസ് എന്ന നേത്രരോഗത്തിനും സാധ്യത കൂടുതലാണ്. കണ്ണിന്റെ നടുവിലത്തെ പാളിയായ യുവിയയ്ക്കുണ്ടാകുന്ന തകരാറാണിത്. പുകവലിക്കുമ്പോൾ ഈ ഭാഗം ചുവക്കുകയും തടിക്കുകയും ചെയ്യും. ഇത് കാഴ്ചക്കുറവിലേക്കും നയിക്കും.

പുകവലി ക്രമേണ നിർത്തുക മാത്രമാണ് ഇതുമൂലമുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും പ്രതിവിധി. കണ്ണിന്റെ മാത്രമല്ല, ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തെയും പുകവലി കാര്യമായി തന്നെ ബാധിക്കും.

TAGS :

Next Story