കടയില്‍ നിന്ന് വാങ്ങുന്ന മാമ്പഴം പഴുപ്പിച്ചത് രാസവസ്തുക്കൾ ഉപയോഗിച്ചാണോ?; എങ്ങനെ തിരിച്ചറിയാം...
സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങൾക്ക് സാധാരണയായി മഞ്ഞയും പച്ചയും കലർന്ന നിറങ്ങൾ കാണാൻ സാധിക്കും

മാമ്പഴ സീസൺ ആരംഭിച്ചു കഴിഞ്ഞു. നാട്ടിലും വീട്ടിലുമെല്ലാം മാങ്ങാക്കാലമാണ്. വിപണികളിലും വിവിധ നിറത്തിലും രുചിയിലുമുള്ള മാമ്പഴങ്ങളും ധാരാളമായി വിറ്റഴിക്കപ്പെടുന്നുമുണ്ട്. എന്നാല്‍ കടകളില്‍ വില്‍പ്പനക്കെത്തുന്ന എല്ലാ മാങ്ങകളും സ്വഭാവികമായി പഴുത്തതാണെന്ന് നമുക്ക് ഉറപ്പിക്കാൻ കഴിയില്ല. പലപ്പോഴും കാൽസ്യം കാർബൈഡ് പോലുള്ള ദോഷകരമായ രാസവസ്തുക്കൾ ഉപയോഗിച്ചാണ് കച്ചവടക്കാര്‍ മാങ്ങ പഴുപ്പിക്കാറുള്ളത്. ഇതിനെതിരെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഈ രീതിക്ക് മാറ്റമൊന്നും വന്നിട്ടില്ല. നിറവും മണവും കണ്ട് നമ്മൾ കൊതിയോടെ വാങ്ങി വീട്ടിലെത്തിക്കുന്ന മാമ്പഴങ്ങൾ യഥാർത്ഥത്തിൽ ഗുണകരമാണോ? അതോ മാരകമായ രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ച വിഷമാണോ? കഴിക്കുന്ന മാമ്പഴം സ്വാഭാവികമായി പഴുത്തതാണോ എന്ന് തിരിച്ചറിയാൻ ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി."
കൃത്രിമമായി പഴുപ്പിച്ച മാങ്ങയും ആരോഗ്യപ്രശ്നങ്ങളും
മാമ്പഴങ്ങൾ വേഗത്തിൽ പഴുപ്പിക്കുന്നതിനായി പലപ്പോഴും കാൽസ്യം കാർബൈഡ് ആണ് ഉപയോഗിക്കുന്നത്. ഇത് പുറത്തുവിടുന്ന അസറ്റിലിൻ ഗ്യാസ് മാമ്പഴം സ്വാഭാവികമായി പഴുത്തതാണെന്ന തോന്നൽ ഉണ്ടാക്കുമെങ്കിലും, ഇവ ശരീരത്തിന് ഹാനികരമായ അവശിഷ്ടങ്ങൾ മാമ്പഴത്തിൽ അവശേഷിപ്പിക്കുന്നു. ഇത്തരം പഴങ്ങൾ പതിവായി കഴിക്കുന്നത് തലവേദന, തലകറക്കം എന്നിവയ്ക്കും, ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ഭക്ഷ്യ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.മാമ്പഴത്തിന് ആവശ്യക്കാർ ഏറുന്ന ഈ സീസണിൽ, വിപണിയിലെ ഇത്തരം ചതിക്കുഴികളെക്കുറിച്ച് അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
നിറം നോക്കി തിരിച്ചറിയാം
സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങൾക്ക് സാധാരണയായി മഞ്ഞയും പച്ചയും കലർന്ന നിറങ്ങൾ കാണാൻ സാധിക്കും. ചിലപ്പോൾ നേരിയ ചുവപ്പ് കലർന്ന നിറവും കാണാം. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴത്തിന് ആകർഷകമായ കടും മഞ്ഞ നിറമായിരിക്കും. ഇതിൽ പച്ച നിറം കാണില്ല എന്നതും ശ്രദ്ധേയമാണ്.ഒരു കൂട്ടത്തിലെ എല്ലാ മാമ്പഴങ്ങളും ഒരേപോലെത്തെ നിറമാണെങ്കില്‍ സ്വാഭാവികമായി പഴുത്തതാകാന്‍ സാധ്യതയില്ല. ഇതൊരു മുന്നറിയിപ്പ് സൂചന കൂടിയാണ്.
മണം പരിശോധിക്കുക
ഒരു മാമ്പഴം സ്വാഭാവികമായ രീതിയിൽ പഴുത്തതാണോ എന്ന് തിരിച്ചറിയാനുള്ള ഏറ്റവും എളുപ്പവഴികളിലൊന്ന് അതിന്റെ മണം നോക്കുക എന്നതാണ്. സ്വാഭാവികമായി പഴുത്ത മാമ്പഴമാണെങ്കിൽ അതിന്റെ ഞെട്ടിന്റെ ഭാഗത്ത് നല്ല മധുരമുള്ള, പഴത്തിന്റെ സ്വാഭാവികമായ സുഗന്ധം ഉണ്ടായിരിക്കും.
എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴങ്ങൾക്ക് മണം വളരെ കുറവായിരിക്കും അല്ലെങ്കിൽ ഒട്ടും മണം ഉണ്ടാകില്ല. ചിലപ്പോൾ നേരിയ തോതിൽ രാസവസ്തുക്കളുടെ ഗന്ധമോ അല്ലെങ്കിൽ ഒരു പ്രത്യേക തരം അസ്വാഭാവിക മണമോ അനുഭവപ്പെട്ടേക്കാം. മാമ്പഴം പുറമെ പഴുത്തതായി കാണപ്പെടുന്നുണ്ടെങ്കിലും മണമില്ലെങ്കിൽ അത് വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.
വലിപ്പവും ആകൃതിയും
രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിക്കുന്ന മാമ്പഴങ്ങളിൽ പലപ്പോഴും കറുത്ത പാടുകളോ ചുളിവുകളോ കണ്ടെന്നു വരില്ല. ഇവ പുറമെ നിന്ന് കാണാൻ വളരെ വൃത്തിയുള്ളതും തിളക്കമുള്ളതുമായിരിക്കും. സ്വാഭാവികമായി പഴുത്ത മാമ്പഴത്തിൽ ചെറിയ കറുത്ത പാടുകൾ സാധാരണമാണ്.
സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങൾ മൃദുവായി അമർത്തുമ്പോൾ അല്പം മൃദുവായതായി തോന്നുകയും മുഴുവൻ ഭാഗത്തും തുല്യമായ മൃദുത്വം ഉണ്ടായിരിക്കുകയും ചെയ്യും. എന്നാല്‍ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴങ്ങൾ പുറമേ മൃദുവായി തോന്നുമെങ്കിലും ഉള്ളിൽ കടുപ്പമുള്ളതായി തോന്നാം.
പുറം ഭാഗത്തെ പൊടികള്‍
കാൽസ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴത്തിന്റെ ഉപരിതലത്തിൽ ചാരനിറമോ വെളുത്തതോ ആയ പൊടി ഉണ്ടാകാം. ഈ അവശിഷ്ടം രാസവസ്തുക്കൾ ഉപയോഗിച്ചതിന്റെ സൂചനയായിരിക്കാം. കഴിക്കുന്നതിനുമുമ്പ് എപ്പോഴും മാമ്പഴം നന്നായി കഴുകുക, പക്ഷേ അസാധാരണമായ പൊടിയോ അടയാളങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവ ഒഴിവാക്കുന്നതാണ് നല്ലത്.
മാമ്പഴത്തിന്റെ ഉൾഭാഗം പരിശോധിക്കാം
നിങ്ങൾ ഒരു മാമ്പഴം മുറിക്കുമ്പോൾ, അത് സ്വാഭാവികമായി പഴുത്തതാണെങ്കിൽ ഉൾഭാഗം മുഴുവൻ ഒരേപോലെ മഞ്ഞയോ ഓറഞ്ചോ നിറത്തിൽ കാണപ്പെടും. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ചവയിൽ പഴുപ്പ് ഒരേപോലെ ആയിരിക്കില്ല. ചില ഭാഗങ്ങൾ വിളറിയ നിറത്തിലോ, കടുപ്പമുള്ളതോ അല്ലെങ്കിൽ നീര് കുറഞ്ഞതോ ആയി കാണപ്പെട്ടേക്കാം.
വെള്ളത്തിൽ ഇട്ടു നോക്കാം
ഒരു പാത്രം വെള്ളത്തിൽ മാമ്പഴം ഇട്ടു നോക്കുക. സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങൾ സാധാരണയായി വെള്ളത്തിൽ താഴ്ന്നു പോകും. എന്നാൽ കൃത്രിമമായി പഴുപ്പിച്ചവ, അവയുടെ ഉൾഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ കാരണം വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സാധ്യതയുണ്ട്. ഇതൊരു നൂറു ശതമാനം ഉറപ്പുള്ള വഴിയല്ലെങ്കിലും മാമ്പഴത്തിന്റെ ഗുണമേന്മയെക്കുറിച്ച് വേഗത്തിൽ ഒരു ഏകദേശ ധാരണ ലഭിക്കാൻ സഹായിക്കും.
സുരക്ഷിതവും ആരോഗ്യകരവുമായ മാമ്പഴം തെരഞ്ഞെടുക്കാം
സാധ്യമാകുമ്പോഴെല്ലാം വിശ്വസനീയമായ കച്ചവടക്കാരിൽ നിന്ന് മാത്രം മാമ്പഴം വാങ്ങുകയോ ജൈവ മാമ്പഴങ്ങൾ തെരഞ്ഞെടുക്കുകയോ ചെയ്യുക. അതത് സീസണിൽ ലഭിക്കുന്ന നാടൻ മാമ്പഴങ്ങൾ സ്വാഭാവികമായി പഴുത്തതാകാൻ സാധ്യത കൂടുതലാണ്. മാമ്പഴം കഴിക്കുന്നതിന് മുൻപ് കുറഞ്ഞത് 15-20 മിനിറ്റെങ്കിലും വെള്ളത്തിൽ ഇട്ടു വെക്കുന്നത് പുറമെയുള്ള അഴുക്കും രാസവസ്തുക്കളുടെ അംശവും നീക്കം ചെയ്യാൻ സഹായിക്കും. വാങ്ങുമ്പോൾ അല്പം ശ്രദ്ധിച്ചാൽ രാസവസ്തുക്കളെ പേടിക്കാതെ തന്നെ രുചികരമായ മാമ്പഴങ്ങൾ നമുക്ക് ആസ്വദിക്കാം.
Adjust Story Font
16

