പ്രോട്ടീന്‍ പൗഡറിനും വ്യാജന്മാര്‍ !; എങ്ങനെ തിരിച്ചറിയാം...
ഓണ്‍ലൈന്‍ വെബ് സൈറ്റുകളിലാണ് വ്യാജന്മാര്‍ കൂടുതലുള്ളത്

ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും പേശികളുടെ വളര്‍ച്ചക്കും എൻസൈമുകളുടെയും ഹോർമോണുകളുടെയും ഉത്പാദനത്തിനും സഹായിക്കുന്ന പോഷക സപ്ലിമെന്റുകളാണ് പ്രോട്ടീൻ പൗഡറുകൾ. പ്രോട്ടീൻ പൗഡറുകൾ പതിവായി ഉപയോഗിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പേശികളെ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
വേ പ്രോട്ടീൻ സപ്ലിമെന്റേഷൻ സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു. പ്രമേഹത്തെ നിയന്ത്രിക്കാൻ പ്രോട്ടീൻ പൗഡർ കഴിക്കുന്നത് സഹായിക്കുന്നു.ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.
ഇന്ന് ഒട്ടുമിക്ക യുവാക്കളും ശരീരം ശ്രദ്ധിക്കുകയും ജിമ്മില്‍ പോകുകയും ചെയ്യുന്നുണ്ട്. ഇവരില്‍ കൂടുതല്‍ പേരും പ്രോട്ടീന്‍ പൗഡറുകളും കഴിക്കുന്നുണ്ട്. ആവശ്യക്കാരുടെ എണ്ണം കൂടിയതിനാല്‍ വിപണികളില്‍ വ്യാജ പ്രോട്ടീന്‍ പൗഡറുകളും ധാരാളം ലഭ്യമാണ്. ഓണ്‍ലൈന്‍ വെബ് സൈറ്റുകളിലാണ് വ്യാജന്മാര്‍ കൂടുതലുള്ളത്. വിലക്കുറവ് കണ്ട് ഇവ വാങ്ങിക്കൂട്ടുന്നവര്‍ ശ്രദ്ധിക്കുക.നിങ്ങളുടെ വൃക്കയുടെയും കരളിന്‍റെയും ആരോഗ്യം തകര്‍ക്കാന്‍ ഇവക്ക് സാധിക്കും.
വ്യാജനെ എങ്ങനെ തിരിച്ചറിയാം...
കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കഴിക്കുന്നതിനോടൊപ്പം തന്നെ ഗുണമേന്മയുള്ള പ്രോട്ടീന്‍ പൗഡറുകൾ തെരഞ്ഞെടുക്കേണ്ടതും അത്യാവശ്യമാണ്.
പാക്കേജിംഗ് നിലവാരം
വ്യാജ ഉൽപ്പന്നങ്ങളുടെ പാക്കിങ് നോക്കിയാല്‍ തന്നെ അതിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് മനസിലാക്കാനായി കഴിയും.വ്യാജന്മാരുടെ പാക്കറ്റുകളില്‍ അക്ഷരത്തെറ്റുകളുണ്ടാകും. കൂടാതെ മോശം പ്രിന്‍റിങ്, അല്ലെങ്കിൽ ഗുണനിലവാരമില്ലാത്ത സീലുകളും കാണാം.വ്യാകരണപരമോ അക്ഷരത്തെറ്റുകളോ ഇല്ലാത്തതും നന്നായി പ്രിന്‍റ് ചെയ്തതുമായ പാക്കറ്റുകളോ ബോക്സുകളോ തെരഞ്ഞെടുക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സാധനങ്ങൾക്ക് സീൽ ഇല്ലെങ്കിൽ, അത് വ്യാജ പ്രോട്ടീൻ പൗഡറോ സപ്ലിമെന്റോ ആയിരിക്കാനാണ് സാധ്യത.
പ്രോട്ടീൻ ഉള്ളടക്കം
യഥാർത്ഥ വേ പ്രോട്ടീൻ പൗഡറിൽ ഓരോ സെർവിംഗിലും 20-30 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കും. കൂടാതെ കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ കുറഞ്ഞ അളവിലുമായിരിക്കും. പ്രോട്ടീന്‍ പൗഡറുകളുടെ പാക്കറ്റുകള്‍ക്ക് പുറത്ത് ഈ കണക്കുകള്‍ നോക്കി ഉറപ്പുവരുത്താം. ഈ കണക്കുകള്‍ തെറ്റാണെന്ന് തോന്നുകയാണെങ്കില്‍ അത് വ്യാജമാണെന്ന് അനുമാനിക്കാം.
ക്യുആർ കോഡ്/ബാറുകൾ
ഉൽപ്പന്നത്തിലെ പാക്കിങ്ങിന് പുറത്തുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ഔദ്യോഗിക വെബ്സൈറ്റിലേക്ക് ലിങ്ക് ചെയ്യുന്നില്ലെങ്കിൽ അത് വ്യാജമാകാം.ഒരു ഉൽപ്പന്നത്തിന്റെ ആധികാരികത നിർണ്ണയിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബാർ കോഡ്, ക്യുആർ കോഡ്. ഇവ പരിശോധിച്ച് ഉറപ്പിച്ച ശേഷം മാത്രം വാങ്ങുക.
വില കുറവാണോ,ശ്രദ്ധിക്കണം..
വിശ്വസനീയമല്ലാത്ത ഓൺലൈൻ സൈറ്റുകളിൽ നിന്ന് വാങ്ങരുതെന്നാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഒരു പരിധിയില്‍ കൂടുതല്‍ വില കുറവുണ്ടെങ്കിലും ശ്രദ്ധിക്കണം.അത് വ്യാജമാകാം.
മിക്സിംഗ് ടെസ്റ്റ്
യഥാര്‍ഥ പ്രോട്ടീൻ പൗഡർ വെള്ളത്തിലോ പാലിലോ നന്നായി കലരും. വ്യാജ പൗഡറുകള്‍ വെള്ളത്തിലോ പാലിലോ ശരിയായി ലയിക്കില്ല.കൂടാതെ അവശിഷ്ടങ്ങള്‍ കാണുകയാണെങ്കില്‍ അത് വ്യാജമാകാന്‍ സാധ്യതയുണ്ട്. ഏറ്റവും ലളിതമായി ഇത് പരിശോധിക്കാം..അതിനായി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്കൂപ്പ് പ്രോട്ടീൻ പൗഡർ ചേർക്കുക . ഈ മിശ്രിതം ഏകദേശം 30 സെക്കൻഡ് കുലുക്കുക. വെള്ളത്തില്‍ കട്ടകളോ അവശിഷ്ടങ്ങളോ കട്ടകളോ ഉണ്ടെങ്കിൽ അത് വ്യാജമാകാം.
രുചിയും ഗന്ധവും
യഥാർഥ പ്രോട്ടീൻ പൗഡറിന് പ്രത്യേക ഗന്ധവും രുചിയുമുണ്ടാകും.വ്യാജ പ്രോട്ടീൻ പൗഡറിന് എപ്പോഴും അമിതമായ കൃത്രിമ രുചിയും പ്രത്യേക ഗന്ധവും ഉണ്ടാകും. ആധികാരികമായ വേ പ്രോട്ടീൻ പൗഡറിൽ ലെഡ്, ആർസെനിക്, മെർക്കുറി തുടങ്ങിയ ഘന ലോഹങ്ങളുടെ അംശം ഉണ്ടോ എന്ന് എപ്പോഴും പരിശോധിക്കാറുണ്ട്. എന്നാല്‍ വ്യാജ ഉത്പന്നങ്ങള്‍ ഇത്തരം പരിശോധനകള്‍ ഒഴിവാക്കും. ഇത് ഗുരുതരമായ ആരോഗ്യ അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. പ്രോട്ടീൻ സപ്ലിമെന്റുകൾ ഉത്പാദിപ്പിക്കുന്നത് സോയാബീൻ,പാൽ തുടങ്ങിയവയിൽ നിന്നാണ്. എന്നാൽ ഇന്ന് സ്വാദ് വർധിപ്പിക്കുന്നതിനായി പഞ്ചസാരയും കൃത്രിമ ഫ്‌ളേവറുകളും ഉപയോഗിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് രുചി മാത്രം നോക്കി ഇത്തരം പ്രോട്ടീൻ പൗഡറുകള്‍ തെരഞ്ഞെടുക്കാതിരിക്കുക.
Adjust Story Font
16

