സൈനസ് ഇൻഫെക്ഷനും മൂക്കടപ്പും വിട്ടുമാറുന്നില്ലേ? പ്രതിരോധിക്കാൻ ഇതാ ചില എളുപ്പവഴികൾ!
കടുത്ത തലവേദന, മൂക്കടപ്പ്, മുഖത്ത് അനുഭവപ്പെടുന്ന ഭാരം എന്നിവയെല്ലാം സൈനസ് ഇൻഫെക്ഷന്റെ ലക്ഷണങ്ങളാണ്

ഹാച്ചിം, ഹാാാാച്ചിം... നിങ്ങളുടെ ദിവസം തുടങ്ങുന്നത് ഇങ്ങനെയാണോ? നിർത്താതെയുള്ള തുമ്മലും, തലവേദനയും തുടങ്ങി അസുഖങ്ങളുടെ നീണ്ടൊരു നിര തന്നെ പറയാനുണ്ടോ? സൈനസൈറ്റിസ് ഇൻഫെക്ഷൻ കാരണം ബുദ്ധിമുട്ടുന്നയാളാണോ നിങ്ങൾ?
സൈനസൈറ്റിസ് ഇൻഫെക്ഷൻ നേരിടുന്ന നിരവധിയാളുകൾ നമുക്കിടയിലുണ്ട്. അലർജി, ജലദോഷം, അല്ലെങ്കിൽ ശുചിത്വക്കുറവ് എന്നിവയ്ക്ക് പിന്നാലെയാണ് പലപ്പോഴും സൈനസ് ഇൻഫെക്ഷനുകൾ ഉണ്ടാകാറുള്ളത്. കടുത്ത തലവേദന, മൂക്കടപ്പ്, മുഖത്ത് അനുഭവപ്പെടുന്ന ഭാരം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. എന്നാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ ലളിതമായ ചില ശീലങ്ങൾ ഉൾപ്പെടുത്തിയാൽ സൈനസിനെ ഒരു പരിധി വരെ അകറ്റി നിർത്താനും സൈനസ് അറകളുടെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കും.
സൈനസ് ഇൻഫെക്ഷൻ തടയുന്നതിനായി വിദഗ്ധർ നിർദ്ദേശിക്കുന്ന പ്രധാന മാർഗങ്ങൾ ഇതൊക്കെയാണ്:
1. കൈകൾ ഇടക്കിടെ കഴുകുക
കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നത് വഴി ശരീരത്തിലേക്ക് വൈറസുകൾ പടരുന്നതിനുള്ള സാധ്യത വലിയൊരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. ഇത് ജലദോഷം ഉൾപ്പെടെയുള്ള പലവിധ ഇൻഫെക്ഷനുകൾ ഉണ്ടാകാനുള്ള സാധ്യതയെ ഇല്ലാതാക്കുന്നു.
2. ധാരാളം വെള്ളം കുടിക്കുക
ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകും. ഇത് മൂക്കിലെ സ്രവങ്ങൾ കട്ടപിടിക്കാതെ നേർത്തതായിരിക്കാനും അവ സുഗമമായി ഒഴുക്കിക്കളയാനും സഹായിക്കും.
3. നാസൽ സ്പ്രേ അല്ലെങ്കിൽ ഡ്രോപ്പുകൾ ഉപയോഗിക്കുക
സലൈൻ സൊല്യൂഷൻ (ഉപ്പുവെള്ളം) ഉപയോഗിച്ച് മൂക്ക് കൃത്യമായി വൃത്തിയാക്കുന്നത് ശീലമാക്കാം. ഇത് മൂക്കിനുള്ളിൽ അടിഞ്ഞുകൂടുന്ന അലർജനുകൾ, പൊടിപടലങ്ങൾ, കട്ടിയുള്ള സ്രവങ്ങൾ എന്നിവയെ നീക്കം ചെയ്യാൻ സഹായിക്കും.
4. അലർജികൾ കൃത്യസമയത്ത് നിയന്ത്രിക്കുക
പൊടിപടലങ്ങൾ മൂലമോ അല്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം മൂലമോ ഉണ്ടാകുന്ന അലർജികളെ തുടക്കത്തിൽ തന്നെ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. ഇത് സൈനസ് അറകളിലെ വീക്കവും മൂക്കടപ്പും കുറയ്ക്കാൻ സഹായിക്കും.
5. പുകവലി പൂർണമായും ഒഴിവാക്കുക
സിഗരറ്റ് വലിക്കുന്ന ശീലം സൈനസൈറ്റിസ് ഇൻഫെക്ഷനുണ്ടാകുന്നതിനെ വലിയ രീതിയിൽ സ്വാധീനിക്കും. ഇത്തരം ശീലങ്ങളിൽ നിന്നും പൂർണമായും അകന്നു നിൽക്കേണ്ടത് പ്രതിരോധത്തിന് അത്യാവശ്യമാണ്. ഇത്തരം പുകപടലങ്ങൾ മൂക്കിലെ ശ്വാസനാളിയിൽ കടുത്ത അസ്വസ്ഥതകളും അണുബാധകളും ഉണ്ടാക്കാൻ കാരണമാകും.
6. ഹ്യുമിഡിഫയർ ഉപയോഗിക്കുക
മുറിക്കുള്ളിലെ വായു അമിതമായി വരണ്ടുപോകാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വായുവിൽ ആവശ്യത്തിന് ഈർപ്പം നിലനിർത്തുന്നത് മൂക്കിലെ അസ്വസ്ഥതകളും വരൾച്ചയും തടയാൻ സഹായിക്കും.
7. കൃത്യമായ ഉറക്കം ഉറപ്പാക്കുക
ദിവസവും ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഗുണമേന്മയുള്ള ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ശരീരത്തിന് ലഭിക്കുന്ന കൃത്യമായ വിശ്രമം രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്താൻ സഹായിക്കും.
Adjust Story Font
16

