Quantcast

മഴക്കാലമാണ്... വളർത്തുമൃഗങ്ങൾക്കും വേണം അധിക പരിചരണം

വിശ്രമസ്ഥലം എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും പ്രാണികൾ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം

MediaOne Logo

Web Desk

  • Published:

    3 July 2022 7:39 AM GMT

മഴക്കാലമാണ്... വളർത്തുമൃഗങ്ങൾക്കും വേണം  അധിക പരിചരണം
X

വളർത്തുമൃഗങ്ങൾക്ക് ഏറെ പരിചരണം ലഭിക്കേണ്ട സമയമാണ് മഴക്കാലം. അവയുടെ ആരോഗ്യത്തിലും ശുചിത്വത്തിലും അധിക ശ്രദ്ധ നൽകേണ്ടതുണ്ട്. ചെറിയൊരു അണുബാധമതിയാകും അവയ്ക്ക് അസുഖം വരാൻ. ഇതിന് പുറമെ അവയുടെ ദഹനകാര്യങ്ങളിലും പ്രശ്‌നമുണ്ടാകുന്ന സമയം കൂടിയാണിത്.

കൈകാലുകൾ പരിപാലിക്കുക

മഴക്കാലത്ത് നിരവധി അണുക്കളും വൈറസുകളും ചുറ്റുപാടുമുണ്ടാകും. വളർത്തുമൃഗങ്ങളുടെ കൈകാലുകൾക്ക് അണുബാധയേൽക്കാതിരിക്കാൻ എപ്പോഴും അവ വൃത്തിയാക്കണം. രോമങ്ങൾ വെട്ടിയൊതുക്കുകയും നഖങ്ങൾ വെട്ടുകയും വേണം. അതോടൊപ്പം ചെറുചൂടുള്ള വെള്ളവും മൃദുവായ ടവലുകളും ഉപയോഗിച്ച് അവരുടെ കൈകാലുകൾ വൃത്തിയാക്കുകയും വേണം. ഇല്ലെങ്കിൽ അവ കാലിൽ നക്കുമ്പോൾ അവിടെ അടിഞ്ഞുകൂടിയ അണുക്കൾ വയറിലെത്തുകയും ദഹനപ്രശ്‌നങ്ങളടക്കമുള്ള രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.


രോമങ്ങൾ നനഞ്ഞിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക

മഴ കൊണ്ടിട്ടുണ്ടെങ്കിൽ വളർത്തുമൃഗങ്ങളുടെ ദേഹം നന്നായി ഉണക്കിയെടുക്കുക. തൂവാലകൊണ്ട് തുടച്ച് ദേഹത്തെ വെള്ളം മുഴുവൻ ഉണക്കിയെടുക്കണം. മഴക്കാലത്ത് അന്തരീക്ഷത്തിൽ ഉയർന്ന അളവിലുള്ള ഈർപ്പം തങ്ങിനിൽക്കുന്നുണ്ടാകും. എപ്പോഴും നനഞ്ഞിരിക്കുകയാണെങ്കിൽ ബാക്ടീരിയ, ഫംഗസ് എന്നിവയുടെ ഫലമായി ചർമ്മരോഗങ്ങൾ ഉണ്ടായേക്കാം. നായക്കുട്ടികളുമായി പുറത്തേക്ക് പോകുന്നുണ്ടെങ്കിൽ ഡോഗി റെയിൻകോട്ട് ധരിപ്പിക്കുന്നതും നല്ലതാണ്.

പോഷകസമൃദ്ധമായ ഭക്ഷണം

കനത്ത മഴകാരണം നിങ്ങളുടെ ഓമന മൃഗങ്ങൾക്ക് പുറത്തേക്കിറങ്ങാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ പോഷകസമൃദ്ധമായ ഭക്ഷണം അവയ്ക്ക് നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക. നാരുകളാൽ സമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും നല്ല ദഹനത്തിനും ക്രമമായ മലവിസർജ്ജനത്തിനും സഹായിക്കും. അതേസമയം, അമിതവണ്ണം പോലുള്ള പ്രശ്‌നങ്ങൾ തടയുന്നതിന് അവയെ വീട്ടിനുള്ളിൽ തന്നെ ഓടിക്കളിക്കാൻ അനുവദിക്കുക. അവർക്ക് തിളപ്പിച്ചാറ്റിയ വെള്ളം നൽകുക.


ചെവി വൃത്തിയായി സൂക്ഷിക്കുക

മറ്റ് മാസങ്ങളെ അപേക്ഷിച്ച് മഴക്കാലത്ത് അവരുടെ ചെവികൾ ഇടയ്ക്കിടെ വൃത്തിയാക്കണം.

ഈച്ചയുടെയും പ്രാണികളെയും തുരത്താം

ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ ചെള്ളുകളും ഈച്ചകളും പോലുള്ള പ്രാണികൾ കൂടുതലുണ്ടാകും. ഇവ പലപ്പോഴും വളർത്തുമൃഗങ്ങളിൽ രോഗങ്ങളുണ്ടാക്കും. അതിനാൽ വളർത്തുമൃഗങ്ങളുടെ വിശ്രമസ്ഥലം എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും പ്രാണികൾ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

വാക്‌സിനേഷൻ ഉറപ്പുവരുത്തുക

മഴക്കാലത്ത് വളർത്തുമൃഗങ്ങളിൽ ശ്വാസകോശ സംബന്ധമായ അണുബാധകൾക്കും വിര സംബന്ധമായ രോഗങ്ങൾക്കും സാധ്യത ഏറെയാണ്. അവയ്ക്ക് ആവശ്യമായ കുത്തിവെയ്പ്പുകൾ സമയാസമയം എടുക്കുക. സമയത്ത് വിരമരുന്ന് നൽകുകയും വേണം. മൃഗഡോക്ടറുടെ നിർദേശപ്രകാരമായിരിക്കണം ഇവ ചെയ്യേണ്ടത്.

TAGS :

Next Story