Quantcast

ഐസ്‌ക്രീം കഴിക്കുമ്പോള്‍ തലവേദന എടുക്കാറുണ്ടോ?; നിസാരക്കാരനല്ല ഈ 'ബ്രെയിന്‍ ഫ്രീസ്', പിന്നില്‍ വലിയൊരു ആരോഗ്യ രഹസ്യം!

മാതാപിതാക്കൾക്ക് 'ഐസ്‌ക്രീം തലവേദന' വരാറുണ്ടെങ്കിൽ മക്കൾക്കും അത് വരാനുള്ള സാധ്യത കൂടുതലാണ്

MediaOne Logo
ഐസ്‌ക്രീം കഴിക്കുമ്പോള്‍ തലവേദന എടുക്കാറുണ്ടോ?;   നിസാരക്കാരനല്ല ഈ ബ്രെയിന്‍ ഫ്രീസ്, പിന്നില്‍ വലിയൊരു ആരോഗ്യ രഹസ്യം!
X

വേനല്‍ക്കാലത്ത് പ്രിയപ്പെട്ട ഐസ്‌ക്രീമോ തണുത്ത പാനീയങ്ങളോ ആസ്വദിച്ചു കഴിക്കുമ്പോള്‍ പെട്ടെന്ന് നെറ്റിയില്‍ ഒരു കടുത്ത വേദന അനുഭവപ്പെടാറുണ്ടോ? ഐസ്‌ക്രീം ഉരുകി ഒലിക്കുമ്പോഴും മറ്റൊന്നും ചെയ്യാന്‍ കഴിയാതെ നിങ്ങള്‍ തലയില്‍ കൈവെച്ചുപോകാറുണ്ടോ?

ഈ വേദനയെ സാധാരണയായി 'ബ്രെയിന്‍ ഫ്രീസ്' അല്ലെങ്കില്‍ 'ഐസ്‌ക്രീം തലവേദന' എന്നാണ് വിളിക്കുന്നത്. വൈദ്യ ശാസ്ത്രത്തില്‍ ഇതിനെ 'കോള്‍ഡ്-സ്റ്റിമുലസ് ഹെഡേക്ക്' എന്ന് വിളിക്കുന്നു. ഈ പ്രതിഭാസം വളരെ സാധാരണമാണെന്ന് അമേരിക്കയിലെ മയോ ക്ലിനിക്കിലെ ന്യൂറോളജിസ്റ്റായ ഡോ. അമല്‍ സ്റ്റാര്‍ലിംഗ് പറയുന്നു.

ഇത് തികച്ചും സ്വാഭാവികവും താല്‍ക്കാലികവുമായ ഒന്നാണെങ്കിലും, ഇതിന് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയാനുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്

ബ്രെയിന്‍ ഫ്രീസ് ഉണ്ടാകുന്നത് എങ്ങനെ?

നമ്മുടെ വായിന്റെ മുകള്‍ഭാഗത്തോ തൊണ്ടയുടെ പിന്‍ഭാഗത്തോ പെട്ടെന്ന് അമിതമായ തണുപ്പ് ഏല്‍ക്കുമ്പോഴാണ് ബ്രെയിന്‍ ഫ്രീസ് ഉണ്ടാകുന്നത്. ഈ പെട്ടെന്നുള്ള തണുപ്പ് കാരണം അവിടുത്തെ രക്തക്കുഴലുകള്‍ വളരെ വേഗത്തില്‍ ചുരുങ്ങുന്നു.തൊട്ടുപിന്നാലെ, രക്തയോട്ടം പഴയപടിയാക്കാന്‍ വേണ്ടി ഈ രക്തക്കുഴലുകള്‍ പെട്ടെന്ന് വീര്‍ക്കുകയും ചെയ്യുന്നു. ഈ രക്തക്കുഴലുകളുടെ ഭിത്തികളിലുള്ള പെയിന്‍ ഫൈബറുകള്‍ (വേദന തിരിച്ചറിയുന്ന നാഡീഞരമ്പുകള്‍) നമ്മുടെ മുഖത്തെയും നെറ്റിയിലെയും വേദനകളെ നിയന്ത്രിക്കുന്ന 'ട്രൈജമിനല്‍ നാഡി' യുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് വായില്‍ തണുപ്പ് തട്ടുമ്പോള്‍ തലച്ചോറിലോ നെറ്റിയിലോ കടുത്ത മര്‍ദവും വേദനയും അനുഭവപ്പെടുന്നത്.

മൈഗ്രെയ്ന്‍ ഉള്ളവരില്‍ ബ്രെയിന്‍ ഫ്രീസ് കൂടുമോ?

എന്തുകൊണ്ടാണ് ചിലർക്ക് മാത്രം കടുത്ത ബ്രെയിൻ ഫ്രീസ് ഉണ്ടാകുന്നത് എന്ന് കണ്ടെത്താൻ ഇറ്റലിയിലെ പാദുവ സർവകലാശാലയിലെ പ്രൊഫസറായ ഐറിൻ ടോൾഡോയുടെ നേതൃത്വത്തിൽ നാല് പതിറ്റാണ്ടുകളായി ലോകമെമ്പാടും നടന്ന വിവിധ പഠനങ്ങൾ പരിശോധിക്കുകയുണ്ടായി.ഇതിൽ നിന്നും കണ്ടെത്തിയ പ്രധാന വിവരങ്ങൾ ഇവയാണ്

കുടുംബ പാരമ്പര്യം

ബ്രെയിൻ ഫ്രീസ് പാരമ്പര്യമായി കൈമാറപ്പെടാൻ സാധ്യതയുണ്ട്. മാതാപിതാക്കൾക്ക് 'ഐസ്‌ക്രീം തലവേദന' വരാറുണ്ടെങ്കിൽ മക്കൾക്കും അത് വരാനുള്ള സാധ്യത കൂടുതലാണ്.

മൈഗ്രെയ്ൻ

വിട്ടുമാറാത്ത തലവേദനയോ മൈഗ്രെയ്‌നോ ഉള്ളവരിൽ ബ്രെയിൻ ഫ്രീസ് ഉണ്ടാകാനുള്ള സാധ്യതയും അതിന്റെ തീവ്രതയും വളരെ കൂടുതലാണ്. മൈഗ്രെയ്ൻ ഉള്ളവരിൽ 'ട്രൈജമിനൽ നാഡി' കൂടുതൽ സെൻസിറ്റീവ് ആയതിനാലാണിത്. 1970-കളിൽ നടന്ന ഒരു പഠനമനുസരിച്ച്, മൈഗ്രെയ്ൻ ഉള്ളവരിൽ 93 ശതമാനം പേർക്കും കടുത്ത 'ഐസ്‌ക്രീം തലവേദന' അനുഭവപ്പെട്ടിരുന്നു.

നിങ്ങള്‍ക്കോ നിങ്ങളുടെ കുട്ടികള്‍ക്കോ കടുത്ത ബ്രെയിന്‍ ഫ്രീസ് അനുഭവപ്പെടുന്നുണ്ടെങ്കില്‍, അത് സാധാരണ തലവേദനകളെയോ മൈഗ്രെയ്നെയോ സൂചിപ്പിക്കുന്നതാകാം. മൈഗ്രെയ്ന്‍ ഉള്ള പകുതിയിലധികം ആളുകളും ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ തേടാറില്ലെന്ന് മയോ ക്ലിനിക്കിലെ ന്യൂറോളജിസ്റ്റായ ഡോ. അമല്‍ സ്റ്റാര്‍ലിംഗ് വ്യക്തമാക്കുന്നു.ഇതിന് കൃത്യമായ രോഗനിര്‍ണയവും ചികിത്സയും ലഭ്യമാണ്.

ശാസ്ത്രലോകത്തെ സഹായിച്ച 'ബ്രെയിന്‍ ഫ്രീസ്'

ലോകമെമ്പാടും ആളുകളെ ബുദ്ധിമുട്ടിക്കുന്ന മൈഗ്രെയ്നെക്കുറിച്ച് പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് ഏറ്റവും വലിയ സഹായമായത് ഈ ബ്രെയിന്‍ ഫ്രീസ് ആണ്. മൈഗ്രെയ്ന്‍ എപ്പോള്‍ വരുമെന്ന് പ്രവചിക്കാന്‍ കഴിയാത്തതിനാല്‍, രോഗികളില്‍ എംആർഐ , സിടി സ്കാനുകള്‍ നടത്തുക ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ശാസ്ത്രജ്ഞര്‍ വോളന്റിയര്‍മാര്‍ക്ക് ഐസ്‌ക്രീമും ഐസ് കട്ടകളും നല്‍കി കൃത്രിമമായി 'ബ്രെയിന്‍ ഫ്രീസ്' ഉണ്ടാക്കി തലച്ചോറിലെ രക്തയോട്ടവും നാഡീവ്യൂഹങ്ങളുടെ പ്രവര്‍ത്തനവും പഠനവിധേയമാക്കി. ഇത് മൈഗ്രെയ്നുള്ള പുതിയ തലമുറ മരുന്നുകള്‍ വികസിപ്പിക്കുന്നതിലേക്ക് നയിച്ചു.

എങ്ങനെ പ്രതിരോധിക്കാം?

ഐസ്‌ക്രീം കഴിക്കുന്നത് നമ്മള്‍ ഒഴിവാക്കേണ്ടതില്ല, പകരം അത് കഴിക്കുന്ന രീതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും.

തണുത്ത ഭക്ഷണങ്ങളും പാനീയങ്ങളും വളരെ വേഗത്തില്‍ കഴിക്കാതെ, സാവധാനം ആസ്വദിച്ച് കഴിക്കുക. ഇത് വായിന്റെ മുകള്‍ഭാഗം പെട്ടെന്ന് തണുത്തുപോകുന്നത് തടയും.

പെട്ടെന്ന് ബ്രെയിന്‍ ഫ്രീസ് ഉണ്ടായാല്‍, നാവിന്റെ അടിഭാഗം വായിന്റെ മുകള്‍ഭാഗത്ത് മുട്ടിച്ചുപിടിക്കുക. ഇത് ആ ഭാഗത്തിന് പെട്ടെന്ന് ചൂട് നല്‍കാന്‍ സഹായിക്കും. നാവ് തണുത്തിരിക്കുകയാണെങ്കില്‍ കൈവിരലിന്റെ തള്ളവിരല്‍ കൊണ്ടോ അല്ലെങ്കില്‍ ചെറുചൂടുള്ള വെള്ളം കുടിച്ചോ അണ്ണാക്ക് ചൂടാക്കാവുന്നതാണ്. അടുത്ത തവണ ഐസ്‌ക്രീം കഴിക്കുമ്പോള്‍ അല്‍പം സമയം എടുത്ത്, സാവധാനം ആസ്വദിച്ച് കഴിക്കാന്‍ ശ്രദ്ധിക്കുക.

TAGS :

Next Story