'കാബേജ് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണോ?; ആരോഗ്യവിദഗ്ധർ പറയുന്നതിങ്ങനെ
കാബേജുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്

ഒട്ടുമിക്ക വീടുകളിലും നിത്യമെന്നോണം വാങ്ങുന്ന പച്ചക്കറികളിലൊന്നാണ് കാബേജ്. വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫൈബർ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഈ പച്ചക്കറി. ദഹനം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. എന്നാൽ കാബേജുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകളും മിഥ്യാധാരണകളും നിലനില്‍ക്കുന്നുണ്ട്. ശരിയായി വൃത്തിയാക്കാതെ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന ആശങ്കയും നിലവിലുണ്ട്. കാബേജ് കഴിക്കുന്നത് പരാദ വിരയായ നാടവിര (ടേപ്പ് വേം) ശരീരത്തിൽ പ്രവേശിക്കുന്നതിനും ന്യൂറോസിസ്റ്റെർകോസിസ് പോലുള്ള മാരകമായ രോഗങ്ങൾക്കും കാരണമാകുമെന്നും ചിലര്‍ വിശ്വസിക്കുന്നു. കാബേജിനെക്കുറിച്ചും അത് പച്ചയായി കഴിക്കുന്നത് സുരക്ഷിതമാണോ എന്നതിനെക്കുറിച്ചും അറിയേണ്ടതെല്ലാം..
കാബേജ് ആരോഗ്യത്തിന് ഹാനികരമോ?
വിദഗ്ധരുടെ അഭിപ്രായത്തിൽ, ടേപ്പ് വേം ബാധയും തലച്ചോറിനെ ബാധിക്കുന്ന ന്യൂറോസിസ്റ്റിസെർക്കോസിസും പ്രധാനമായും ശുചിത്വവും മലിനീകരണവും മൂലമാണ് ഉണ്ടാകുന്നത്. ടേപ്പ് വേം മുട്ടകളോ ലാർവകളോ അടങ്ങിയ മലിനമായ ഭക്ഷണം അല്ലെങ്കിൽ വേവിക്കാത്ത മാംസം കഴിക്കൽ തുടങ്ങിയവ മൂലമാണ് ടേപ്പ് വേമുകൾ സാധാരണയായി ശരീരത്തിലേക്കും തലച്ചോറിലേക്കും പ്രവേശിക്കുന്നത്. അല്ലാതെ കാബേജ് കഴിക്കുന്നതുകൊണ്ട് മാത്രം ടേപ്പ് വേമുകള്‍ ശരീരത്തിനുള്ളിലേക്ക് കയറില്ല. ശരിയായി വൃത്തിയാക്കി പാകം ചെയ്തോ അല്ലെങ്കിൽ ക്ലീൻ ചെയ്തോ ഉപയോഗിക്കുകയാണെങ്കിൽ കാബേജ് പൂർണമായും സുരക്ഷിതമാണെന്നും വിദഗ്ധര്‍ പറയുന്നു.
കാബേജ് ശരിയായി വൃത്തിയാക്കുന്നത് എങ്ങനെ?
കാബേജിന്‍റെ ഇലകൾ, പൊടി, പുഴുക്കൾ എന്നിവ നീക്കം ചെയ്യാൻ ശരിയായ ക്ലീനിങ് അത്യാവശ്യമാണ്.
കാബേജിലെ ഏറ്റവും പുറത്തുള്ള ഇലകൾ നീക്കം ചെയ്യുക. ഇവയിലാണ് കൂടുതൽ അഴുക്കും പുഴുക്കളും ഉണ്ടാകുക.
പൈപ്പ് തുറന്നിട്ട് നന്നായി ഉരച്ച് കഴുകുക
കാബേജ് പകുതിയോ നാലിലൊന്നായോ മുറിച്ച് ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത വെള്ളത്തിൽ 10-15 മിനിറ്റ് മുക്കിവയ്ക്കുക. ഉപ്പിനോടൊപ്പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കാബേജ് മുക്കിവെക്കുന്നത് നല്ലതാണ്.ഇത് മറഞ്ഞിരിക്കുന്ന പ്രാണികളെയോ പുഴുക്കളെയോ നീക്കം ചെയ്യാൻ സഹായിക്കും.
വെള്ളത്തില്‍ വിനാഗിരി ഒഴിച്ച് മിക്സ് ചെയ്ത വെള്ളത്തില്‍ 10 മിനിറ്റ് മുക്കുക. പിന്നീട് നല്ലപോലെ കഴുകുക.
പച്ചയായി കഴിക്കുകയാണെങ്കില്‍ ചൂടുവെള്ളത്തിൽ 1-2 മിനിറ്റ് മുക്കി തണുത്ത വെള്ളത്തിൽ കഴുകുക.
അതേസമയം, ദഹനപ്രശ്നങ്ങൾ ഉള്ളവരോ മറ്റെന്തെങ്കിലും രോഗങ്ങള്‍ക്ക് മരുന്ന് കുടിക്കുന്നവരോ ആണെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം കാബേജ് ഡയറ്റിൽ ഉൾപ്പെടുത്തുക.
Adjust Story Font
16

