വെറും വയറ്റിൽ ചായ കുടിക്കുന്നത് ഗുണമോ ദോഷമോ? ഡോക്ടർമാർ പറയുന്നത് ഇങ്ങനെ
ഒരു കപ്പ് ചായ ഇല്ലാതെ പലർക്കും ഒരു ദിവസം ആരംഭിക്കാനാകില്ല

- Published:
7 Feb 2026 6:08 PM IST

ഒരു കപ്പ് ചായ ഇല്ലാതെ പലർക്കും ഒരു ദിവസം ആരംഭിക്കാനാകില്ല. ഇന്ത്യൻ വീടുകളിൽ, പ്രഭാത വായുവിൽ ആദ്യം നിറയുന്ന സുഗന്ധം ചായയുടേതാണ്. കടുപ്പം കൂട്ടിയും കുറച്ചും മധുരം ചേർത്തും അല്ലാതെയും ഓരോ ആളുകളും ചായ അവരുടേതായ രുചികളിൽ ആസ്വദിക്കുന്നു. പല ഗുണങ്ങളും അടങ്ങിയിട്ടുള്ള ഒരു പാനീയം കൂടിയാണ് ചായ.
ഹൃദയാരോഗ്യത്തെ പിന്തുണക്കുന്നതും, തലച്ചോറിന്റെ പ്രവർത്തനത്തിന് സംഭാവന നൽകുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ചായ. എന്നാൽ വെറും വയറ്റിൽ ചായ കുടിക്കുന്നത് ഗുണമോ ദോഷമോ എന്നതിനെ കുറിച്ച് അധികമാർക്കും അറിയില്ല.
വെറും വയറ്റിൽ ചായ കുടിക്കുന്നത് ക്രമേണ ദഹനത്തെയും, ഊർജത്തെയും ബാധിച്ചേക്കാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ചായയിൽ ടാനിനുകൾ, കഫീൻ, പാൽ, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. എന്നാൽ കഴിക്കാൻ ഒന്നുമില്ലാതെ ദഹനം ഉത്തേജിക്കപ്പെടുന്നത് ഗുണത്തേക്കാളേറെ ദോഷമാണെന്ന് സീനിയർ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് അദിതി പ്രസാദ് മുന്നറിയിപ്പ് നൽകുന്നു.
വെറും വയറ്റിൽ ചായ കുടിക്കുന്നത് മുഴുവൻ ശരീരത്തെയും അസ്വസ്ഥമാക്കും. രാത്രി മുഴുവൻ ഒഴിഞ്ഞിരിക്കുന്ന വയറിൽ ഇതിനകം തന്നെ അസിഡിറ്റി ഉണ്ടായിരിക്കും. ഈ ഒഴിഞ്ഞ കുടലിലേക്ക് ടാനിനുകളും കഫീനും അടങ്ങിയ ചായ കുടിക്കുമ്പോൾ അത് വയറ്റിൽ അനാവശ്യമായ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു.
ദഹിക്കാൻ ഭക്ഷണമില്ലെങ്കിൽ പോലും കഫീൻ ആമാശയത്തിലെ ആസിഡിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് അസിഡിറ്റി, വയറുവേദന എന്നിവയ്ക്ക് കാരണമാകും. കാലക്രമേണ, ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്ന ശീലം വിട്ടുമാറാത്ത വീക്കം, ദഹനക്കുറവ്, കുടൽ പാളിക്ക് കേടുപാടുകൾ എന്നിവയിലേക്ക് നയിക്കും.
ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നതാണ് ഉചിതമെന്ന് ന്യൂട്രീഷനിസ്റ്റുകൾ പറയുന്നു. ജീരകം, പെരുംജീരകം ഇഞ്ചി എന്നിവ ചേർത്ത് വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ഞെട്ടിക്കാതെ ഉണർത്താനും സഹായിക്കുന്നു.
Adjust Story Font
16
