Quantcast

പൊറോട്ട-ബീഫ് കോംബോ വില്ലനോ? കുറ്റബോധമില്ലാതെ കഴിക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

തവിടും നാരുകളും പൂർണമായും നീക്കം ചെയ്ത മൈദ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകും

MediaOne Logo

Web Desk

  • Published:

    25 Feb 2026 3:18 PM IST

പൊറോട്ട-ബീഫ് കോംബോ വില്ലനോ? കുറ്റബോധമില്ലാതെ കഴിക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
X

നല്ല മഴ, റോഡിന്റെ ഓരത്തായൊരു കുഞ്ഞുകട, അവിടെയിരുന്ന് ആവി പറക്കുന്ന ചായയും കുരുമുളകിട്ട് വരട്ടിയ ചൂടുള്ള ബീഫും മൊരിഞ്ഞ പൊറോട്ടയും. ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നുണ്ടല്ലേ. മലയാളിയുടെ ഭക്ഷണശീലത്തിൽ നിന്ന് മാറ്റി നിർത്താൻ പറ്റാത്ത കോംബോയാണ് പൊറോട്ടയും ബീഫും. എന്നാൽ പലപ്പോഴും "ഇത് ശരീരത്തിന് നല്ലതല്ല" എന്ന കുറ്റബോധത്തോടെയാണ് നാം ഇത് കഴിക്കാറുള്ളത്. സത്യത്തിൽ, ഭക്ഷണത്തെ ശത്രുവായി കാണേണ്ടതില്ല. നമ്മുടെ പ്രിയപ്പെട്ട ഈ വിഭവം ആരോഗ്യത്തിന് വലിയ പരിക്കേൽപ്പിക്കാതെ എങ്ങനെ കഴിക്കാം എന്നതാണ് പ്രധാനം. ഈ കോംബോയിൽ ലളിതമായ ചില മാറ്റങ്ങൾ വരുത്തി എങ്ങനെ ആരോ​ഗ്യകരമായി കഴിക്കാമെന്ന് നോക്കാം.

പൊറോട്ടയുടെ പ്രധാന പ്രശ്നം അതിനായി ഉപയോ​ഗിക്കുന്ന മൈദയാണ്. തവിടും നാരുകളും പൂർണമായും നീക്കം ചെയ്ത മൈദ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകും. ഇതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും എളുപ്പവഴി പൊറോട്ടയുടെ എണ്ണം കുറയ്ക്കുക എന്നതാണ്. രണ്ട് പൊറോട്ടയിൽ നിങ്ങളുടെ ആഗ്രഹം ഒതുക്കാൻ ശ്രമിക്കുക. അമിതമായ വിശപ്പ് തോന്നുന്നുണ്ടെങ്കിൽ ബീഫ് കറിയിലെ കഷ്ണങ്ങൾ കൂടുതൽ കഴിക്കുന്നത് വഴി പ്രോട്ടീൻ ഉറപ്പാക്കാം. ബീഫ് നൽകുന്ന അയണും പ്രോട്ടീനും ശരീരത്തിന് ഗുണകരമാണെങ്കിലും അത് പാകം ചെയ്യുന്ന രീതിയും അളവും ശ്രദ്ധിക്കേണ്ടതുണ്ട്.

ബീഫ് കഴിക്കുമ്പോൾ അത് വറുത്തതോ പൊരിച്ചതോ ആകാതെ കറി രൂപത്തിൽ കഴിക്കാൻ ശ്രദ്ധിക്കുക. വറുക്കുമ്പോൾ ഉപയോഗിക്കുന്ന അമിതമായ എണ്ണയും കൊഴുപ്പും ഹൃദയാരോഗ്യത്തിന് വെല്ലുവിളിയാണ്. കൂടാതെ, പൊറോട്ട കഴിക്കുമ്പോൾ കൂടെ നിർബന്ധമായും ഒരു വലിയ ബൗൾ സാലഡ് (സവാള, കക്കിരി, തക്കാളി) ഉൾപ്പെടുത്തുക. സാലഡിലെ നാരുകൾ മൈദ ദഹിക്കാൻ സഹായിക്കുകയും കൊഴുപ്പ് ശരീരത്തിൽ അടിയുന്നത് ഒരു പരിധിവരെ തടയുകയും ചെയ്യും. ഇത് നിങ്ങളുടെ ദഹനപ്രക്രിയയെ സുഗമമാക്കാൻ വലിയ രീതിയിൽ സഹായിക്കും.

സമയക്രമമാണ് മറ്റൊരു പ്രധാന ഘടകം. രാത്രി വൈകി പൊറോട്ടയും ബീഫും കഴിച്ച് ഉടനെ ഉറങ്ങാൻ പോകുന്നത് ദഹനക്കേടിനും ശരീരഭാരം കൂടുന്നതിനും കാരണമാകും. അതിനാൽ, ഈ വിഭവം ഉച്ചഭക്ഷണമായോ അല്ലെങ്കിൽ രാത്രി എട്ടു മണിക്ക് മുൻപോ കഴിക്കാൻ ശ്രമിക്കുക. കഴിച്ചതിനുശേഷം ഒരു ചെറിയ നടത്തം ശീലമാക്കുന്നത് ശരീരത്തിലെ ഊർജ്ജം ശരിയായ രീതിയിൽ ഉപയോഗിക്കാൻ സഹായിക്കും. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ ഇത്തരത്തിൽ നിയന്ത്രണങ്ങളോടെ ആസ്വദിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ല.

നമ്മുടെ പ്രിയപ്പെട്ട രുചികളെ പൂർണ്ണമായും ഉപേക്ഷിക്കാതെ തന്നെ, ചെറിയ മാറ്റങ്ങളിലൂടെ അവയെ ആരോഗ്യകരമാക്കാം. ഓരോ തവണ കഴിക്കുമ്പോഴും മിതത്വം പാലിക്കുന്നത് ആ രുചി കൂടുതൽ സന്തോഷത്തോടെ ആസ്വദിക്കാൻ നിങ്ങളെ സഹായിക്കും.

TAGS :

Next Story