പ്രായം 50 ആയാലും 30ന്റെ ചെറുപ്പം തോന്നും! ഈ ആറ് ഭക്ഷണങ്ങളിൽ രണ്ടെണ്ണം ശീലമാക്കൂ; ചർമത്തിന്റെ രഹസ്യം ആളുകൾ ചോദിച്ചറിയും!
വിലകൂടിയ ക്രീമുകൾക്ക് പകരം നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങളെക്കുറിച്ച് അറിയാം. ഇതിൽ ഏതെങ്കിലും രണ്ടെണ്ണം ശീലമാക്കിയാൽ തന്നെ മാറ്റമുണ്ടാകുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു

പ്രായം കൂടുന്തോറും യുവത്വം നിലനിർത്താനുള്ള ആഗ്രഹവും കൂടിക്കൊണ്ടേയിരിക്കുമല്ലേ. അതിനായി കൈയിൽ കിട്ടുന്നതെല്ലാം ട്രൈ ചെയ്യുന്നവരും ഒട്ടും കുറവല്ല. പ്രായമായെന്നും ചർമത്തിൽ ചുളിവ് വീണെന്നുമോർത്ത് വേവലാതിപ്പെടുന്നവരാണോ നിങ്ങൾ? അങ്ങനെയെങ്കിൽ അൻപതാം വയസിലും മുപ്പതിന്റെ യുവത്വം നിലനിർത്താനും പ്രായക്കുറവ് തോന്നിക്കാനും ആഗ്രഹിക്കുന്നവർക്കായി ആരോഗ്യ വിദഗ്ധർ പങ്കുവെക്കുന്ന ചില പ്രധാന നിർദേശങ്ങൾ പറയാം. ചർമത്തിന്റെ തിളക്കവും യൗവനവും നിലനിർത്താൻ സഹായിക്കുന്ന ആറ് ഭക്ഷ്യവസ്തുക്കളെക്കുറിച്ചാണ് പറയാൻ പോകുന്നത്. കൃത്രിമ സൗന്ദര്യവർധക വസ്തുക്കൾക്ക് പിന്നാലെ പോകുന്നതിന് മുമ്പ്, ഈ ആറ് ഭക്ഷണങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണമെങ്കിലും നിങ്ങളുടെ ദൈനംദിന ആഹാരക്രമത്തിന്റെ ഭാഗമാക്കിയാൽ ചർമത്തിന് വലിയ രീതിയിൽ മാറ്റങ്ങൾ സംഭവിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
ബെറി പഴങ്ങൾ
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങൾ ആന്റിഓക്സിഡന്റുകളുടെ വലിയൊരു കലവറയാണ്. ചർമത്തിൽ ചുളിവുകൾ വീഴാൻ പ്രധാന കാരണമാകുന്ന 'ഫ്രീ റാഡിക്കലുകളെ' ചെറുക്കാൻ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും മറ്റ് പ്രധാന ഘടകങ്ങളും കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും, സൂര്യപ്രകാശത്തിൽ നിന്നുള്ള ദോഷകരമായ യുവി രശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാനും അകാല വാർധക്യത്തിന്റെ ലക്ഷണങ്ങൾ ഇല്ലാതാക്കാനും ബെറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മികച്ച തീരുമാനമാണ്.
നട്സും വിത്തുകളും
ബദാം, വാൽനട്ട് തുടങ്ങിയ നട്സുകളും ചിയാ സീഡ്സ്, ഫ്ലാക്സ് സീഡ്സ് പോലുള്ള വിത്തുകളും ചർമത്തിന് അത്യാവശ്യമായ വിറ്റാമിൻ ഇ-യുടെയും ഒമേഗ-3 ഫാറ്റി ആസിഡിന്റെയും മികച്ച ഉറവിടങ്ങളാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ ചർമത്തിന്റെ സ്വാഭാവിക എണ്ണമയം നിലനിർത്താൻ സഹായിക്കുമ്പോൾ, വിറ്റാമിൻ ഇ കോശങ്ങളുടെ കേടുപാടുകൾ തീർക്കുന്ന ഒരു മികച്ച സ്കിൻ റിപ്പയർ ഏജന്റായി പ്രവർത്തിക്കുന്നു. ഇത് ചർമം വരണ്ടുപോകുന്നത് തടയുകയും എപ്പോഴും മൃദുത്വത്തോടെ നിലനിർത്തുകയും ചെയ്യുന്നു.
പച്ച ഇലക്കറികൾ
ചീര ഉൾപ്പെടെയുള്ള പച്ച ഇലക്കറികളിൽ വിറ്റാമിൻ എ, സി, ഇ, കെ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലെ വിറ്റാമിൻ എ ചർമ്മത്തിൽ പുതിയ കോശങ്ങൾ ഉണ്ടാകാൻ സഹായിക്കുമ്പോൾ, വിറ്റാമിൻ സി കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നു. പ്രായമാകുമ്പോൾ സ്വാഭാവികമായി ചർമം തൂങ്ങിപ്പോകുന്ന അവസ്ഥ തടയുകയും മികച്ച ദൃഢതയും തിളക്കവും നൽകുകയും ചെയ്യാൻ പച്ച ഇലക്കറികൾക്ക് സാധിക്കും. ഇവയിലെ ജലാംശം ചർമത്തെ എപ്പോഴും ഫ്രഷ് ആയി നിലനിർത്താനും സഹായിക്കും.
ഗ്രീൻ ടീ
ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, അകാല വാർധക്യം തടയാനും ഗ്രീൻ ടീ ഉത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന 'പോളിഫിനോളുകൾ', പ്രത്യേകിച്ച് ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ഘടകങ്ങൾ, ചർമത്തിലെ കോശങ്ങളുടെ വീക്കം വലിയ രീതിയിൽ കുറയ്ക്കുന്നു. സ്ട്രെസ്സ് മൂലവും മലിനീകരണം മൂലവും ചർമത്തിലുണ്ടാകുന്ന പാടുകൾ അകറ്റാനും ഇലാസ്തികത കാത്തുസൂക്ഷിക്കാനും ദിവസവുമുള്ള ഗ്രീൻ ടീ ഉപയോഗം സഹായിക്കും.
റെഡ് ബെൽ പെപ്പർ
ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഒന്നാണ് ചുവന്ന കാപ്സിക്കം അഥവാ റെഡ് ബെൽ പെപ്പർ. വിറ്റാമിൻ സി കൊളാജൻ ഉത്പാദനത്തിന് ഏറ്റവും അത്യാവശ്യമായ ഘടകമാണ്. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന 'കരോട്ടിനോയിഡുകൾ' മികച്ച ആന്റിഓക്സിഡന്റുകളായി പ്രവർത്തിക്കുന്നു. ഇത് രക്തചംക്രമണം വർധിപ്പിക്കാനും, അന്തരീക്ഷ മലിനീകരണം മൂലവും വെയിലേൽക്കുന്നത് മൂലവും ചർമത്തിനുണ്ടാകുന്ന വാർധക്യ ലക്ഷണങ്ങളെ തടയാനും ഏറെ സഹായിക്കും.
ഒലിവ് ഓയിൽ
ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പുഷ്ടമാണ് ഒലിവ് ഓയിൽ. ചർമത്തെ ഏറ്റവും ആഴത്തിൽ നിന്ന് മോയ്സ്ചറൈസ് ചെയ്യാനും മൃദുവായി നിലനിർത്താനും ഇത് സഹായിക്കും. ഒലിവ് ഓയിലിലെ ഘടകങ്ങൾ ചർമത്തിലെ ഈർപ്പം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്നു. ഭക്ഷണത്തിൽ മിതമായ അളവിൽ ഒലിവ് ഓയിൽ ഉൾപ്പെടുത്തുന്നത് വരണ്ട ചർമം മാറി സ്വാഭാവിക തിളക്കം ലഭിക്കാൻ ഗുണകരമാണ്.
Adjust Story Font
16

