ചൊറിച്ചിലോ വേദനയോ ഉണ്ടാകില്ല; മുഖക്കുരുവെന്ന് തോന്നിക്കുന്ന വെളുത്ത കുരുക്കൾ; ചികിത്സിക്കേണ്ടതുണ്ടോ?, വിദഗ്ധർ പറയുന്നതിങ്ങനെ
നവജാതശിശുക്കൾ മുതൽ പ്രായമായവർ വരെ എല്ലാ പ്രായക്കാരിലും മിലിയ കാണപ്പെടാറുണ്ട്

നിങ്ങളുടെ ചർമ്മത്തിൽ മുഖക്കുരു തോന്നിക്കുന്ന വിട്ടുമാറാത്ത ചെറിയ വെളുത്ത പാടുകൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ആ പാടുകൾ എന്താണെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകാം, മിലിയ - അല്ലെങ്കിൽ എണ്ണക്കുരു എന്നും വിളിക്കപ്പെടുന്നവയാണ് ഇത്. മുഖക്കുരു അല്ലെങ്കിൽ ബ്ലാക്ക്ഹെഡ്സ് പോലുള്ള സമാനമായ ചർമ അവസ്ഥകളുമായി ആശയക്കുഴപ്പത്തിലാക്കുന്ന ചെറിയ വെളുത്ത മുഴകളാണ് ഇവ.
സാധാരണയായി വെളുത്തതോ മഞ്ഞയോ നിറത്തിലുള്ള കുഞ്ഞു തടിപ്പുകളാണ് മിലിയ. സാധാരണയായി അവ ചൊറിച്ചിലോ വേദനയോ ഉണ്ടാകില്ലെങ്കിലും ചില ആളുകളിൽ അസ്വസ്ഥത ഉണ്ടാക്കിയേക്കാം. സാധാരണയായി 1-3 മില്ലിമീറ്റർ (.04-.12 ഇഞ്ച്) വലിപ്പമുള്ള ചെറിയ സിസ്റ്റുകളാണ്.
ചർമ്മത്തിലെ സുഷിരങ്ങൾ അടയുന്നത് കൊണ്ടല്ല ഇവയുണ്ടാകുന്നത്, മറിച്ച് കെരാറ്റിൻ അടിഞ്ഞുകൂടുന്നത് കൊണ്ടാണ്. കെരാറ്റിൻ നിറഞ്ഞ ഈ കുരുക്കൾ മുഖക്കുരുവിനെപ്പോലെ വേദനയുള്ളതോ ചുവന്ന് തടിച്ചതോ ആയിരിക്കില്ല. നവജാതശിശുക്കൾ മുതൽ പ്രായമായവർ വരെ എല്ലാ പ്രായക്കാരിലും മിലിയ കാണപ്പെടാറുണ്ട്. നവജാതശിശുക്കളിൽ അവ ഏറ്റവും സാധാരണമാണ്. സാധാരണയായി മുഖം, ചുണ്ടുകൾ, കൺപോളകൾ, കവിൾ എന്നിവയിലാണ് ഇത് കാണപ്പെടുന്നത്.
കെരാറ്റിൻ ഉത്പാദിപ്പിക്കുന്ന ചർമ്മകോശങ്ങൾ ശരിയായ രീതിയിൽ കൊഴിഞ്ഞുപോകാത്ത അവസ്ഥയാണിത്. ഇതിനുപകരം, ഈ കോശങ്ങൾ ചർമ്മത്തിനടിയിൽ അടിഞ്ഞുകൂടുകയും ചെറിയ കുരുക്കളായി മാറുകയും ചെയ്യുന്നു.
നിരവധി ഘടകങ്ങൾ മിലിയ ഉണ്ടാകാൻ കാരണമാകും. ചില ആളുകളിൽ പാരമ്പര്യമായി മിലിയ വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നപോലെ മിലിയ ഉണ്ടാകാനും കാരണമാകുന്നു. മുഖം കൃത്യമായി വൃത്തിയാക്കാതിരിക്കുന്നത് ചർമ്മത്തിൽ മൃതകോശങ്ങൾ അടിഞ്ഞുകൂടാൻ ഇടയാക്കും. സുഷിരങ്ങൾ അടയ്ക്കുന്ന തരം ക്രീമുകളുടെ ഉപയോഗവും മിലിയ ഉണ്ടാകാൻ കാരണമായേക്കാം.
മിലിയ പലപ്പോഴും തനിയെ അപ്രത്യക്ഷമാകുമെങ്കിലും, മാസങ്ങളോ അതിലധികമോ സമയം എടുത്തേക്കാം. പലപ്പോഴും, പാടുകൾ വരാതെ നീക്കം ചെയ്യാൻ ചർമ്മരോഗ വിദഗ്ധന്റെ സഹായം തേടേണ്ടി വരും.
മൃതകോശങ്ങളെ നീക്കം ചെയ്യാനും കെരാറ്റിൻ അടിഞ്ഞുകൂടുന്നത് തടയാനും സാലിസിലിക് ആസിഡ് അടങ്ങിയ കെമിക്കൽ എക്സ്ഫോളിയന്റുകൾ വളരെ ഫലപ്രദമാണ്. BHA അടങ്ങിയ ഉൽപ്പന്നങ്ങൾ പതിവായി ഉപയോഗിക്കുന്നത് നിലവിലുള്ള മിലിയ ഇല്ലാതാക്കാനും പുതിയവ ഉണ്ടാകുന്നത് തടയാനും സഹായിക്കും. അഴുക്കും മൃതകോശങ്ങളും അടിഞ്ഞുകൂടുന്നത് മിലിയ ഉണ്ടാകാൻ കാരണമാകും. അതിനാൽ, ചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്യാൻ മൃദുവായ ഒരു ക്ലീൻസർ ഉപയോഗിക്കുക. മിലിയകളെ സ്വയം കുത്തിയെടുക്കാനോ നുള്ളി കളയാനോ ഒരിക്കലും ശ്രമിക്കരുത്. ഇത് അണുബാധയ്ക്കും ചർമ്മത്തിൽ സ്ഥിരമായ പാടുകൾ വീഴുന്നതിനും കാരണമാകും. മിലിയ തനിയെ മാറുന്നില്ലെങ്കിൽ ഒരു ചർമ്മരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടുന്നതാണ് ഏറ്റവും ഉചിതം.
പതിവായി ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യുക: ആഴ്ചയിലൊരിക്കലെങ്കിലും അല്ലെങ്കിൽ സ്കിൻ കെയർ വിദഗ്ധൻ നിർദ്ദേശിക്കുന്നതനുസരിച്ച് BHA അടങ്ങിയ മൃദുവായ ഒരു എക്സ്ഫോളിയന്റ് ഉപയോഗിക്കുക. ഇത് ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും ചർമ്മം മൃദുവായി നിലനിർത്താനും സഹായിക്കും.
സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം നൽകുക: സൂര്യപ്രകാശം ഏൽക്കുന്നത് മിലിയ ഉൾപ്പെടെയുള്ള നിരവധി ചർമ്മപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, എപ്പോഴും കുറഞ്ഞത് SPF 30 എങ്കിലും ഉള്ള ഒരു 'ബ്രോഡ്-സ്പെക്ട്രം' സൺസ്ക്രീൻ ഉപയോഗിക്കുക. ചർമ്മസംരക്ഷണത്തിൽ സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണം അത്യാവശ്യമാണ്.
'നോൺ-കോമഡോജെനിക്' ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക: 'നോൺ-കോമഡോജെനിക്' എന്ന് രേഖപ്പെടുത്തിയ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളും മേക്കപ്പും ഉപയോഗിക്കുന്നത് സുഷിരങ്ങൾ അടയാതിരിക്കാൻ സഹായിക്കും. ഇത് മൃതകോശങ്ങൾ അടിഞ്ഞുകൂടുന്നത് ഒഴിവാക്കും.
ചർമ്മത്തിലെ ഈർപ്പം നിലനിർത്തുക: ഈർപ്പമുള്ള ചർമ്മം കൂടുതൽ ആരോഗ്യത്തോടെയിരിക്കും. ശരിയായ രീതിയിലുള്ള ഹൈഡ്രേഷൻ കെരാറ്റിൻ ഉത്പാദനം നിയന്ത്രിക്കാൻ സഹായിക്കും. ചർമ്മത്തിൽ അധികം എണ്ണമയം അവശേഷിപ്പിക്കാത്ത ലഘുവായ മോയ്സ്ചറൈസറുകൾ തിരഞ്ഞെടുക്കുക.
Adjust Story Font
16

