Quantcast

സാധാരണ തലവേദനയോ അതോ ബ്രെയിൻ ട്യൂമറോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!

സാധാരണ തലവേദനയും ബ്രെയിൻ ട്യൂമർ മൂലമുള്ള തലവേദനയും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്

MediaOne Logo
സാധാരണ തലവേദനയോ അതോ ബ്രെയിൻ ട്യൂമറോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
X

രാവിലെ ഉണരുമ്പോൾ തലവേദന, വെയിലുകൊണ്ടാൽ തലവേദന, കൃത്യമായി ഭക്ഷണം കഴിച്ചില്ലെങ്കിൽ തലവേദന, അങ്ങനെ അങ്ങനെ നീണ്ടൊരു നിര തന്നെയുണ്ടല്ലേ... തലവേദന അനുഭവപ്പെടാത്തവരായി നമ്മളിൽ ആരും തന്നെ ഉണ്ടാകാൻ സാധ്യതയില്ല. സാധാരണയായി ജോലിത്തിരക്ക് കൊണ്ടോ, ഉറക്കക്കുറവ് കൊണ്ടോ, അല്ലെങ്കിൽ സൈനസൈറ്റിസ് പോലുള്ള നിസാര പ്രശ്നങ്ങൾ കൊണ്ടോ ഉണ്ടാകുന്ന ഒന്നായാണ് നമ്മൾ തലവേദനയെ എപ്പോഴും കാണാറുള്ളത്. ഒരു ചായ കുടിച്ചാലോ അല്ലെങ്കിൽ ഒരു സാധാരണ വേദനസംഹാരി ഗുളിക കഴിച്ചാലോ മാറിപ്പോകുന്ന ഇത്തരം തലവേദനകളെ നമ്മൾ വലിയ ഗൗരവത്തോടെ എടുക്കാറുമില്ല. എന്നാൽ, ചില തലവേദനകൾ തലച്ചോറിനുള്ളിൽ ഒരു ബ്രെയിൻ ട്യൂമർ വളരുന്നുണ്ടെന്നതിന്റെ ആദ്യത്തെ അപായസൂചനയായിരിക്കാം എന്ന് വി​ദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ബ്രെയിൻ ട്യൂമർ മൂലമുള്ള തലവേദനയും അതിനോടൊപ്പം കാണാറുള്ള മറ്റ് പ്രധാന ലക്ഷണങ്ങളും എന്തൊക്കെയാണെന്ന് നോക്കാം:

  • അതിരാവിലെയുള്ള കടുത്ത വേദന: പുലർച്ചെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്ന സമയത്ത് അനുഭവപ്പെടുന്ന കഠിനമായ തലവേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. രാത്രി കിടക്കുമ്പോൾ തലച്ചോറിനുള്ളിലെ മർദം കൂടുന്നതാണ് ഇതിന് കാരണം
  • കാഠിന്യം കൂടിവരുന്ന അവസ്ഥ: ദിവസവും ആഴ്ചകളും കഴിയുന്തോറും ഈ വേദന കുറയുന്നതിന് പകരം അതിന്റെ തീവ്രത കൂടിക്കൂടി വരികയും വിട്ടുമാറാതാവുകയും ചെയ്യും
  • വേദനസംഹാരികൾ ഫലിക്കില്ല: സാധാരണയായി നമ്മൾ കഴിക്കാറുള്ള വേദനസംഹാരികൾ എത്ര കഴിച്ചാലും ബ്രെയിൻ ട്യൂമർ മൂലമുള്ള തലവേദനയ്ക്ക് യാതൊരു കുറവും ഉണ്ടാകാറില്ല

ഒപ്പം പ്രകടമാകുന്ന മറ്റ് അഞ്ച് ഗുരുതര ലക്ഷണങ്ങൾ

തലവേദനയോടൊപ്പം താഴെ പറയുന്ന ലക്ഷണങ്ങൾ കൂടി കണ്ടാൽ അത് ഒട്ടും അവഗണിക്കരുത്:

  1. അകാരണമായി നിരന്തരം ഉണ്ടാകുന്ന ഓക്കാനവും, പ്രത്യേകിച്ച് രാവിലെ എഴുന്നേൽക്കുന്ന സമയത്ത് പെട്ടെന്നുണ്ടാകുന്ന ഛർദ്ദിയും
  2. തലച്ചോറിന്റെ നിയന്ത്രണം തകരാറിലാകുന്നതോടെ നേരെ നടക്കാൻ കഴിയാതെ വരിക, നടക്കുമ്പോൾ ഒരു വശത്തേക്ക് മാത്രം ചരിഞ്ഞുപോവുക, സംസാരിക്കുമ്പോൾ വാക്കുകൾ വിക്കിപ്പോവുക
  3. കണ്ണിന് മറ്റ് തകരാറുകൾ ഇല്ലാതെ തന്നെ കാഴ്ച പെട്ടെന്ന് മങ്ങുക, അല്ലെങ്കിൽ ഒരു വസ്തുവിനെ നോക്കുമ്പോൾ രണ്ടായി കാണുക
  4. മുമ്പ് ജീവിതത്തിൽ ഒരിക്കൽ പോലും അപസ്മാര ലക്ഷണങ്ങൾ ഇല്ലാത്ത വ്യക്തികൾക്ക് മുതിർന്ന പ്രായത്തിൽ പെട്ടെന്ന് ഫിറ്റ്സ് ഉണ്ടാകുന്നത് ട്യൂമറിന്റെ ശക്തമായ സൂചനയാകാം
  5. വ്യക്തിയുടെ സ്വാഭാവിക സ്വഭാവത്തിലും മാനസികാവസ്ഥയിലും പെട്ടെന്ന് വലിയ വ്യത്യാസങ്ങൾ പ്രകടമാകുക

വിട്ടുമാറാത്ത കഠിനമായ തലവേദനകളെ വെറുമൊരു ഗ്യാസ് ട്രബിൾ എന്നോ ജലദോഷം എന്നോ കരുതി വേദനസംഹാരികൾ വാങ്ങി കഴിച്ച് സ്വയംചികിത്സ നടത്തുന്നത് വലിയ അപകടം വരുത്തിവെക്കും. ഇത്തരം ലക്ഷണങ്ങൾ ഒരുമിച്ച് കണ്ടാൽ ഒട്ടും വൈകാതെ ഒരു ന്യൂറോളജിസ്റ്റിനെയോ വിദ​ഗ്ധ ഡോക്ടറെയോ കണ്ട് എംആർഐ അല്ലെങ്കിൽ സിടി സ്കാൻ പരിശോധനകൾക്ക് വിധേയമാകേണ്ടതാണ്. കൃത്യമായ സമയത്ത് രോഗനിർണയം നടത്തുന്നത് ചികിത്സ കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കും.

TAGS :
Next Story