പീരിഡ്സ് വേദന കുറയ്ക്കണോ? ഭക്ഷണത്തിൽ വരുത്താം ഈ മാറ്റങ്ങൾ
ആർത്തവ സമയത്ത് കടുത്ത അസ്വസ്ഥതകൾ ഒഴിവാക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

ഓരോ മാസവും ആർത്തവസമയത്ത് ഉണ്ടാകുന്ന വയറുവേദന, നടുവേദന, വയർ വീർക്കൽ (Bloating), കടുത്ത ക്ഷീണം, മൂഡ് മാറ്റങ്ങൾ (Mood swings) എന്നിവ കാരണം ബുദ്ധിമുട്ടുന്ന സ്ത്രീകൾ ഏറെയാണ്. ചിലരിൽ ഈ വേദന ദൈനംദിന ജീവിതത്തെ പോലും പൂർണ്ണമായി ബാധിക്കാറുണ്ട്. എന്നാൽ ഭക്ഷണക്രമത്തിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഈ അസ്വസ്ഥതകൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ആർത്തവ സമയത്ത് കടുത്ത അസ്വസ്ഥതകൾ ഒഴിവാക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം:
1. ആർത്തവ സമയത്ത് എന്തൊക്കെ കഴിക്കാം?
ശരീരത്തിന് ഊർജ്ജം നൽകാനും പേശികളുടെ വേദന കുറയ്ക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഈ സമയത്ത് തിരഞ്ഞെടുക്കാം:
ഇഞ്ചിയും മഞ്ഞളും: മഞ്ഞൾ ശരീരത്തിലെ അണുബാധയും വീക്കവും കുറയ്ക്കാൻ സഹായിക്കുമ്പോൾ, ഇഞ്ചി വയറുവേദനയ്ക്കും ഓക്കാനത്തിനും മികച്ചൊരു പരിഹാരമാണ്.
ഓട്സ്: മഗ്നീഷ്യവും സിങ്കും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാൻ ഓട്സ് സഹായിക്കും.
കാമോമൈൽ ടീ (Chamomile Tea): ഇത് പേശികളുടെ മുറുക്കം കുറയ്ക്കാനും മനസിന് ശാന്തത നൽകാനും സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റ്: 70 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് മൂഡ് മെച്ചപ്പെടുത്താനും വേദന കുറയ്ക്കാനും നല്ലതാണ്.
വിറ്റാമിൻ C അടങ്ങിയ പഴങ്ങൾ: ഓറഞ്ച്, നെല്ലിക്ക, കിവി തുടങ്ങിയ പഴങ്ങൾ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ: സാൽമൺ, മത്തി തുടങ്ങിയ മത്സ്യങ്ങളും, വാൾണട്ട്, ഫ്ലാക്സ് സീഡ്സ് (ചണവിത്ത്) എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അസ്വസ്ഥതകൾ കുറയ്ക്കാൻ പഠനങ്ങൾ സൂചിപ്പിക്കുന്നു.
ധാരാളം വെള്ളം: ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയി നിലനിർത്തുന്നത് വയർ വീർക്കുന്ന അവസ്ഥ (Bloating) കുറയ്ക്കാൻ സഹായിക്കും.
2. എന്തൊക്കെ ഭക്ഷണങ്ങൾ ഒഴിവാക്കണം?
വേദനയും അസ്വസ്ഥതകളും വർധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ താഴെ പറയുന്നവ ഈ ദിവസങ്ങളിൽ പരമാവധി ഒഴിവാക്കുക:
കഫീൻ പാനീയങ്ങൾ: അമിതമായ കാപ്പിയും ചായയും കഫീൻ അടങ്ങിയ മറ്റ് പാനീയങ്ങളും ഒഴിവാക്കുക.
കൊഴുപ്പുള്ള ഭക്ഷണങ്ങൾ: എണ്ണയിൽ വറുത്തതും കൊഴുപ്പ് കൂടുതലുള്ളതുമായ വിഭവങ്ങൾ.
പ്രോസസ്ഡ് & ജങ്ക് ഫുഡ്സ്: പാക്കറ്റ് ഭക്ഷണങ്ങളും പ്രോസസ്ഡ് ഫുഡുകളും.
കൂടുതൽ എരിവും മധുരവും: കുറഞ്ഞ എരിവ് ചേർന്ന വിഭവങ്ങളും അമിത മധുരമുള്ള പലഹാരങ്ങളും.
ഉപ്പ് കൂടിയ ഭക്ഷണങ്ങൾ: ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ ശരീരത്തിൽ വെള്ളം കെട്ടിനിൽക്കാനും വയർ വീർക്കാനും കാരണമാകും.
3. എപ്പോൾ ഒരു ഡോക്ടറെ കാണണം?
ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയിട്ടും താഴെ പറയുന്ന ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിന്റെ പരിശോധന തേടേണ്ടത് അനിവാര്യമാണ്:
ഭക്ഷണക്രമം മാറ്റിയിട്ടും വേദനയ്ക്ക് യാതൊരു കുറവുമില്ലെങ്കിൽ.
എല്ലാ മാസവും അസഹനീയമായ കടുത്ത വേദന അനുഭവപ്പെടുകയാണെങ്കിൽ.
അമിത രക്തസ്രാവം (Heavy bleeding) ഉണ്ടാകുക.
ആർത്തവത്തോടൊപ്പം പനി അനുഭവപ്പെടുക.
ആർത്തവമില്ലാത്ത സാധാരണ ദിവസങ്ങളിലും കടുത്ത വയറുവേദന അനുഭവപ്പെടുക.
ശ്രദ്ധിക്കുക: ഇത് എൻഡോമെട്രിയോസിസ് (Endometriosis), ഫൈബ്രോയിഡ്സ് (Fibroids) തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ആരോഗ്യകരമായ ഭക്ഷണം, മതിയായ വെള്ളം കുടി, ലഘുവായ വ്യായാമങ്ങൾ, ആവശ്യത്തിന് ഉറക്കം എന്നിവ ആർത്തവസമയത്തെ വേദനയും അസ്വസ്ഥതയും ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും. എങ്കിലും, തുടർച്ചയായോ കടുത്തതോ ആയ വേദനകൾ സാധാരണമാണെന്ന് കരുതി ഒരിക്കലും അവഗണിക്കരുത്.
Adjust Story Font
16

