Quantcast

മാമ്പഴത്തിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കരുത്; കാരണം ഇതാണ്

ആരോഗ്യത്തിന് പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അധികം എരിവുള്ള ഭക്ഷണ പദാർത്ഥങ്ങൾ അമിതമായി കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല.

MediaOne Logo

Web Desk

  • Updated:

    2023-07-14 13:15:14.0

Published:

14 July 2023 12:58 PM GMT

മാമ്പഴത്തിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കരുത്; കാരണം ഇതാണ്
X

പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴം ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. നിരവധി പോഷകങ്ങളും ആരോഗ്യ ഗുണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്ന മാമ്പഴം ആരോ​ഗ്യത്തിനും ഏറെ നല്ലതാണ്. ധാരാളം വൈറ്റമിൻ സി, നാരുകൾ ആന്റി ഓക്‌സിഡന്റ് എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ശരീരത്തിൽ കാണപ്പെടുന്ന ഫ്രീ റാഡിക്കലുകൾക്കും പെക്‌റ്റിൻ ഉള്ളടക്കത്തിനും എതിരായതിനാൽ ഇവയെല്ലാം രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ആരോഗ്യകരമായ പരിധിക്കുള്ളിൽ നിർത്തുകയും പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

എന്നാൽ മാമ്പഴം കഴിച്ചതിന് ശേഷം ചില ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല എന്ന് നിങ്ങൾക്കറിയാമോ? കാരണം ഇത് ആരോഗ്യത്തിന് പാർശ്വഫലങ്ങൾ ഉണ്ടാക്കും.

വെളളം കുടിക്കരുത്

ദാഹം ശമിപ്പിക്കുന്ന ഗുണങ്ങൾ പഴങ്ങളിൽ കാണപ്പെടുന്നു എന്നത് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. ചില പഴങ്ങളിൽ വെള്ളത്തിന്റെ അംശം കൂടുതലായതിനാൽ ദാഹിച്ചാൽ വെള്ളം കുടിക്കുന്നതിനു പകരം പഴങ്ങൾ കഴിക്കാറുണ്ട്. ഏത് പഴം കഴിച്ചാലും അതിനൊപ്പം വെള്ളം കുടിക്കുന്നത് ശീലമാക്കരുത്. പ്രത്യേകിച്ച് മാമ്പഴം കഴിച്ചതിന് ശേഷം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് പാർശ്വഫലങ്ങൾ ഉണ്ടാക്കും. ദഹനവ്യവസ്ഥയെ ബാധിക്കുകയും വയറിളക്കത്തിന് പോലും ഇടയാക്കുകയും ചെയ്യും. കുറഞ്ഞത് 30 മിനിറ്റ് കഴിഞ്ഞ ശേഷം മാത്രമേ വെള്ളം കുടിക്കാവൂ.

തൈര് കഴിക്കാൻ പാടില്ല

തൈര് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. തൈരിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, വിറ്റാമിനുകൾ, കലോറികൾ, പ്രോട്ടീൻ ഘടകങ്ങൾ എന്നിവ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കുന്നു. പ്രോബയോട്ടിക് ഭക്ഷണമായ തൈര് കുടലിലെ നല്ല ബാക്ടീരിയകളുടെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്താനും മികച്ചതാണ്. എന്നാൽ മാമ്പഴം കഴിച്ചയുടനെ തൈര് കഴിക്കുന്നത് ശീലമാക്കരുത്. കാരണം ശരീരത്തിലെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് ചർമ്മപ്രശ്നങ്ങൾക്ക് കാരണമാകുന്നു.

പാവയ്ക്കയിൽ തയാറാക്കിയ വിഭവങ്ങൾ കഴിക്കരുത്

കയ്പ്പ് കൂടിയ ഭക്ഷണങ്ങളിലൊന്നാണ് പാവയ്ക്ക. ആരോ​ഗ്യത്തിന് ഏറെ ​ഗുണങ്ങളുണ്ടെങ്കിലും കയ്പ്പ് കാരണം പലരും ഇത് കഴിക്കാറില്ല. മാമ്പഴം കഴിച്ച ശേഷം പാവയ്ക്കയിൽ തയാറാക്കിയ വിഭവങ്ങൾ കഴിക്കാൻ പാടില്ല. ഛർദ്ദി, അസിഡിറ്റി, ഓക്കാനം, ശ്വസന പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. മാമ്പഴം മധുരവും പാവയ്ക്ക കയ്പേറിയതുമാണ് എന്നതാണ് ഇതിനു പ്രധാന കാരണം. മധുരവും കയ്പ്പും ഉള്ള ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് പാർശ്വഫലങ്ങൾ ഉണ്ടാക്കും.

എരിവുള്ള ഭക്ഷണം കഴിക്കരുത്

മാമ്പഴം കഴിച്ചയുടനെ എരിവുള്ള ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. കാരണം ഇത് അസിഡിറ്റി, നെഞ്ചെരിച്ചിൽ, വയറുവേദന തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. മാമ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാരയും ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലെ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കും. എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ, അത് ആമാശയത്തിലെ പാളിയെ കൂടുതൽ പ്രകോപിപ്പിക്കും. ഇത് അസ്വസ്ഥതയും വീക്കവും ഉണ്ടാക്കുന്നു. കൂടാതെ വയറിളക്കം, ഗ്യാസ് എന്നിവയ്ക്കും കാരണമാകും. അതിനാൽ, മാമ്പഴം കഴിച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞതിന് ശേഷം എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുക. മാമ്പഴം കഴിച്ചതിന് ശേഷം മിതമായ രുചികളും മസാലകൾ ഇല്ലാത്ത ഭക്ഷണങ്ങളും കഴിക്കുന്നത് അസ്വസ്ഥതകൾ ഒഴിവാക്കാനും നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാതെ തന്നെ മാമ്പഴത്തിന്റെ രുചി ആസ്വദിക്കാൻ സഹായിക്കും.

TAGS :

Next Story