കണ്ണിന് താഴെ കറുപ്പ് പാടുണ്ടോ?; ഉറക്കമില്ലായ്മ മാത്രമല്ല വില്ലന്‍, യഥാര്‍ഥ കാരണങ്ങള്‍ അറിഞ്ഞിരിക്കണം
രാത്രിയിൽ നന്നായി ഉറങ്ങുന്ന ആളുകളിൽ പോലും ചിലപ്പോൾ കണ്ണിന് താഴെ കറുത്ത പാടുകൾ കാണാറുണ്ട്

- Published:
5 Jun 2026 12:41 PM IST

കണ്ണിനു താഴെ കറുത്ത പാടുകൾ കാണപ്പെടുമ്പോൾ ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നത് അത് കൃത്യമായി ഉറങ്ങാത്തതുകൊണ്ട് മാത്രമാണെന്നാണ്. എന്നാല്‍ രാത്രിയിൽ നന്നായി ഉറങ്ങുന്ന ആളുകളിൽ പോലും ചിലപ്പോൾ കണ്ണിന് താഴെ കറുത്ത പാടുകൾ കാണാറുണ്ട്. കണ്ണിനു താഴെയുള്ള കറുപ്പ് നിറത്തിന് പിന്നിൽ ഉറക്കക്കുറവ് മാത്രമല്ല, മറ്റ് ചില പ്രധാന ആരോഗ്യ-ജീവിതശൈലി ഘടകങ്ങളുമുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
കൺതടങ്ങളിലെ കറുപ്പിന്റെ യഥാർഥ കാരണം എന്താണെന്ന് തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. കാരണം വ്യത്യസ്ത കാരണങ്ങൾക്ക് വ്യത്യസ്തമായ ചികിത്സകളാണ് നൽകേണ്ടത്.
ജനിതക കാരണങ്ങൾ
ചില ആളുകളിൽ കണ്ണിനു താഴെയുള്ള കറുപ്പ് പാരമ്പര്യമായി ഉണ്ടാകുന്നതാണ്. പ്രത്യേകിച്ച് സൗത്ത് ഏഷ്യൻ, മെഡിറ്ററേനിയൻ, മിഡിൽ ഈസ്റ്റേൺ പശ്ചാത്തലമുള്ളവരിൽ ജനിതകപരമായ കാരണങ്ങളാൽ കണ്ണിന് ചുറ്റും മെലാനിൻ ഉത്പാദനം കൂടുകയും ഇത് ചെറുപ്രായം മുതൽക്കേ കറുത്ത പാടുകൾക്ക് കാരണമാകുകയും ചെയ്യാറുണ്ട്. ജീവിതശൈലി മാറ്റിയതുകൊണ്ട് മാത്രം ഇത് പൂർണ്ണമായി മാറ്റാൻ കഴിഞ്ഞെന്ന് വരില്ല.
കട്ടി കുറഞ്ഞ ചര്‍മ്മം
ശരീരത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ചർമ്മമുള്ളത് കണ്ണിന് താഴെയാണ്. പ്രായമാകുന്തോറും ഈ ചർമ്മത്തിന്റെ കട്ടി വീണ്ടും കുറയുന്നു. ചർമ്മം മെലിയുമ്പോൾ അതിനടിയിലുള്ള രക്തക്കുഴലുകൾ പുറത്തേക്ക് കൂടുതൽ ദൃശ്യമാകുകയും, ഇത് കണ്ണിന് താഴെ നീലയോ തവിട്ടോ നിറത്തിലുള്ള പാടുകളായി തോന്നിക്കുകയും ചെയ്യും.
അലർജികൾ
പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രധാന കാരണമാണ് അലര്‍ജി. അലർജിക് റൈനൈറ്റിസ് പോലുള്ള അവസ്ഥകൾ കണ്ണിന് ചുറ്റുമുള്ള രക്തക്കുഴലുകളിൽ സമ്മർദമുണ്ടാക്കുകയും അത് കറുപ്പ് നിറത്തിന് കാരണമാകുകയും ചെയ്യുന്നു. പൊടിപടലങ്ങൾ, പൂമ്പൊടി, വളർത്തുമൃഗങ്ങളുടെ രോമം, അന്തരീക്ഷ മലിനീകരണം എന്നിവ യും അലര്‍ജിക്ക് കാരണമാകാം. അലർജിക്കുള്ള കൃത്യമായ ചികിത്സ തേടുന്നതാണ് ഇതിന് പരിഹാരം.
വിളർച്ചയും പോഷകാഹാരക്കുറവും
ശരീരത്തിൽ അയണ്‍ അഥവാ ഇരുമ്പിന്റെ കുറവുണ്ടാകുന്നത് വിളർച്ചയ്ക്ക് കാരണമാകുന്നു. ഇത് ചർമ്മത്തിലേക്കുള്ള ഓക്സിജൻ പ്രവാഹം കുറയ്ക്കുകയും ചർമ്മം വിളറി വെളുക്കാൻ ഇടയാക്കുകയും ചെയ്യുന്നു. ഇത് കണ്ണിന് താഴെയുള്ള കറുപ്പ് കൂടുതൽ വ്യക്തമാക്കും. കൂടാതെ വിറ്റാമിൻ B12, വിറ്റാമിൻ സി എന്നിവയുടെ കുറവും ചർമ്മത്തിലെ കറുത്ത പാടുകൾക്ക് കാരണമാകാറുണ്ട്.
നിർജ്ജലീകരണവും സൂര്യപ്രകാശവും
ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് ചർമ്മത്തിന്റെ തിളക്കം നഷ്ടപ്പെടുത്തുകയും കണ്ണിന് താഴെയുള്ള ഭാഗം കുഴിഞ്ഞിരിക്കാൻ കാരണമാകുകയും ചെയ്യും. അതുപോലെ അമിതമായി വെയിൽ ഏൽക്കുന്നത് കണ്ണിന് ചുറ്റുമുള്ള പിഗ്മെന്റേഷൻ വർധിപ്പിക്കുകയും ചർമ്മത്തിന് പെട്ടെന്ന് പ്രായമാകാൻ ഇടയാക്കുകയും ചെയ്യും.
ഇതിന് പുറമെ അമിതമായ മാനസിക സമ്മർദം, കമ്പ്യൂട്ടർ/മൊബൈൽ സ്ക്രീനുകളുടെ അമിത ഉപയോഗം, പുകവലി എന്നിവയും കണ്ണിന് താഴെയുള്ള കറുപ്പ് വർധിപ്പിക്കാൻ കാരണമാകുന്ന ഘടകങ്ങളാണ്.
കേവലം ക്രീമുകളെയോ താൽക്കാലിക പ്രതിവിധികളെയോ മാത്രം ആശ്രയിക്കാതെ, നിങ്ങളുടെ കണ്ണിന് താഴെയുള്ള കറുപ്പിന്റെ യഥാർത്ഥ കാരണം എന്താണെന്ന് ഒരു ഡോക്ടറുടെ സഹായത്തോടെ മനസ്സിലാക്കി കൃത്യമായ ചികിത്സ ഉറപ്പാക്കുകയാണ് വേണ്ടതെന്ന് ഗുഡ്ഗാവിലെ സി.കെ ബിർള ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ അസോസിയേറ്റ് ഡയറക്ടറായ ഡോ. തുഷാർ തയാൽ പറയുന്നു.
Adjust Story Font
16
