മൂടൽമഞ്ഞിൽ നടക്കാനിറങ്ങാറുണ്ടോ? തലച്ചോറിനെ തകരാറിലാക്കുന്ന അപകടത്തെ കരുതിയിരിക്കണേ
രൂക്ഷമായ വായുമലിനീകരണം തലച്ചോറിനെ ബാധിക്കുന്നത് വഴി വിഷാദം, ഉത്കണ്ഠ, മറവി എന്നിങ്ങനെയുള്ള ഗുരുതരമായ മാനസികപ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്

Photo: FREEPIK
ന്യൂഡൽഹി: ജിമ്മുകളിലെ തിരക്കുപിടിച്ച വ്യായാമങ്ങൾ മതിയാക്കി തെരുവോരങ്ങളിലൂടെ നടക്കാൻ ആളുകൾ വല്ലാതെ ആഗ്രഹിച്ചുപോകുന്ന സമയങ്ങളാണ് ഓരോ മഞ്ഞുകാലവും. ഉതിർന്നുവീഴുന്ന മഞ്ഞുകണങ്ങളോട് വല്ലാതെ പ്രണയം തോന്നുന്ന നേരമാണ് അതെങ്കിലും ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് അകലം പാലിക്കുന്നതിനായി മാസ്ക് ധരിച്ചുകൊണ്ടാണ് അധികമാളുകളും പുറത്തിറങ്ങാറുള്ളത്.
എന്നാൽ, മിക്കപ്പോഴും നാം ആഗ്രഹിക്കുന്നതുപോലെ ശുദ്ധമായ വായുവായിരിക്കില്ല അന്തരീക്ഷത്തിലൂടെ ഒഴുകി നടക്കുന്നുണ്ടാവുക. പുലർകാലങ്ങളിൽ അന്തരീക്ഷത്തിലാകെ ഊർന്നിറങ്ങുന്ന പുകമഞ്ഞിലൂടെയുള്ള നടത്തം ചിലസമയങ്ങളിൽ തലച്ചോറിന് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുന്നത് എന്ന് നമ്മളിൽ പലരും ചിന്തിക്കാറില്ല.
രൂക്ഷമായ വായുമലിനീകരണം വിട്ടുമാറാത്ത ചുമയ്ക്കും ശ്വാസസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. കൂടാതെ, ഇതിന്റെ ഫലങ്ങൾ തലച്ചോറിലേക്കും ബാധിക്കുന്നുവെന്നാണ് വിദ്ഗധരുടെ നിരീക്ഷണം. മലിനമായ വായു ശ്വസിക്കുന്നത് വിഷാദം, ഉത്കണ്ഠ, മറവി എന്നിങ്ങനെയുളള ഗുരുതരമായ മാനസികാവസ്ഥയിലേക്ക് കൊണ്ടെത്തിക്കുമെന്നും പഠനങ്ങൾ പറയുന്നു.
അന്തരീക്ഷത്തിലെ വായു മലിനീകരണം എങ്ങനെ തലച്ചോറിനെ ബാധിക്കും?
എൺവയോൺമെന്റൽ ഹെൽത്ത് പെർസ്പെക്റ്റീവ്സിൽ പ്രസിദ്ധീകരിച്ച സമീപകാല ഗവേഷണമനുസരിച്ച്, അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ചെറിയ മലിനീകരണ കണങ്ങളായ പിഎം2.5 ദീർഘനേരം ശരീരത്തിൽ തങ്ങിനിൽക്കുന്നത് തലച്ചോറിലേക്കുള്ള രക്തത്തിന്റെ ചംക്രമണത്തിൽ തടസ്സം സൃഷ്ടിക്കും. ഈ ധമനികൾ ദുർബലമാകുന്നതോടെ രക്തത്തിലേക്ക് ഈ മാലിന്യം കടന്നുകൂടുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
"സൂക്ഷ്മമായ പൊടിപടലങ്ങൾ ശ്വാസകോശത്തിൽ മാത്രം ഒതുങ്ങിനിൽക്കുകയില്ല. അത് രക്തത്തിലൂടെ സഞ്ചരിച്ച് മസ്തിഷ്കത്തിലെ അതിലോലമായ ശൃംഖലയെ ബാധിക്കും. കാലക്രമേണ, ഇത് ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ്, സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കൽ എന്നിവയിലേക്ക് നയിക്കാനുള്ള സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നത്." ഫരീദാബാദിലെ ഫോർട്ടിസ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം തലവൻ ഡോ.വിനീത് ബംഗാ വിശദമാക്കി.
ഹാർവർഡിലെ പൊതുജനാരോഗ്യ വകുപ്പ് നടത്തിയ മറ്റൊരു പഠനംപ്രകാരം, രൂക്ഷമായ വായുമലിനീകരണം ഏകാഗ്രതക്കുറവ്, തീരുമാനമെടുക്കാൻ പ്രയാസം തുടങ്ങിയ വിഷമകരമായ അവസ്ഥകളിലേക്കും മനുഷ്യനെ കൊണ്ടെത്തിക്കും.
ആരോഗ്യകരമായ ഔട്ട്ഡോർ വ്യായാമങ്ങളിൽ മറഞ്ഞിരിക്കുന്ന വിരോധാഭാസം
തുറസ്സായ സ്ഥലങ്ങളിൽ കൂടുതൽ ശ്വാസമെടുക്കാനാവുന്നതിനാൽ ഔട്ട്ഡോർ വ്യായാമങ്ങളിലേർപ്പെടുന്നതോടെ ശ്വാസോച്ഛ്വോസ നിരക്ക് വർധിക്കുന്നു, കൂടെ വായുവിലെ മലിനീകരണവും.
തലച്ചോറും ശരീരവും ആരോഗ്യത്തോടെ നിലനിർത്തണമെന്ന് കരുതിയാണ് ആളുകൾ പ്രഭാതത്തിൽ വ്യായാമത്തിനിറങ്ങുന്നത്. എന്നാൽ, അന്തരീക്ഷത്തിലെ മലിനമായ വായു ശ്വസിച്ചുകൊണ്ട് വ്യായാമത്തിലേർപ്പെടുന്നതോടെ നേരെ വിപരീതമായ ഫലമാണ് ഇവരിലുണ്ടാകുന്നതെന്നാണ് ഡോക്ടർ ബംഗായുടെ അഭിപ്രായം.
വായുമലിനീകരണത്തിനെതിരെ തലച്ചോർ പ്രതികരിക്കുന്നതിന്റെ ലക്ഷണങ്ങൾ
- നിരന്തരമായ തലവേദന, വീടിന് വെളിയിലേക്കിറങ്ങുമ്പോൾ തലകറക്കം
- ഉറക്കക്കുറവ്, അവ്യക്തമായ ചിന്തകൾ
- വിട്ടുമാറാത്ത അസ്വസ്ഥതകളും ഉത്കണഠയും
- അമിതമായ തളർച്ച, ഊർജക്കുറവ്
ഇത്തരത്തിലുള്ള സൂചനകൾ നിങ്ങളുടെ ശരീരം പ്രകടിപ്പിച്ചുതുടങ്ങിയാൽ എത്രയും വേഗം ഡോക്ടറെ കാണുകയോ വ്യായാമത്തിന്റെ സ്ഥലവും സമയവും മാറ്റുകയോ ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ നിരീക്ഷണം.
തലച്ചോറിനെ എങ്ങനെ സംരക്ഷിക്കാം?
പരിക്കുകൾ ഒഴിവാക്കുക
- സൈക്കിൾ സവാരി, സ്കേറ്റിംഗ്, സ്കീയിംഗ് പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ നിർബന്ധമായും ഹെൽമെറ്റ് ധരിക്കുക.
- വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുക.
- വീടിനുള്ളിൽ തെന്നിവീഴാനോ തട്ടിവീഴാനോ സാധ്യതയുള്ള സാഹചര്യങ്ങൾ (ഉദാഹരണത്തിന്, പടിയിലെ തടസ്സങ്ങൾ, തെന്നുന്ന പരവതാനികൾ) ഒഴിവാക്കുക.
ശരിയായ വ്യായാമം തിരഞ്ഞെടുക്കുക
- തലച്ചോറിൻ്റെ പ്രവർത്തനത്തെ സഹായിക്കുന്ന തരത്തിലുള്ള വ്യായാമങ്ങൾ തിരഞ്ഞെടുക്കുക.
- ഏറോബിക് വ്യായാമങ്ങൾ (നടത്തം, ഓട്ടം, നീന്തൽ) രക്തയോട്ടം വർദ്ധിപ്പിക്കാനും തലച്ചോറിലെ കോശങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കും.
- വ്യായാമത്തിനിടെ N95 മാസ്ക് ഉപയോഗപ്പെടുത്തുക
- പതിവായി വ്യായാമം ചെയ്യുക, എന്നാൽ അമിതമായി ശരീരം തളർത്താതിരിക്കാനും ശ്രദ്ധിക്കുക.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക
- നല്ല ഉറക്കം: ദിവസവും 7-9 മണിക്കൂർ ഗുണമേന്മയുള്ള ഉറക്കം ഉറപ്പാക്കുക. ഇത് തലച്ചോറിന് വിശ്രമം നൽകുകയും പഴയ കോശങ്ങളെ നന്നാക്കുകയും ചെയ്യും.
- പോഷകാഹാരം: ഒമേഗ-3 ഫാറ്റി ആസിഡുകൾ (മത്തി, അയല പോലുള്ള മത്സ്യങ്ങൾ), പഴങ്ങൾ, പച്ചക്കറികൾ, നട്സ് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക.
- മാനസിക ഉണർവ്: പുതിയ കാര്യങ്ങൾ പഠിക്കുക, പുസ്തകങ്ങൾ വായിക്കുക, പസിലുകൾ കളിക്കുക. ഇത് തലച്ചോറിനെ സജീവമായി നിലനിർത്തും.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ദൻറെ ഉപദേശം തേടുക)
Adjust Story Font
16

