Quantcast

ഉറക്കത്തിന് മുൻപുള്ള സ്ക്രീൻടൈം; ആരോഗ്യമുള്ള ഉറക്കത്തിന് തടസമല്ലെന്ന് പഠനം

കുട്ടികളിലും കൗമാരക്കാരിലും ഉറക്കത്തിന് മുൻപുള്ള സ്ക്രീൻടൈം ആരോഗ്യകരമായ ഉറക്കത്തെ ബാധിക്കുമെന്ന് പഠനങ്ങളുണ്ടെങ്കിലും മുതിർന്നവരിലും അത് ബാധകമാണെന്ന് പറയാനാവില്ല

MediaOne Logo

Web Desk

  • Published:

    24 Nov 2025 7:27 PM IST

ഉറക്കത്തിന് മുൻപുള്ള സ്ക്രീൻടൈം; ആരോഗ്യമുള്ള  ഉറക്കത്തിന് തടസമല്ലെന്ന് പഠനം
X

ടോറൊണ്ടോ: രാത്രികാലങ്ങളിൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ദൂഷ്യവശങ്ങളെ കുറിച്ചുള്ള അമിതമായ മുന്നറിയിപ്പുകൾക്കിടയിലാണ് നമ്മൾ ജീവിക്കുന്നത്. പ്രത്യേകിച്ചും ഉറങ്ങുന്നതിന് തൊട്ടുമുൻപുള്ള ഫോൺ ഉപയോഗം ആരോഗ്യകരമായ ഉറക്കത്തെ ബാധിക്കുമെന്ന പഠനങ്ങൾ നമുക്കിടയിൽ സജീവമാണ്. എന്നാൽ രാത്രികാലങ്ങളിലെ ഫോൺ ഉപയോഗം അത്ര കുഴപ്പക്കാരനല്ല എന്നാണ് പുതിയ പഠനത്തിന്റെ കണ്ടെത്തൽ. കുട്ടികളിലും കൗമാരക്കാരിലും ഉറക്കത്തിന് മുൻപുള്ള സ്ക്രീൻടൈം ആരോഗ്യകരമായ ഉറക്കത്തെ ബാധിക്കുമെന്ന് പഠനങ്ങളുണ്ടെങ്കിലും മുതിർന്നവരിലും അത് ബാധകമാണെന്ന് പറയാനാവില്ല.

ടോറൊണ്ടോ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയും (TMU) യൂണിവേഴ്സിറ്റി ലാവലും നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ രാത്രികാല ശീലത്തിന്റെ മറ്റൊരു വശം മുന്നോട്ടു വെക്കുന്നു. കാനഡയിലുടനീളമുള്ള 1,000ത്തിലധികം മുതിർന്ന ആളുകളുടെ ഉറങ്ങുന്നതിന് മുൻപുള്ള സ്‌ക്രീൻ ഉപയോഗത്തെക്കുറിച്ചും ഉറക്കത്തിന്റെ ആരോഗ്യത്തെക്കുറിച്ചുമാണ് ഈ പഠനം. എല്ലാ രാത്രിയും ഫോൺ ഉപയോഗിക്കുന്നവർക്കും ഉപയോഗിക്കാത്തവർക്കും ഇടയിൽ മൊത്തത്തിലുള്ള ഉറക്കത്തിന്റെ ആരോഗ്യം ഒരുപോലെയാണെന്ന് ഈ പഠനം കണ്ടെത്തി. ആഴ്ചയിൽ കുറച്ച് രാത്രികൾ മാത്രം ഫോൺ ഉപയോഗിക്കുന്നവരിൽ നിന്നാണ് ഏറ്റവും മോശം ഉറക്കം ലഭിച്ചതെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഫോണുകളും മറ്റ് എൽഇഡി സ്‌ക്രീനുകളും പുറപ്പെടുവിക്കുന്ന നീല വെളിച്ചമാണ് ഉറക്കത്തിന് തടസമാകുന്നതെന്ന് മുൻ പഠനങ്ങളിൽ പറഞ്ഞിരുന്നു. ഉറക്ക ഹോർമോണായ മെലറ്റോണിന്റെ ഉത്പാദനത്തെ പരിമിതപ്പെടുത്തുന്നു എന്നും ചില ഗവേഷണങ്ങൾ ചൂണ്ടികാണിച്ചു. എന്നാൽ ഇത്തരം പഠനങ്ങളൊന്നും പ്രായം, സമയം, എക്സ്പോഷറിന്റെ തീവ്രത ഒന്നും കണക്കിലെടുക്കാതെ പൊതു പ്രസ്താവനകളെ ആശ്രയിച്ചു മാത്രമാണെന്ന് പുതിയ പഠനത്തിൽ ആരോപിക്കുന്നു. അതുകൊണ്ട് തന്നെ കുട്ടികളിലും കൗമാരക്കാരിലും അപകടമുണ്ടാകുന്ന സ്ക്രീൻടൈം അതേരീതിയിലല്ല മുതിർന്നവരിൽ പ്രവർത്തിക്കുന്നത്.

ഉറക്കത്തിന് മുൻപുള്ള അമിതമായ സ്ക്രീൻടൈം ആശങ്കകൾ ഉയർത്തുമ്പോൾ തന്നെ മുതിർന്നവരിലെ ഉറക്കകുറവിന്റെ പ്രധാനകാരണം സ്ക്രീൻടൈം എന്ന വിലനല്ല. വൈകിയുള്ള ഉറക്കം, കുറഞ്ഞ ഉറക്ക ദൈർഘ്യം, ഉറക്കമിലായ്മ എന്നിവ പോലുള്ള ഉറക്കത്തിലെ പ്രതിസന്ധികൾ മറ്റ് പല കാരണങ്ങളെ കൂടി ആശ്രയിച്ചുള്ളതാണ്. ഒരു വ്യക്തിയുടെ ആരോഗ്യകരമായ ഉറക്കത്തെ മൊത്തത്തിൽ പരിഗണിക്കുന്ന ഗവേഷണങ്ങളുടെ അഭാവമുള്ളതായും പഠനം ചൂണ്ടികാണിക്കുന്നു. ഉറക്കത്തിന് മുൻപുള്ള ഫോൺ ഉപയോഗം കുട്ടികളുടെയും കൗമാരക്കാരുടെയും ഉറക്ക ആരോഗ്യത്തെ ബാധിക്കുമെന്ന് നിഗമനം ചെയ്യാൻ മതിയായ ശാസ്ത്രീയ തെളിവുകൾ ഉണ്ടെങ്കിലും മുതിർന്നവരുടെ കാര്യത്തിലും അങ്ങനെയാണോ എന്നതിനെക്കുറിച്ച് പരസ്പരവിരുദ്ധമായ ഡാറ്റയാണുള്ളത്.


TAGS :

Next Story