Quantcast

വയോജന മന്ദിരങ്ങളെന്ന തണലിടങ്ങൾ

'വൃദ്ധസദനങ്ങൾ' എന്ന വിഷയം എവിടെ ചർച്ച ചെയ്യപ്പെടുമ്പോഴും നമ്മുടെ മനസ്സിൽ തെളിയുന്നത്, നമ്മുടെ സമൂഹം അത് ചർച്ച തുടങ്ങുന്നത് മക്കളാൽ ഉപേക്ഷിക്കപ്പെടുന്ന ഒരു ജയിലറ എന്ന ഒരു സങ്കൽപ്പം മുന്നിൽവെച്ചാകും. നമുക്ക് ചുറ്റും അത്തരം ചില അനുഭവങ്ങളും ഇല്ലെന്നല്ല. എന്നാൽ മാറിയ സാമൂഹിക ചുറ്റുപാടുകളിൽ വയോജന മന്ദിരങ്ങൾ നമ്മുടെ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം ഇന്ന് കുറച്ചുകൂടി വിശാലമായ തലത്തിൽ ചർച്ചക്ക് വിധേയമാക്കേണ്ടതുണ്ട് എന്ന് തോന്നുന്നു

MediaOne Logo
വയോജന മന്ദിരങ്ങളെന്ന തണലിടങ്ങൾ
X

നമ്മൾ ഓരോരുത്തരും ചിന്തിക്കുന്ന ഒരു കാര്യമാണ് നമ്മുടെ ജീവിതത്തിന്റെ സായാഹ്നം എങ്ങനെയായിരിക്കും എന്നത്. രോഗപീഢകൾ, ഒറ്റപ്പെടൽ, പരിചരിക്കുന്നവരുടെ വിഷമങ്ങൾ, നമ്മുടെ നിസ്സഹായത എന്നിങ്ങനെ പല രീതിയിലായിരിക്കും നമ്മളതിനെ നോക്കിക്കാണുന്നത്. എല്ലാവരാലും മടുത്തും ഉപേക്ഷിക്കപ്പെട്ടും ഏതെങ്കിലും വൃദ്ധസദനത്തിൽ എത്തപ്പെടുന്നത് വരെ ചില നേരങ്ങളിൽ നാം സങ്കൽപ്പിക്കും. അതിനെയോർത്ത് ഭീതിപ്പെടും.

'വൃദ്ധസദനങ്ങൾ' എന്ന വിഷയം എവിടെ ചർച്ച ചെയ്യപ്പെടുമ്പോഴും നമ്മുടെ മനസ്സിൽ തെളിയുന്നത്, നമ്മുടെ സമൂഹം അത് ചർച്ച തുടങ്ങുന്നത് മക്കളാൽ ഉപേക്ഷിക്കപ്പെടുന്ന ഒരു ജയിലറ എന്ന ഒരു സങ്കൽപ്പം മുന്നിൽവെച്ചാകും. നമുക്ക് ചുറ്റും അത്തരം ചില അനുഭവങ്ങളും ഇല്ലെന്നല്ല. എന്നാൽ മാറിയ സാമൂഹിക ചുറ്റുപാടുകളിൽ വയോജന മന്ദിരങ്ങൾ നമ്മുടെ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം ഇന്ന് കുറച്ചുകൂടി വിശാലമായ തലത്തിൽ ചർച്ചക്ക് വിധേയമാക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

'വയോജസൗഹൃദ സമൂഹം' എന്ന ആശയത്തിന് പിറകെയുള്ള എന്റെ കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള യാത്രകളിൽ പല വൃദ്ധസദനങ്ങളും സന്ദർശിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം കേരള സർക്കാരിന്റെ കീഴിൽ Social Justice Department നടത്തുന്ന കാസർഗോഡ് പരവനടുക്കം ഓൾഡ് ഏജ് ഹോമിൽ ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് പോകാൻ അവസരമുണ്ടായി. Asry Rehabilitation Center പ്രവർത്തകരും യംഗ് സീനിയേഴ്‌സ് ടീമും ഒത്തുചേർന്നാണ് ഇവിടെ സന്ദർശിച്ചത്. ജോലിയുമായി ബന്ധപ്പെട്ടും സ്വന്തം താത്പര്യപ്രകാരവും പലപ്പോഴും ഇത്തരം സ്ഥാപനങ്ങളുമായി ചേർന്നുപ്രവർത്തിക്കാൻ അവസരമുണ്ടാകാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വേറിട്ട, മനസ്സിനെ ആഴത്തിൽ തൊടുന്ന ഒരു സവിശേഷ അനുഭവമായിരുന്നു ഇവിടെ നിന്ന് ലഭിച്ചത്. ഈ മേഖലയെക്കുറിച്ച് എന്നിൽ പോലും രൂപപ്പെട്ടിരുന്ന പല മുൻ ധാരണകളെയും പൊളിച്ചു കളയുന്നതായിരുന്നു ഇവിടുത്തെ അന്തരീക്ഷവും ഇവിടുത്തെ മനുഷ്യരുടെ ജീവിതത്തിന്റെ താളവും. ഒരു ശാന്തികുടീരത്തിൽ വന്നെത്തിയ പ്രതീതി! സ്വർഗം എന്ന സങ്കല്പ്പത്തെ കണ്മുന്നിൽ തുറന്നുവെച്ചപോലെ മനുഷ്യർ മാലാഖമാരിലേക്ക് രൂപാന്തരം പ്രാപിച്ച പോലെ ഒരു സുന്ദരലോകം.

43 അന്തേവാസികളാണ് ഇവിടെയുള്ളത്. മക്കളാൽ ഉപേക്ഷിക്കപ്പെട്ടവർ, ദാരിദ്ര്യം മൂലം അഭയം തേടിവന്നവർ, ഉറ്റവരും ഉടയവരുമില്ലാത്തവർ, ജീവിതസായാഹ്നത്തിൽ പല കാരണങ്ങളാൽ ഒറ്റപ്പെട്ടുപോയവർ എന്നിങ്ങനെ പലതരത്തിലുള്ള പശ്ചാത്തലങ്ങളിൽ നിന്ന് വന്നെത്തിയവർ... എന്നാൽ എന്നെ ഏറെ ആശ്ചര്യപ്പെടുത്തിയത് അവിടെനിറഞ്ഞുനിൽക്കുന്ന പ്രശാന്തതയായിരുന്നു! ഒരു കുടുംബം പോലെ, അതിനപ്പുറം പരസ്പരം സ്‌നേഹിച്ചും പരിചരിച്ചും സന്തോഷം പങ്കിട്ടും ഒരു പുതിയ ജീവിതമാണ് അവർ നയിക്കുന്നത്. ഒരുപക്ഷെ കുടുംബാന്തരീക്ഷത്തിൽ പോലും അവർക്ക് ഇത്രമാത്രം ഇഴുകിച്ചേർന്ന് ജീവിക്കാനായിട്ടുണ്ടാകുമോ എന്ന് തോന്നിപ്പോകുന്ന രീതിയിൽ അവരുടെ ജീവിതം സ്‌നേഹത്തിന്റെ വിശുദ്ധനൂലുകളാൽ പരസ്പരം നെയ്തുചേർക്കപ്പെട്ടിരിക്കുന്നു.

ജീവിതസായാഹ്നത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെയാണ് അവർ കടന്നുപോകുന്നത്. ഇവിടുത്തെ ജീവനക്കാർ അന്തേവാസികളിൽ ഓരോരുത്തർക്കും അവരുടെ കുടുംബാംഗങ്ങൾ തന്നെയാണ്. സമയത്തിന് ഭക്ഷണം നൽകിയും വൈദ്യ പരിചരണം ആവശ്യമുള്ളവരെ സ്‌നേഹപൂർവ്വം പരിചരിച്ചും കൃത്യമായി മരുന്നുകൾ നൽകിയും ഇവരോടൊപ്പം ചേർന്നുനിൽക്കുകയാണ് അവർ. മക്കളോ പേരമക്കളോ എന്നതിലപ്പുറം കാവൽ മാലാഖമാരെപ്പോലെ അവർക്കു ചുറ്റും അവരൊരു സ്‌നേഹത്തിന്റെ സുരക്ഷാവലയം പോലെ പൊതിഞ്ഞുപിടിക്കുന്നുണ്ട്. അവരോടൊപ്പം സംസാരിച്ചും വൈദ്യ നിർദേശങ്ങൾ നൽകിയും പരിചരിച്ചും ചിലവഴിച്ച മണിക്കൂറുകൾ ഒട്ടും ഔപചാരികമായി അനുഭവപ്പെട്ടില്ല എന്നതാണ് സത്യം. പ്രിയപ്പെട്ട ഒരിടം വിട്ടുപോരുന്ന പോലെയാണ് ഞങ്ങളാ പടിയിറങ്ങിയത്.

ഈ സന്ദർശനം എന്റെ ഉള്ളിൽ പുതിയ ചില ചോദ്യങ്ങൾ ഉയർത്തുകയും മുമ്പുണ്ടായിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരമാവുക കൂടിയായിരുന്നു. അവ നമ്മുടെ സമൂഹം കൂടി ചർച്ചചെയ്യേണ്ടതുണ്ട് എന്ന് തോന്നലിൽ നിന്നാണ് ഈ കുറിപ്പ്.

വയോജന ജനസംഖ്യ ഉയർന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം അഭയകേന്ദ്രങ്ങൾ നമ്മോടു പറയുന്നതെന്താണ്? സമപ്രായക്കാരായ വയോജനങ്ങൾക്ക് ഒത്തുചേരാനുള്ള ഇത്തരം ഇടങ്ങൾ ചില നല്ല സന്ദേശങ്ങളും നൽകുന്നില്ലേ? ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളുടെ കേന്ദ്രങ്ങൾ മാത്രമാണോ ഇത്തരം ഇടങ്ങൾ? സുരക്ഷിതമായി, സന്തോഷകരമായി വയോജനങ്ങൾക്ക് ഒത്തുചേരാനും മനസ്സുതുറക്കാനും ഇത്തരം സ്ഥാപനങ്ങൾ രൂപകൽപ്പന ചെയ്യുന്നത് ഇക്കാലത്ത് ഒരു ആവശ്യമല്ലേ? മക്കൾ വിദേശത്തുള്ളവർ, പല പല ജോലികളിൽ തിരക്കേറിയ ജീവിതത്തിൽ മുഴുകുന്നവർ... വീടകങ്ങളിൽ ഒറ്റപ്പെട്ടുപോകുന്ന മുതിർന്നവർക്ക് അവരുടെ കൂടി ആവശ്യമെന്നു തോന്നുന്ന സന്ദർഭങ്ങളിൽ കുറച്ചുകൂടി വിശാലമായ ഒരു ലോകത്തെ കുറിച്ച് നാം ചിന്തിച്ചു തുടങ്ങേണ്ടതില്ലേ?

TAGS :
Next Story