സലാഡുകളിൽ തൈരും ഉള്ളിയും ചേർക്കാറുണ്ടോ?; നിങ്ങളുടെ പ്രിയപ്പെട്ട ഈ കോമ്പിനേഷൻ ചിലപ്പോള്‍ വില്ലനായേക്കാം..!
തൈരിൽ ധാരാളം പ്രോട്ടീനും പ്രോബയോട്ടിക്സും അടങ്ങിയിട്ടുണ്ട്

ഇന്ത്യൻ പാചകത്തില്‍ പ്രത്യേകിച്ച് കേരളീയ വിഭവങ്ങളിൽ ഒഴിവാക്കാനാവാത്ത രണ്ട് ചേരുവകളാണ് തൈരും ഉള്ളിയും. ബിരിയാണിക്കൊപ്പമുള്ള സലാഡായാലും കറികളിലെ രുചിക്കൂട്ടായാലും സവാളയും തൈരും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഭക്ഷണത്തിന് പ്രത്യേക രുചി നൽകുന്നതിനൊപ്പം ദഹനത്തിന് സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഭൂരിഭാഗം ആളുകളും തൈരും ഉള്ളിയും നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്.
എന്നാൽ, നാം ഏറെ ആസ്വദിച്ചു കഴിക്കുന്ന ഈ 'കോമ്പിനേഷൻ' ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തൈരിലെ പുളിപ്പും ഉള്ളിയിലെ സൾഫർ സംയുക്തങ്ങളും തമ്മിലുള്ള വൈരുദ്ധ്യം ചിലരിൽ ദഹനപ്രശ്നങ്ങൾക്ക് കാരണമായേക്കാം. രുചികരമെങ്കിലും, വിരുദ്ധാഹാരങ്ങളുടെ പട്ടികയിൽ ഈ കൂട്ടുകെട്ടിനെ ഉൾപ്പെടുത്താമോ എന്നതിനെക്കുറിച്ച് ആയുർവേദവും പോഷകാഹാരാവിദഗ്ധരും മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.
ഈ രണ്ട് ചേരുവകളും തമ്മിലുള്ള സംയോജനത്തെക്കുറിച്ചും അത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ദഹനപ്രശ്നങ്ങൾ
തൈരും ഉള്ളിയും ഒന്നിച്ചു കഴിക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന ആശങ്ക ദഹനാരോഗ്യത്തെ സംബന്ധിച്ചുള്ളതാണ്. പാല് തൈരാക്കുന്നത് ഫെർമെന്റേഷൻ വഴിയാണ്. ഭക്ഷണത്തിലെ ലാക്ടോസിനെയും മറ്റ് ഘടകങ്ങളെയും വിഘടിപ്പിക്കാൻ സഹായിക്കുന്ന പ്രോബയോട്ടിക്സുകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഉള്ളിയിൽ നാരുകളും സൾഫർ സംയുക്തങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ തൈരിലെ സങ്കീർണ്ണമായ ഫെർമെന്റേഷൻ പ്രക്രിയയെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് വയറിൽ അസ്വസ്ഥതകളുണ്ടാക്കാൻ കാരണമാകുന്നു.
ഗ്യാസ്ട്രബിളും അസിഡിറ്റിയും
വയറ്റിൽ ഗ്യാസ് ഉൽപ്പാദിപ്പിക്കാനും അസിഡിറ്റി വർധിപ്പിക്കാനും സാധ്യതയുള്ള സംയുക്തങ്ങൾ ഉള്ളിയിലുണ്ട്. നേരിയ തോതിൽ അമ്ലഗുണമുള്ള തൈരിനൊപ്പം ഇത് ചേരുമ്പോൾ ചില വ്യക്തികളിൽ വയർ വീർക്കുന്നതിനും ഗ്യാസിനും ദഹനക്കേടിനും ഇത് വഴിയൊരുക്കുന്നു.
രുചിയും മണവും
തൈരും ഉള്ളിയും ഒന്നിച്ച് ചേർക്കുന്നത് വിഭവത്തിന്റെ രുചിയെയും ഗുണത്തെയും ബാധിച്ചേക്കാം. ഉള്ളിക്ക് വളരെ തീക്ഷ്ണമായ രുചിയാണുള്ളത്. ഇത് തൈരിന്റെ സ്വാഭാവികമായ ക്രീമി രുചിയെ ഇല്ലാതാക്കാൻ സാധ്യതയുണ്ട്. തൽഫലമായി വിഭവത്തിന്റെ തനിമ നഷ്ടപ്പെട്ടേക്കാം.
ചർമ്മരോഗങ്ങൾ
ആയുർവേദമനുസരിച്ച് തൈര് തണുപ്പുള്ളതും ഉള്ളി ചൂടുള്ളതുമാണ്. വിരുദ്ധാഹാരമായ ഈ കൂട്ടുകെട്ട് ചർമ്മത്തിൽ അലർജി, ചൊറിച്ചിൽ, എക്സിമ അല്ലെങ്കിൽ സോറിയാസിസ് പോലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്ന് പറയപ്പെടുന്നു
വിദഗ്ദ്ധര്‍ പറയുന്നതിങ്ങനെ...
തൈരും ഉള്ളിയും പ്രത്യേകം കഴിക്കുമ്പോൾ ധാരാളം പോഷകഗുണങ്ങൾ നൽകുന്നവയാണ്. തൈരിൽ പ്രോട്ടീനും പ്രോബയോട്ടിക്സും അടങ്ങിയിരിക്കുമ്പോൾ, ഉള്ളി ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഈ കോമ്പിനേഷൻ കഴിക്കുമ്പോൾ നിങ്ങൾക്ക് ദഹനപ്രശ്നങ്ങൾ അനുഭവപ്പെടുന്നില്ലെങ്കിൽ മിതമായ അളവിൽ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നമുള്ളവർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
Adjust Story Font
16

