Quantcast

ഐസ് ക്യൂബിൽ മുഖം മുക്കുന്ന ട്രെൻഡിന് പിന്നാലെയാണോ? കാത്തിരിക്കുന്നത് എട്ടിന്റെ പണിയെന്ന് ചര്‍മ്മരോഗ വിദഗ്ധര്‍

ബോളിവുഡ് നടിമാരും ഇൻസ്റ്റഗ്രാം സെലിബ്രിറ്റികളും ചെയ്യുന്നത് കണ്ട് നിരവധി പേർ ഇത് അനുകരിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-12-03 08:58:38.0

Published:

3 Dec 2025 12:00 PM IST

ഐസ് ക്യൂബിൽ മുഖം മുക്കുന്ന ട്രെൻഡിന് പിന്നാലെയാണോ? കാത്തിരിക്കുന്നത് എട്ടിന്റെ പണിയെന്ന് ചര്‍മ്മരോഗ വിദഗ്ധര്‍
X

പുതുതലമുറയിലെ ഒട്ടുമിക്ക പേരും ഇന്ന് സ്‌കിൻ കെയർ ട്രെൻഡിന് പിന്നാലെയാണ്. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും തുറന്നാൽ സ്‌കിൻ കെയറുമായി ബന്ധപ്പെട്ട വിഡിയോകളാണ് കൂടുതലുമായി കാണുന്നത്. രാവിലെ എഴുന്നേറ്റ് ഐസ്‌ക്യൂബ് നിറച്ച പാത്രത്തിൽ മുഖം മുക്കുന്നതാണ് ഏറ്റവും പുതിയ ട്രെൻഡുകളിലൊന്ന്. ബോളിവുഡ് നടിമാരും ഇൻസ്റ്റഗ്രാം സെലിബ്രിറ്റികളും ചെയ്യുന്നത് കണ്ട് നിരവധി പേർ ഇത് അനുകരിക്കുന്നുണ്ട്. എന്നാൽ ഐസ് ക്യൂബിൽ മുഖം മുക്കുന്നത് എല്ലാവർക്കും അനുയോജ്യമല്ലെന്ന് ചർമ്മരോഗ വിദഗ്ധർ പറയുന്നു.

മുഖം തണുത്തവെള്ളത്തിലോ ഐസിലോ മുക്കുന്നത് മുഖത്തെ രക്തയോട്ടം വർധിപ്പിക്കും.അതുവഴി മുഖത്ത് തിളക്കം കൂടുന്ന പോലെ തോന്നുകയും ചെയ്യും. പക്ഷേ അത് അൽപ്പനേരത്തേക്ക് മാത്രമായിരിക്കും നിലനിൽക്കുക. മുഖക്കുരുകളും അതിന്റെ പ്രശ്നങ്ങളും ഉള്ളവരാണെങ്കിൽ അതിന്റെ ബുദ്ധിമുട്ട് കുറക്കാനും ഇത് സഹായിക്കും.എന്നാൽ പാത്രത്തിൽ നിറയെ ഐസ്‌ക്യൂബ് നിറച്ച് സ്ഥിരമായി മുഖം മുക്കുന്നത് ചർമ്മത്തിന് നിരവധി പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ജേണൽ സ്‌കിൻ റിസർച്ച് ആൻഡ് ടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

രക്തപ്രവാഹത്തെ ബാധിക്കുന്നു

മുഖം തണുത്ത വെള്ളത്തിൽ കൂടുതൽ നേരം വെക്കുന്നത് ആരോഗ്യകരമായ രക്തചംക്രമണത്തെ തടസ്സപ്പെടുത്തും. രക്തയോട്ടം കുറയുന്നത് മൂലം ചർമ്മത്തിന് ആവശ്യമായ ഓക്‌സിജനും പോഷകങ്ങളും ലഭിക്കാതിരിക്കാനും കാരണമാകും. കാലക്രമേണ, രക്തയോട്ടം കുറയുന്നത് മൂലം ചർമ്മത്തിന്റെ തിളക്കം മങ്ങുകയും ക്ഷീണിച്ചതുപോലെ തോന്നുകയും ചെയ്യും. കൂടാതെ മുഖക്കുരുവിന്റെ പാടുകൾ പോലുള്ള ചെറിയ ചർമ്മ പ്രശ്‌നങ്ങൾ സുഖപ്പെടുത്തുന്നതിനെ ഇത് മന്ദഗതിയിലാക്കും. അതുപോലെ ഇടക്കിടെ ഐസ് വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

ചർമ്മത്തെ കൂടുതൽ വരണ്ടതാക്കുന്നു

സ്ഥിരമായി തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് ചർമ്മത്തിലെ സ്വാഭാവികമായ എണ്ണമയം നീക്കം ചെയ്യുന്നു. ഇതുവഴി ചർമ്മത്തിന് അതിന്റെ പുറം സംരക്ഷണ പാളി നഷ്ടമാകുകയും ചെയ്യും. ഇത് ചർമ്മത്തെ കൂടുതൽ വരണ്ടതാക്കുകയും ചർമ്മം ഇറുകിയത് പോലെ തോന്നുകയും ചെയ്യും. മുഖം ചുവന്ന് തടിക്കുകയും ചെയ്യും. സെൻസെറ്റീവ് ചർമ്മമുള്ളവരാണെങ്കിൽ ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് ചുവപ്പ് വർധിപ്പിക്കുന്നതിന് കാരണമാകും. ഇത് ദീർഘകാലത്തെ അസ്വസ്ഥതക്കും ചർമ്മഘടനയെത്തന്നെ ബാധിക്കുകയും ചെയ്യും. ചർമ്മത്തിലെ ഈർപ്പത്തിന്റെ അളവ് കുറക്കുകയും കാലക്രമേണ മുഖത്തെ ജലാംശം കുറക്കുകയും ചെയ്യുമെന്ന് ചർമ്മരോഗ വിദഗ്ധർ പറയുന്നു.

അണുബാധക്ക് സാധ്യത

ചർമ്മത്തിലെ സ്വാഭാവികമായ എണ്ണമയം കുറക്കുക്കുന്നത് വഴി മുഖത്തെ സുഷിരങ്ങൾ അടയാൻ കാരണമാകുന്നു. ഇതുവഴി, ഉപരിതലത്തിലുള്ള ബാക്ടീരിയ,അഴുക്കുകള്‍, മാലിന്യങ്ങൾ എന്നിവ പുറത്തേക്ക് പോകാതെ അടഞ്ഞിരിക്കും. കൂടാതെ മുഖം മുക്കാൻ ഉപയോഗിക്കുന്ന വെള്ളമോ പാത്രമോ ശുദ്ധമല്ലെങ്കിൽ ബാക്ടീരിയകൾ മുഖത്തെ സുഷിരങ്ങളിൽ കുടുങ്ങുകയും അണുബാധക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും,പ്രത്യേകിച്ച് മുഖക്കുരുവുള്ളവർക്ക്. വൃത്തിഹീനമായ വെള്ളം ഉപയോഗിക്കുന്നതോ വൃത്തിയില്ലാത്ത കൈകൾ ഉപയോഗിച്ച് മുഖത്ത് തൊടുന്നതോ അപകടസാധ്യത കൂട്ടും. അതുകൊണ്ട് തന്നെ ശുചിത്വം ഉറപ്പാക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.

ചർമ്മം അടരാൻ കാരണമാകും

തണുത്തവെള്ളം ഇടക്കിടക്കോ ദീർഘനേരമോ ഉപയോഗിച്ചാൽ ചിലരുടെ മുഖത്തെ തൊലി അടർന്ന് പോകാൻ കാരണമായേക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് കണ്ണുകൾക്ക് താഴെയുള്ള വീക്കം കുറക്കാൻ സഹായിക്കുകയും പെട്ടന്നൊരു തിളക്കം തോന്നാനും സഹായിക്കും.എന്നാൽ ഒരിക്കലും ഇത് സ്ഥിരമായി ചെയ്യരുത്. ഒന്നോ രണ്ടോ സെക്കൻഡ് മാത്രം വേണമെങ്കിൽ ചെയ്യാവുന്നതാണ്. ഐസ് എടുക്കുന്ന പാത്രങ്ങളും കൈകകളും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക. ഏറ്റവും സുരക്ഷിതമായ മാർഗം ഐസ് ക്യൂബുകൾ മൃദുവായ തുണികളിൽ പൊതിഞ്ഞ് ചർമ്മത്തിൽ ഒന്നോ രണ്ടോ മിനിറ്റ് ഉരസിക്കൊടുക്കുന്നതാണ്.

TAGS :

Next Story